തെങ്ങുകൃഷിയിൽ വിളവും വരുമാനവും കൂട്ടാനിതാ ചില വഴികൾ

തെങ്ങുകൃഷിയിൽ വിളവും വരുമാനവും കൂട്ടാനിതാ ചില വഴികൾ

കേരളത്തിലെ തെങ്ങു കൃഷി ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും ഈ മേഖലയിൽ മികച്ച സാധ്യതകൾ ഉണ്ട്. ഉൽപ്പാദനം കുറഞ്ഞ തെങ്ങുകൾ വെട്ടി മാറ്റി മികച്ച ഇനങ്ങൾ നട്ടുപിടിപ്പിക്കുകയാണ് ആദ്യം കർഷകർ ചെയ്യേണ്ടത്. സ്വന്തം ആവശ്യമനുസരിച്ചു വേണം ഇനങ്ങൾ തിരഞ്ഞെടുക്കേണ്ടത്. കുറിയ ഇനം തെങ്ങുകളോട് കേരളത്തിലെ കർഷകർക്ക് താത്പര്യം കൂടിയിട്ടുണ്ട്. എന്നാൽ ഇവ ഇളനീരിനും പറ്റിയവയെങ്കിലും കൊപ്രയാക്കി വെളിച്ചെണ്ണ ഉൽപ്പാദനത്തിന് യോജ്യമല്ല.

ശരാശരി മൂന്നാം വർഷം കായ്ച്ച് തുടങ്ങുന്ന കുറിയ ഇനങ്ങൾക്ക് ആയുർ ദൈർഘ്യം കുറവാണ്. അതേ സമയം നെടിയ ഇനങ്ങൾ ആറാം വർഷമേ കായ്ച് തുടങ്ങുകയുളളു എന്നാൽ ആയുസ് കൂടുതൽ ലഭിക്കും. തേങ്ങ കൊപ്രയ്ക്കും വീട്ടാവശ്യത്തിനും ഏറ്റവും യോജ്യം. സങ്കരയിനങ്ങൾക്കും നെടിയ ഇനങ്ങളുടെ ഗുണമുണ്ട്.

മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് മറ്റൊരു വഴി. ഇത്തരത്തിൽ തോട്ടങ്ങളിലെ തേങ്ങ ഉൽപ്പാദനം മെച്ചപ്പെടുത്താം. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കണം സംയോജിത വളപ്രയോഗം. പ്രാഥമിക മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും തെങ്ങിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. മണ്ണിൽ ആവശ്യമായ മൂലകങ്ങൾ വളപ്രയോഗത്തിലൂടെ നൽകുന്നതിനൊപ്പം മണ്ണിലെ ജൈവാംശം ഉയർത്തുകയും വേണം.

കേരളത്തിലെ തോട്ടങ്ങളിലെ മണ്ണിൽ അമ്ലത കൂടുതലാണ്. അതിനാൽ ഒരു തെങ്ങിന് ഒരു കിലോ കുമ്മായം,ഡോളമൈറ്റ്, രാസവളങ്ങൾ നൽകുന്നതിന് ഒരാഴ്ച മുൻപ് നൽകണം. മഗ്നീഷ്യത്തിന്റെയും ,ബോറോണിന്റെയും അഭാവം പരിഹരിക്കുന്നതിന് മഗ്നീഷ്യം സൾഫേറ്റ് 500 ഗ്രാം ബോറോക്‌സ് 100 ഗ്രാം എന്നിങ്ങനെ നൽകുക. വർഷത്തിൽ രണ്ടു തവണ എന്ന രീതിയിൽ രാസവളപ്രയോഗം നടത്തണമെന്നാണ് വിദ്ഗ്ധർ ചൂണ്ടികാണിക്കുന്നത്.

കാലവർഷത്തിന്റെ അവസാനത്തോടെ തടം തുറന്ന് ജൈവവളം ചേർത്ത് കൊടുക്കണം. ഒരു തെങ്ങിന് 50 കിലോ ജൈവവളമെങ്കിലും നൽകേണ്ടി വരും. രോഗമെന്തെന്നും കീടമെന്തെന്നും തിരിച്ചറിഞ്ഞ് തെങ്ങുകളിൽ രോഗ കീട രോഗ നിയന്ത്രണം നടത്തണം. തെങ്ങിൻ തൈ നടുന്നതു മുതൽ പരിചരണവും ശ്രദ്ധയും നൽകണം. കൊമ്പൻ ചെല്ലിയാണ് തെങ്ങുകളുടെ പ്രധാന ശത്രു.ഇതിന് ഫലപ്രദമായ നിയന്ത്രണ മാർഗങ്ങളുണ്ട്. അത് പ്രയോഗിക്കേണ്ടത് ആവശ്യമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *