ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ടൈകോൺ സംരംഭകത്വ സമ്മേളനം

ടൈകോൺ സംരംഭകത്വ സമ്മേളനം 25 മുതൽ27 വരെ കൊച്ചി ഹോട്ടൽ മാരിയറ്റിൽ നടക്കും. മഹാമാരിക്കിടയിലും എന്ന പ്രമേയവുമായാണ് സമ്മേളനം നടക്കുന്നത്. 25 ന് വൈകീട്ട് ആറിന് ഹോട്ടൽ മാരിയറ്റിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. 27 നു രാത്രി ഏഴിന് സമാപന സമ്മേളനത്തിൽ തമിഴ്‌നാട് മന്ത്രി പിടിആർ പളനിവേൽ ത്യാഗരാജൻ പങ്കെടുക്കു. 200 പ്രതിനിധികൾ നേരിട്ടും 1000 പ്രതിനിധികൾ ഓൺലൈനിലും പങ്കെടുക്കുന്ന ഹൈബ്രിഡ് പ്ലാറ്റ് ഫോമിലാണ് സമ്മേളനം. കോവിഡാനന്തര കാലത്തെ ബിസിനസ്സ് അവസരങ്ങൾ, സ്റ്റാർട്ടപ്പ് സാധ്യതകൾ, ബിസിനസ്സ് പുനർ നിർമ്മാണം, പുതിയ മാർക്കറ്റിങ്ങ് തന്ത്രങ്ങൾ നിക്ഷേപ സാധ്യതകൾ അനുയോജ്യമായ സാങ്കേതിക വിദ്യകൾ എന്നിവയെ കുറിച്ചുളള ചർച്ചകൾ നടക്കും.

ഓഹരി വിപണിയിൽ തകർച്ച : നിഫ്റ്റി 17,300 ന് താഴെ

രണ്ടാം ദിവസവും വിപണിയിൽ വൻ തകർച്ച. നിഫ്റ്റി 17,300 ന് താഴെയെത്തി. ആഗോള വിപണിയിൽ നിന്നുളള പ്രതികൂല ഘടകങ്ങളാണ് വിപണിയെ ബാധിച്ചത്. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതും വിപണിയിൽ സമ്മർദ്ദമുണ്ടാക്കി. സെൻസെക്‌സ് 568 പോയന്റ് താഴ്ന്ന് 57,897 ലും നിഫ്റ്റി 167 പോയന്റ് നഷ്ടത്തിൽ 17,249 ലുമാണ് വ്യാപാരം ആരംഭിച്ചത്. റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ്, മാരുതി സുസുകി, ഐടിസി, എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ടാറ്റ സ്റ്റീൽ, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

കയർ പിരി സംഘങ്ങൾക്കു ചകിരി വാങ്ങുന്നതിനുളള നിയന്ത്രണം ഒഴിവാക്കി

കയർപിരി സംഘങ്ങൾക്ക് ചകിരി വാങ്ങുന്നതിനുളള നിയന്ത്രണം ഒഴിവാക്കിയതായി മന്ത്രി പി.രാജീവ്. കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ചെറുകിട ഉല്പാദകരെയും കയർപിരി സംഘം പ്രതിനിധികളെയും പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിദേശ ഓർഡർ ലഭിക്കുന്നതിനു കയറ്റുമതി വ്യവസായികളുടെ യോഗം വിളിക്കാൻ കയർ കോർപ്പറേഷനു മന്ത്രി നിർദ്ദേശം നൽകി. മാളുകളിൽ കയർ കോർപ്പറേഷന്റെ സ്റ്റാളുകളും തുറക്കും. പുതിയ കാലത്ത് ആവശ്യമായ ഉൽപ്പന്നങ്ങൾ ഏതെന്നു കണ്ടെത്താൻ സർവേ നടത്താൻ കയർ കോർപ്പറേഷനെ ചുമതലപ്പെടുത്തി.

സ്വർണ്ണ വിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ ഇടിവ്. പവന് 560 രൂപയാണ് താഴ്ന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 36,040 രൂപ. ഗ്രാം വില 70 രൂപ കുറഞ്ഞ് 4505 ലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 36,600 രൂപയായിരുന്നു ശനിയാഴ്ച മുതൽ പവൻ വില. ഈ മാസം ആദ്യ ആഴ്ചയിൽ സ്വർണ്ണ വില 35,640 ൽ എത്തിയിരുന്നു. ഇതാണ് മാസത്തെ കുറഞ്ഞ വില. തുടർന്ന വർധന രേഖപ്പെടുത്തിയ വില മാസത്തിന്റെ മധ്യത്തിൽ 36,920 രൂപ വരെ എത്തിയിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *