മലയാളിയുടെ ബാധ്യത 55000 രൂപ; കടംപെരുകി കേരളം

മലയാളിയുടെ ബാധ്യത 55000 രൂപ; കടംപെരുകി കേരളം

സംസ്ഥാനം കടത്തിന് മേലെ കടമെടുത്തപ്പോൾ ഓരോ മലയാളിയുടെയും കടം 55000 രൂപയായി വർധിച്ചു. കഴിഞ്ഞ ഒന്നര വർഷമായി സംസ്ഥാനം ഒരു ദിവസമെടുക്കുന്ന ശരാശരി വായ്പ 100 കോടി രൂപയാണ്
സംസ്ഥാനത്തിന് വരുമാനത്തിലുമേറെ ചിലവുണ്ടെന്ന് ആർക്കും അറിയാത്ത കാര്യമല്ല. കൊവിഡ് മഹാമാരി കാലത്ത് ചെലവുകൾ കുത്തനെ ഉയർന്നതും വരുമാനം എതിർദിശയിൽ ഇടിഞ്ഞതും സംസ്ഥാനത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനം കടത്തിന് മേലെ കടമെടുത്തപ്പോൾ ഓരോ മലയാളിയുടെയും കടം 55000 രൂപയായി വർധിച്ചു. കഴിഞ്ഞ ഒന്നര വർഷമായി സംസ്ഥാനം ഒരു ദിവസമെടുക്കുന്ന ശരാശരി വായ്പ 100 കോടി രൂപയാണ്. ഇപ്പോൾ ചെലവ് താങ്ങാനാവാതെ വീണ്ടും കടമെടുക്കാനാണ് സംസ്ഥാനം ഒരുങ്ങുന്നത്.

വരുമാന തകർച്ചയിൽ കേരളം കൂപ്പുകുത്തുമ്പോൾ കടമെടുപ്പാണ് സംസ്ഥാന ഖജനാവിനെ താങ്ങി നിർത്തുന്നത്. കൊവിഡ് പ്രതിസന്ധി കാലത്ത് മാത്രം കേരളമെടുത്ത വായ്പ 50000 കോടി രൂപയാണ്. നാളത്തെ വരുമാനത്തിൽ നിന്നും ഈ ബാധ്യത തീർക്കാൻ തുക നീക്കിവെക്കേണ്ടി വരുമ്പോൾ കേരളത്തിന്റെ കടം ഇപ്പോഴത്തെതിലും ഇരട്ടിക്കും.

ഉമ്മൻചാണ്ടി സർക്കാർ 2016ൽ അധികാരമൊഴിഞ്ഞപ്പോൾ കേരളത്തിൻറെ കടം 157370 കോടി രൂപയായിരുന്നു. ഒന്നാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കിയപ്പോൾ ഈ കടം 301642 കോടി രൂപയായി ഉയർന്നു. അഞ്ച് വർഷം കൊണ്ട് കേരളമെടുത്ത വായ്പ 144272 കോടി രൂപ. ഈ കണക്കിൽ ഓരോ മലയാളിയുടെയും കടം 55000 രൂപയാണ്.

മൂന്ന് ശതമാനമായിരുന്ന കേരളത്തിൻറെ വായ്പാ പരിധി കൊവിഡ് പ്രതിസന്ധിയിൽ 2020ൽ കേന്ദ്ര സർക്കാർ നാലര ശതമാനമാക്കി ഉയർത്തി. എന്നാൽ ഈ സാമ്പത്തിക വർഷത്തിൽ കടമെടുപ്പ് ആനുകൂല്യങ്ങൾ വീണ്ടും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെടുത്ത 1500 കോടി രൂപ വായ്പ തികയാതെ വീണ്ടും 2000 കോടി വായ്പ എടുക്കാൻ ഒരുങ്ങുകയാണ് കേരളം. മുമ്പത്തെ കടബാധ്യതകളുടെ തിരിച്ചടവിന് മാത്രം കേരളത്തിന് വർഷം 20000 കോടി രൂപ വേണം. വായ്പകൾ തിരച്ചടക്കാനും വായ്പ തന്നെ ആശ്രയമെന്നതാണ് കേരളത്തിന്റെ സ്ഥിതി. വിത്തെടുത്ത് കുത്തി എത്രനാൾ മുന്നോട്ട് പോകും എന്നതാണ് ഉയരുന്ന ചോദ്യം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *