ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

അടിസ്ഥാന പലിശനിരക്കിൽ കുറവു വരുത്തി എസ്ബിഐ

വായ്പയെടുക്കുന്നവർക്ക് ആശ്വാസമേകി അടിസ്ഥാന പലിശ നിരക്കിൽ 0.05 ശതമാനം കുറവു വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 7.45 ശതമാനം ആയിരിക്കും പുതിയ പലിശ നിരക്ക്. ഇന്നു മുതലാണ് പ്രാബല്യം. പഴയ വായ്പകൾക്ക് ബാധകമായ പ്രൈം ലെൻഡിങ്ങ് റേറ്റിലും ഇതേ കുറവ് വരുത്തിയതായി ബാങ്ക് അറിയിച്ചിട്ടുണ്ട്.12.20 ശതമാനം ആയിരിക്കും പുതിയ പലിശ നിരക്ക്. ഇതും ഇന്ന് മുതൽ പ്രാബല്യത്തിലാകും.

സെൻസെക്‌സിലും നിഫ്റ്റിയിലും നേരിയ നേട്ടം

ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 49 പോയന്റ് ഉയർന്ന് 58,296ലും നിഫറ്റി 13 പോയന്റ് നേട്ടത്തിൽ 17,393ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. ടൈറ്റാൻ,ബജാജ് ഓട്ടോ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, നെസ് ലെ , റിലയൻസ്, ഭാരതി, എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്‌സ് , ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അഗ്രി ടൂറിസം നെറ്റ് വർക്ക് പദ്ധതിക്കു തുടക്കം

കൃഷിയെ വിനോദ സഞ്ചാര മേഖലയുമായി കൂട്ടിയിണക്കി കൃഷിക്കാർക്ക് വരുമാനം ഉറപ്പാക്കുന്ന കേരള അഗ്രി ടൂറിസം നെറ്റ് വർക്ക് പദ്ധതി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമീണ മേഖലയിൽ അഞ്ച് വർഷത്തിനുളളിൽ 500 പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി ഉയർത്തി കൊണ്ടു വരുമെന്നു മന്ത്രി പറഞ്ഞു. അഗ്രി ടൂറിസം പദ്ധതിയിലൂടെ 5 വർഷം കൊണ്ട് 30,000 പേർക്ക് തൊഴിലും വരുമാനവും നൽകുകയാണ് ലക്ഷ്യം.

ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 1300 കോടി രൂപ പിഴ

വിപണി മര്യാദ ലംഘിച്ചതിന് ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ പിഴ. സാംസങ്ങ് പോലുളള സ്മാർട്ട് ഫോണ്ഡ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി. ഗൂഗിളിന്റെ ഒഎസുകളുടെ പരിഷ്‌കരിച്ച പതിപ്പുകൾ പോലും ഉപയോഗിക്കാൻ അനുമതി നൽകിയില്ലെന്നും ഇതു വഴി വിപണി ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി.

സംരംഭകരുടെ പരാതി തീർക്കാൻ പുതിയ സംവിധാനം

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്നും പിഴ ചുമത്താനുളള അധികാരത്തോടെ സംസ്ഥാനത്ത് വ്യവസായ സംരംഭകർക്കായി പരാതി പരിഹാര സംവിധാനം തുടങ്ങിയതായി മന്ത്രി പി.രാജീവ്.വ്യവസായം ആരംഭിക്കൽ, നടത്തിപ്പ്, അനുബന്ധ പ്രശ്‌നങ്ങൾ പരിഹരിക്കൽ എന്നിവയ്ക്കുളള സിവിൽ കോടതിയുടെ അധികാരമുളള സംവിധാനമാണ് പ്രാബല്യത്തിൽ വന്നത്. 5 കോടി രൂപ വരെ മുടക്കിയുളള വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ തലത്തിലും അതിന് മുകളിൽ മുതൽ മുടക്കുളളവ സംസ്ഥാന തലത്തിലും പരിഹരിക്കാനുളള സംവിധാനമാണിത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *