ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

പെട്രോൾ ജിഎസ്ടിയ്ക്ക് പുറത്തായതിൽ ഹൈക്കോടതിയിക്ക് അതൃപ്തി

പകർച്ചവ്യാധി സാഹചര്യം ഉൾപ്പടെയുളള കാരണങ്ങളാൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്ന ജിഎസ്ടി കൗൺസിലിന്റെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇക്കാര്യത്തിൽ ചർച്ചകൾ വേണമെന്നും പകർച്ചവ്യാധി സാഹചര്യം കാരണമായി കാണിക്കരുതെന്നും സത്യസന്ധമായ കാരണങ്ങൾ കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.

16,17 തീയതികളിൽ ബാങ്ക് പണിമുടക്ക്

ഡിസംബർ 16,17 തീയതികളിൽ ബാങ്ക് പണിമുടക്ക്. 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട് പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുളള ശുപാർശയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐഡിബിഐ ബാങ്കിനെ സർക്കാർ സ്വകാര്യവത്ക്കരിച്ചു. ബാങ്കിങ്ങ് നിയമഭേദഗതികൾ പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ കൊണ്ടുവരാൻ പോകുന്നു എന്നതും ബാങ്ക് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നു.

എയർ ഇന്ത്യ ഏറ്റെടുക്കലോടെ സിയാലിലും ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ എയർ ഇന്ത്യയ്ക്ക് കൊച്ചി വിമാനത്താവളത്തിൽ മൂന്ന് ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എയർ ഇന്ത്യയെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാകുന്തോടെ ഈ ഓഹരി പങ്കാളിത്തം ടാറ്റ ഗ്രൂപ്പിൽ വന്നു ചേരുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരിയോടെ നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം.

സെൻസെക്‌സിൽ 776 പോയന്റിന്റെ കുതിപ്പ്: നിഫ്റ്റി 17,400 ന് മുകളിൽ

ഡിസംബറിലെ രണ്ടാമത്തെ ദിവസവും വിപണിയിൽ കുതിപ്പ്. ദിനവ്യാപാരത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് വിപണി ക്ലോസ് ചെയ്തത്. ഐടി ധനകാര്യ ഓഹരികളിലെ മുന്നേറ്റമാണ് വിപണി നേട്ടമാക്കിയത്. സെൻസെക്‌സ് 776.50 പോയന്റ് ഉയർന്ന് 58,461. 29 ലും നിഫ്റ്റി 234.80 പോയന്റ് നേട്ടത്തിൽ 17,401 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്‌സി നാലു ശതമാനം ഉയർന്ന് 2,810 നിലവാരത്തിലെത്തി. പവർഗ്രിഡ് കോർപ്, സൺ ഫാർമ, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളും നേട്ടത്തിൽ മുന്നിലെത്തി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *