ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണ വില കുറഞ്ഞു: ഇന്ന് പവന് 35,880

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4485 ലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ തുടക്കം മുതൽ 16 വരെ സ്വർണ്ണ വില ഉയരുന്നതായിരുന്നു ട്രെൻഡ്. 16 ന് 36,920 രൂപ രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയതിന് ശേഷമാണ് സ്വർണ്ണ വില താഴാൻ തുടങ്ങിയത്. രണ്ടാഴ്ചക്കിടെ 1040 രൂപയാണ് കുറഞ്ഞത്. ഓഹരിവിപണികളിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വർണ്ണ വിലയിൽ പ്രതിഫലിക്കുന്നത്.

കുതിച്ചുയർന്ന് വിപണി: നിഫ്റ്റി വീണ്ടും 17,100 പിന്നിട്ടു

കഴിഞ്ഞയാഴ്ചയിലെ നഷ്ടത്തിൽ നിന്ന് നേട്ടം തിരിച്ചുപിടിച്ച് വിപണി. വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകളിൽ നേട്ടം. നിഫ്റ്റി 17,100 ന് മുകളിലെത്തി. സെൻസെക്‌സ് 287 പോയന്റ് നേട്ടത്തിൽ 57,548 ലും നിഫ്റ്റി 84 പോയന്റ് ഉയർന്ന് 17,138 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടാറ്റാ മോട്ടോഴ്‌സ്, ടൈറ്റാൻ കമ്പനി, എസ്ബിഐ, കോൾ ഇന്ത്യ,ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

റിസർവ് ബാങ്ക് നിലപാടിനെതിരെ പ്രതിരോധം തീർക്കും : മന്ത്രി വാസവൻ

സഹകരണ മേഖലയെ ദോഷകരമായി ബിധിക്കുന്ന റിസർവ് ബാങ്ക് നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിരോധം തീർക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. സഹകാരികളുടെയും സഹകരണ സംഘം യൂണിയൻ പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആർബിഐ ഇറക്കിയ പരസ്യത്തിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ വിപുലമായ പ്രചരണം സംഘടിപ്പിക്കും.സജീവമായ ഇടപെടലിനായി എംപിമാരുമായി ആശയവിനിമയം നടത്തും.

സെൻട്രൽ ഇലക്ട്രോണിക്‌സ് ഓഹരി വിറ്റഴിച്ചു

കേന്ദ്ര പൊതുമേഖല സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്‌സ് ലിമിറ്റഡിനെ നന്ദൽ ഫിനാൻസ് ആൻഡ് ലീസിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് വിൽക്കാനുളള തീരുമാനത്തിന് സർക്കാർ അനുമതി. 210 കോടി രൂപയ്ക്കാണു വിൽപ്പന. നടപടി മാർച്ചോടെ പൂർത്തിയാകും. എയർ ഇന്ത്യയിലെ സർക്കാർ ഓഹരികൾ ടാറ്റാ ഗ്രൂപ്പിന് വിറ്റ രീതിയിലാണ് ഇതും നടക്കുന്നത്.

80.3 ടൺ പച്ചക്കറി കൂടി വിപണിയിലേക്ക്

പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നു കൂടുതൽ പച്ചക്കറികൾ കേരളത്തിലെത്തിച്ചു.ഇന്നലെ 80.3 ടൺ പച്ചക്കറിയാണ് എത്തിയത്. ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ വിൽപ്പന ശാലകളിലൂടെ കൈമാറി. ഒരാഴ്ചയ്ക്കകം 243.8 ടൺ പച്ചക്കറിയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചത്.

റിലയൻസ് ക്യാപിറ്റലിന്റെ ഭരണം ഏറ്റെടുത്ത് റിസർവ് ബാങ്ക്

അനിൽ അംബാനി പ്രമോട്ടറായുളള ബാങ്ക് ഇതര ധനസ്ഥാപനമായ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിന്റെ ഭരണം റിസർവ് ബാങ്ക് ഏറ്റെടുത്തു. ബാങ്ക് ഓഫ് മഹാരാഷ്ട്ര മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ നാഗേശ്വർ റാവുവിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റ്‌സി കോഡ് പ്രകാരമുളള കടബാധ്യത നിവാരണ നടപടികൾ ഉടൻ ആരംഭിക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

നവംബറിൽ ആശ്വാസമായി ഇന്ധനവില: 27 ദിവസമായി മാറ്റമില്ല

ഈ മാസം മൂന്നിന് കേന്ദ്രസർക്കാർ പെട്രോൾ,ഡീസൽ എക്‌സൈസ് നികുതി കുറച്ച ശേഷം തുടർച്ചയായ 27 ദിവസം ഇന്ധന വിലയിൽ മാറ്റമില്ല. രാജ്യാന്തര വിപണിയിൽ ഇതിനിടയ്ക്ക് പല വട്ടം ഏറ്റകുറച്ചിലുകളുണ്ടായിട്ടും രാജ്യത്ത് വിലയിൽ പ്രതിഫലിച്ചിട്ടില്ല. കരുതൽ ശേഖരം വിപണിയിലിറക്കാൻ ഇന്ത്യയടക്കമുളള രാജ്യങ്ങൾ തീരുമാനിച്ചപ്പോൾ ക്രൂഡ് ഓയിൽ വില കൂടിയെങ്കിലും ഒമിക്രോൺ ഭീതി കാരണം വെളളിയാഴ്ച 10 ഡോളറോളം ഇടിഞ്ഞിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *