ഒക്ടോബർ ഒന്ന് മുതൽ സാമ്പത്തിക കാര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ അറിയാം

ഒക്ടോബർ ഒന്ന് മുതൽ സാമ്പത്തിക കാര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ അറിയാം

ഒക്ടോബർ ഒന്നാം തീയ്യതി മുതൽ നമ്മുടെ ദൈനം ദിന സാമ്പത്തിക കാര്യങ്ങളിൽ ചില പ്രധാനപ്പെട്ട മാറ്റങ്ങൾ നടപ്പിലാകും. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലും അടുത്ത മാസം മുതൽ മാറ്റങ്ങളുണ്ടാകും. സാധാരണക്കാരനായ ഒരു വ്യക്തിയുടെ നിത്യ ജീവിതത്തിൽ ഈ മാറ്റങ്ങൾ ഏതൊക്കെ രീതിയിലാണ് ബാധിക്കുക എന്ന് നിർബന്ധമായും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
ചെക്ക് ബുക്കുകൾ, ഓട്ടോ ഡെബ്റ്റ് പെയ്മെന്റുകൾ, എൽപിജി സിലിണ്ടർ വില, പല ബാങ്കുകളുടെയും പെൻഷൻ തുടങ്ങി ഒക്ടോബർ മുതൽ പ്രാബല്യത്തിലെത്തുന്ന മാറ്റങ്ങൾ പലതാണ്. എന്തൊക്കെയാണ് അടുത്ത മാസം മുതൽ മാറാൻ പോകുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം.

പാചക വാതക സിലിണ്ടറിന് വിലയേറും ഒക്ടോബർ ഒന്നിന് പെട്രോളിയം കമ്പനികൾ ഗാർഹിക ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറുകളുടെ വില പ്രസിദ്ധപ്പെടുത്തും. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഗ്യാസ് സിലിണ്ടർ വിലയിൽ 100 രൂപയുടെ വരെ വർധനവ് വരുത്താൻ സാധ്യതയുണ്ട്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ (ബ്രെന്റ് ക്രൂഡ് ) വില ഒരിക്കൽ കൂടി 80 ഡോളറെന്ന നിരക്കിന് സമീപത്തെത്തിയിരിക്കുകയാണ്. ക്രൂഡ് ഓയിലിന്റെ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. നേരത്തെ 2018 ഒക്ടോബർ മാസത്തിൽ ബാരലിന് 78.24 ഡോളറെന്ന റെക്കോർഡ് ഉയർത്തിൽ ക്രൂഡ് ഓയിൽ വില എത്തിയിരുന്നു.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനവ് കാരണം വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വില വർധിക്കുവാനുള്ള സാധ്യതയുണ്ട്.ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന എല്ലാ കടയുടമകൾക്കും ഒക്ടോബർ 1 മുതൽ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രജിസ്ട്രേഷൻ നിർബന്ധമാക്കി. ഭക്ഷ്യോത്പന്നങ്ങളുടെ ബില്ലിൽ എഫ്എസ്എസ്എഐ രജിസ്ട്രേഷൻ നമ്പറും നൽകിയിരിക്കണം. ബില്ലിൽ എഫ്എസ്എസ്എഐ രജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത കടയുടമകൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകും. ജയിൽ ശിക്ഷവരെ ഇത്തരം വ്യക്തികൾക്ക് ലഭിച്ചേക്കാം.

പഴയ ചെക്കുകൾ ഉപയോഗ്യ ശൂന്യമാകും ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (ഒബിസി), യൂനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെക്ക് ബുക്കുകൾക്ക് ഒക്ടോബർ മുതൽ സാധുതയുണ്ടാവുകയില്ല. മറ്റ് ബാങ്കുകളുമായി ഈ ബാങ്കുകൾ ലയന പ്രക്രിയകൾ പൂർത്തിയാക്കി കഴിഞ്ഞതിൽ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ട് നമ്പറുകൾ, ചെക്ക് ബുക്കുകൾ, ഐഎഫ്എസ്സി കോഡ്, എംഐസിആർ കോഡ് എന്നിവയിൽ മാറ്റമുണ്ടായിട്ടുണ്ട്. ഇപ്പോൾ ഉപയോക്താക്കൾ പഴയ ചെക്ക് ബുക്കുകൾ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. എന്നാൽ ഒക്ടോബർ 1 മുതൽ ഇത് സാധ്യമാവുകയില്ല. അതിനാൽ ഉപയോക്താക്കൾക്ക് ബാങ്കുമായി ബന്ധപ്പെട്ട് പുതിയ ചെക്ക് ബുക്ക് വാങ്ങിക്കാം.

പെൻഷൻ നിയമങ്ങളിൽ മാറ്റം അടുത്ത മാസം മുതൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റമുണ്ടാകും. 80 വയസ്സിനോ അതിന് മുകളിലോ പ്രായമുള്ള രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് അടുത്ത മാസം മുതൽ ഹെഡ് പോസ്റ്റ് ഓഫീസുകളിലെ ജീവൻ പ്രമാൺ സെന്റേർസ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്സ് സമർപ്പിക്കാൻ സാധിക്കും. ഇതിനായി നിശ്ചയിച്ചിരിക്കുന്ന സമയ പരിധി നവംബർ 30 വരെയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *