ഇരുചക്ര വാഹനവിൽപ്പന ഇടിയുന്നു:കാരണം ഇതാണ്

ഇരുചക്ര വാഹനവിൽപ്പന ഇടിയുന്നു:കാരണം ഇതാണ്

രാജ്യത്തെ ഇരുചക്ര വാഹനവിൽപ്പനയിൽ ഇടിവെന്ന് റിപ്പോർട്ട്. ഒക്ടോബറിലെ വാഹന വിൽപ്പന കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
രാജ്യത്തെ ആറ് പ്രധാന ഇരുചക്രവാഹന നിർമ്മാതാക്കളുടെ വിൽപ്പന ഡാറ്റ പ്രകാരം, 2021 ഒക്ടോബറിൽ, മൊത്തം 14,77,313 യൂണിറ്റുകൾ വിറ്റതായി ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2020 ഒക്ടോബറിൽ 19,85,690 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണിത്. വിൽപ്പനയിൽ 26 ശതമാനത്തിൻറെ വാർഷിക ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് കണക്കുകൾ.

തുടർച്ചയായി കുതിച്ചുയരുന്ന പെട്രോൾ വില രാജ്യത്തുടനീളം ലിറ്ററിന് 100 രൂപ കടന്നതാണ് ഈ വിൽപ്പന തകർച്ചയുടെ മുഖ്യ കാരണമായി കണക്കാക്കുന്നത്. സാധാരണഗതിയിൽ നിർമ്മാതാക്കൾക്ക് മികച്ച വരുമാനം നൽകുന്ന വിഭാഗമാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മാർക്കറ്റ്. ഈ വാഹനങ്ങൾ വാങ്ങുന്നവരിൽ നല്ലൊരു പങ്കും ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ കുതിച്ചുയരുന്ന ഇന്ധനവിലയുടെ ചൂട് ഈ മാർക്കറ്റിനെ കാര്യമായി ബാധിച്ചെന്നാണ് കരുതുന്നത്.

നിലവിൽ രാജ്യത്തെ ഇരുചക്രവാഹന വിപണിയുടെ 35 ശതമാനം വിഹിതമുള്ള ഹീറോ മോട്ടോകോർപ്പ്, കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ 5,27,779 യൂണിറ്റുകൾ വിറ്റു. 2020 ഒക്ടോബറിൽ 7,91,137 ആയിരുന്നു വിറ്റത്. ഇതോടെ കമ്പനി വാർഷിക അടിസ്ഥാനത്തിൽ 33 ശതമാനം വിൽപ്പന ഇടിവ് രേഖപ്പെടുത്തി എങ്കിലും കഴിഞ്ഞ മാസം 22,317 യൂണിറ്റുകൾ വിറ്റഴിച്ച് പ്രതിമാസ വളർച്ചയിൽ നാല് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി എന്നത് അൽപ്പം ആശ്വാസത്തിന് ഇട നൽകുന്ന കാര്യമാണ്.

മൊത്തം 3,94,623 യൂണിറ്റ് വിറ്റ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ കഴിഞ്ഞ മാസം 20 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 ഒക്ടോബറിൽ 4,94,459 എണ്ണമായിരുന്നു വിറ്റത്. കമ്പനിയുടെ പ്രതിമാസ വിൽപ്പനയും മെച്ചപ്പെട്ടില്ല. 2021 സെപ്റ്റംബറിൽ 4,63,379 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. 15 ശതമാനത്തിൻറെതാണ് ഇടിവ്.

14.24 ശതമാനം വിപണി വിഹിതമുള്ള മൂന്നാം സ്ഥാനക്കാരായ ടിവിഎസ് മോട്ടോർ കമ്പനി കഴിഞ്ഞ മാസം മൊത്തം 2,58,777 യൂണിറ്റുകൾ രാജ്യത്ത് വിറ്റു. 2020 ഒക്ടോബറിൽ 3,01,380 എണ്ണം ആയിരുന്നു വിറ്റത്. വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം ഇടിവ് . എന്നാൽ 2021 സെപ്റ്റംബറിലെ 2,44,084 യൂണിറ്റുകളുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ പ്രതിമാസ വിൽപ്പന ആറ് ശതമാനം ഉയർന്നു.
ബജാജ് ഓട്ടോ, റോയൽ എൻഫീൽഡ്, സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ എന്നിവയുടെ വിൽപ്പനകളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *