ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിൽ നേരിട്ട് പച്ചക്കറി സംഭരിക്കാനൊരുങ്ങി കൃഷിവകുപ്പ്

ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനൊരുങ്ങി കൃഷി വകുപ്പ്. ഇത്തരത്തിൽ ലഭിക്കുന്ന പച്ചക്കറി ഹോർട്ടി കേർപ്പ് മുഖേന കേരളത്തിൽ വിൽക്കുന്നതിന്റെ ഭാഗമായി ഈ മാസം എട്ടിന് സംസ്ഥാന കൃഷി വകുപ്പ് തമിഴ്‌നാടുമായി ധാരണപത്രം ഒപ്പിടും. ആദ്യ ലോഡ് അടുത്തയാഴ്ച സംസ്ഥാനത്ത് എത്തും. തെങ്കാശിയിൽ പച്ചക്കറി സംഭരണ കേന്ദ്രം തുടങ്ങുന്നതിന് തമിഴ്‌നാട് ഒരാഴ്ചത്തെ സാവകാശം തേടി. അതു വരെ തമിഴ്‌നാട്ടിലെ കാർഷികോത്പാദന കമ്പനികളുടെ കളക്ഷൻ സെന്ററുകളിൽ എത്തിയാണ് പച്ചക്കറി ശേഖരിക്കുക.

ധനലക്ഷ്മി ബാങ്ക് ചെയർമാൻ രാജിവച്ചു

ധനലക്ഷ്മി ബാങ്കിന്റെ പാർടൈം ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായി ഇക്കൊല്ലം ഫിബ്രവരിയിൽ ചുമതലയേറ്റ ജി സുബ്രഹ്‌മണ്യ അയ്യർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നു പറയുന്നുണ്ടെങ്കിലും പ്രമുഖ വ്യവസായി രവി പിളള, കെ.എൻ.മധുസൂദനൻ, പി.മോഹനൻ, ഡിഎൽ പ്രകാശ്, പി.കെ.വിജയകുമാർ എന്നിവർക്ക് ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് മത്സരിക്കാൻ അവസരം നിക്ഷേധിച്ചതിനെ തുടർന്ന് ഈയിടെ ഉണ്ടായ അസ്വാരസ്യങ്ങളും രാജിയിലേക്ക് നയിച്ചുവെന്ന സൂചനയുണ്ട്. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കാർ വില കൂടും

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം കാർ വില ഉയർത്തുമെന്ന് മൂന്ന് കമ്പനികൾ. മാരുതി സുസുകി കാറുകളുടെ വില അടുത്തമാസം ഉയർത്തുമെന്ന് കമ്പനി അറിയിച്ചു. ഓരോ മോഡലിന്റെയും വില വർധന എത്രയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ചില മോഡലുകളുടെ വില രണ്ട് ശതമാനം ജനുവരി ഒന്നിന് ഉയർത്തുമെന്ന് മെഴ്‌സീഡസ് ബെൻസ് ഇന്ത്യ അറിയിച്ചു. ഔഡി എല്ലാ മോഡലുകളുടെയും വില മൂന്ന് ശതമാനം ഉയർത്തുമെന്നറിയിച്ചു.

മൂന്നാം ദിവസവും വിപണികൾ ഉണർവിൽ: നിഫ്റ്റി 17,450 ന് മുകളിൽ

മൂന്നാമത്തെ ദിവസവും വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്‌സ് 206 പോയന്റ് നേട്ടത്തിൽ 58,667 ലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 17,461 ലുമാണ് വ്യാപാരം ആരംഭിച്ചത്. എൽ ആൻഡ് ടി, ആക്‌സിസ് ബാങ്ക് ,കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. നെസ് ലെ ,ഹിൻഡാൽകോ, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്‌സ് ,ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

ക്രിപ്‌റ്റോ കറൻസി നിരോധിച്ചേക്കില്ല: സെബിക്ക് കീഴിൽ കൊണ്ടു വന്നേക്കും

ക്രിപ്‌റ്റോ കറൻസി നിരോധിക്കുന്നതിന് പകരം ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിന് കീഴിൽ കൊണ്ടു വന്നേക്കും. നിർദ്ദിഷ്ട നിയമപ്രകാരം ക്രിപ്‌റ്റോകറൻസിയെ ക്രിപ്‌റ്റോ അസറ്റ് ആയി പുനർനാമകരണം ചെയ്ത് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് സാധ്യത.

ഐഎംഎഫ് തലപ്പത്തേക്ക് ഗീത ഗോപിനാഥ്

രാജ്യാന്തര നാണ്യ നിധി ഡപ്യൂട്ടി മാനേജിങ്ങ് ഡയറക്ടറായി മലയാളിയായ ഗീത ഗോപിനാഥ് ചുമതലയേൽക്കും. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഗീത ഗോപിനാഥ്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ആണ് നിലവിൽ ഗീത ഗോപിനാഥ്. നിലവിലെ ഡപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ ജ്യോഫ്‌റി ഒകമോട്ടോ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പദവിയിലേക്ക് ഗീത എത്തുന്നത്. അടുത്ത വർഷം ആദ്യത്തോടെ ചുമതലയേൽക്കും.

സ്വർണ്ണ വില കുറഞ്ഞു: ഇന്ന് പവന് 35,560

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 35,560 ലെത്തി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4445 ലെത്തി. ഇന്നലെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ബുധാനാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *