ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ടെലികോം കമ്പനികൾക്ക് ബാങ്ക് ഗ്യാരന്റി ഇളവ്

ടെലികോം കമ്പനികളുടെ ലൈസൻസിനുളള ബാങ്ക് ഗ്യാരന്റിയിൽ 80 ശതമാനം ഇളവ് നൽകി ടെലികോം വകുപ്പ് ഉത്തരവിറക്കി. വൻ പ്രതിസന്ധിയിലായ ടെലികോം കമ്പനികൾക്ക് പണലഭ്യത ഉറപ്പാക്കുന്നതിനാണ് കേന്ദ്ര മന്ത്രിസഭ ഇളവ് നൽകിയത്. 220 കോടി രൂപയാണ് മുൻപ് ബാങ്ക് ഗാരന്റി നൽകേണ്ടിയിരുന്നത്. ഇനിയത് 44 കോടി മതിയാകും.

ക്രൂഡ് ഓയിൽ വില കുതിക്കുന്നു,ഒപ്പം ഇന്ധന വിലയും റെക്കോർഡിൽ

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. നാല് ദിവസമായി ബാരലിന് 80 ഡോളറിന് മുകളിൽ തുടരുന്ന ക്രൂഡ് ഓയിൽ വില 82.93 ഡോളറായി ഉയർന്ന ശേഷം ഇന്നലെ 80.21 ഡോളറിലേക്ക് താഴ്്ന്നു. കഴിഞ്ഞ മാസം ഇത് 72 ഡോളറായിരുന്നു. രാജ്യത്ത് ഇന്ധന വില റെക്കോർഡിലെത്തി. മെട്രോ നഗരങ്ങളിൽ ഇതുവരെയുളളതിൽ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ. നിലവിൽ ഉൽപ്പാദനം കൂട്ടേണ്ടതില്ല എന്ന പെട്രോളിയം ഉൽപ്പാദക രാജ്യങ്ങളുടെ തീരുമാനവും ഇന്ത്യ ഉൾപ്പടെയുളള രാജ്യങ്ങളിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ആവശ്യം കൂടിയതുമാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണം.

സ്വർണ്ണവില കൂടി: ഇന്ന് പവന് 35,120

സംസ്ഥാനത്ത് സ്വർണ്ണ വില വർധിച്ചു.പവന് 80 രൂപ കൂടി 35,120 ആയി. ഗ്രാമിന് 10 രൂപ കൂടി 4390 ലുമാണ് വ്യാപാരം. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് ഔൺസിന് 1765.04 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,910 നിലവാരത്തിലാണ്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില സ്ഥിരത പ്രകടിപ്പിച്ചതാണ് വിപണിയിലെ കുതിപ്പിന് പിന്നിലെ കാരണം.

സെൻസെക്‌സ് 260 പോയന്റ് നേട്ടത്തോടെ തുടക്കം

തുടർച്ചയായ അഞ്ചാം ദിവസവും സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. വരാനിരിക്കുന്ന ആർബിഐ പണനയത്തിൽ നിക്ഷേപകർ പ്രതീക്ഷ വച്ചതാണ് വിപണിയിലെ കുതിപ്പിന് പിന്നിലെ കാരണം. നിഫ്റ്റി 17,850 പിന്നിട്ടു. സെൻസെക്‌സ് 260.83 പോയന്റ് ഉയർന്ന് 59,938.66 ലും നിഫ്റ്റി 85.60 പോയന്റ് ഉയർന്ന് 17,875 ലുമാണ് വ്യാപാരം ആരംഭിച്ചത്.ടാറ്റാ സ്റ്റീൽ,എൽആൻഡി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, മാരുതി, പവർഗ്രിഡ്, റിലയൻസ്, ടൈറ്റാൻ, ബജാജ് ഫിൻസർവ്, ഐടിസി, ഏഷ്യൻ പെയിന്റ്, ആക്‌സിസ് ബാങ്ക്, ഭാരതി,എയർടെൽ, കൊട്ടക് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലെവർ, എച്ചഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ആമസോണിൽ ഇന്ന് പ്രൈം ഫ്രൈഡേ ഡീൽ: ആനുകൂല്യങ്ങളുടെ പെരുമഴ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രൈം മെമ്പേഴ്‌സിന് ആമസോൺ ഇന്ന് വമ്പൻ ഓഫറുകൾ ഒരുക്കിയിരിക്കുന്നു. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായുളള ഡിസ്‌ക്കൗണ്ടുകൾക്കു ക്യാഷ് ബാക്ക് ഓഫറും, മറ്റ് മികച്ച ഡീലുകളും അവതരിപ്പിച്ചിട്ടുണ്ട്. എച്ചഡിഎഫ്‌സി നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌ക്കൗണ്ട് ആമസോൺ പേ യുപിഐയുടെ 10 ശതമാനം പേ ബാക്ക് തുടങ്ങിയവയ്ക്ക് പുറമെ മികച്ച ഉൽപ്പന്നങ്ങൾക്കെല്ലാം എക്‌സ്‌ചേഞ്ച് ഓഫറും മറ്റ് ഒട്ടനവധി ഓഫറുകളും ഇന്ന് ലഭിക്കും. ആമസോൺ ഫാഷൻ വിഭാഗത്തിൽ പ്രൈം ഫ്രൈഡേയിൽ 80 ശതമാനം വരെ ഓഫർ അവതരിപ്പിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *