ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നേട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നേട്ടത്തിൽ

പാചക വാതക വിപണിയിൽ കുട്ടിസിലിണ്ടർ വിൽപ്പന കുതിക്കുന്നു

കേരളത്തിലെ പാചക വാതക വിപണിയിൽ കുട്ടി സിലിണ്ടറുകൾക്ക് ആവശ്യക്കാർ ഏറുന്നു. വിൽപ്പനയിൽ 75 ശതമാനം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അഞ്ച് കിലോഗ്രാം ഛോട്ടുവാണ്. വിപണി കീഴടക്കാൻ ഛോട്ടുവിനെ സഹായിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ സമൂഹമാധ്യമ പ്രചാരണങ്ങളാണ്.

കേരളത്തിലെ ഏഴ് സംരംഭങ്ങൾക്ക് ദേശീയ പുരസ്‌കാരം

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഏഴ് സംരംഭങ്ങൾ രാജ്യത്തെ മികച്ച സംരംഭകർക്കുളള കോസിഡിസി പുരസ്‌കാരത്തിന് അർഹമായി. ജെൻ റോ ബോട്ടിക്‌സ്, എംവീസ് ആർട്ടിഫിഷ്യൽ ലിംബ്‌സ്, അക്ഷയ പ്ലാസറ്റിക്‌സ്, വൈത്തിരി റിട്രീറ്റ് റിസോർട്ട്, ക്യാമിലോട്ട് ഹോസ്പിറ്റാലിറ്റി , വിജയ് ട്രഡീഷനൽ ആയുർവേദിക് തെറാപ്പി സെന്റർ എന്നിവയാണ് അവാർഡിന് അർഹമായത്. പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായം പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സംസ്ഥാന തല ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോസി ഡിസി.

സ്വർണ്ണക്കടകളിൽ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി

സ്വർണ്ണാഭരണ വിൽപ്പന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി സ്വർണ്ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വലിയ സ്വർണ്ണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫിസിലും പോലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത ഇതു സംബന്ധിച്ചു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി ആരാഞ്ഞു. വിൽപ്പന നികുതി ഇന്റലിജൻസ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതി വെട്ടിക്കുന്നവരുടെ ജിഎസ്ടി രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പടെ നടപടി എടുക്കണം.

കോവിഡ് കാലത്ത് 33.80 കോടിയുടെ നിക്ഷേപം നേടി ക്ലൂ ട്രാക്ക്

കോവിഡ് കാലത്ത് സ്റ്റാർട്ടപ്പ് കമ്പനിയായ ക്ലൂട്രാക്ക് നേടിയത് 33.80 കോടി രൂപയുടെ നിക്ഷേപം. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന റിയൽ ടൈം കസ്റ്റമർ അനലിറ്റിക്‌സ് പ്ലാറ്റ് ഫോമാണു ക്ലൂട്രാക്ക്. കസ്റ്റമേഴ്‌സിന്റെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയാൻ ബ്രാന്റുകളെ സഹായിക്കുന്ന സോഫ്റ്റ് വെയറാണിതെന്ന് ലളിതമായി പറയാം.

സ്വർണ്ണ വില വീണ്ടും കുറഞ്ഞു: ഇന്ന് പവന് 35,280

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1896.03 ഡോളർ നിലവാരത്തിലേക്ക് താഴുകയും ചെയ്തു. യുഎസ് ഡോളർ കരുത്താർജ്ജിച്ചതും കടപ്പത്ര ആദായം വർധിച്ചതുമാണ് സ്വർണ്ണവിലയെ ബാധിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *