കുറഞ്ഞ വിലയിൽ ഇലക്ട്രിക്ക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഏഥർ എനർജി

കുറഞ്ഞ വിലയിൽ ഇലക്ട്രിക്ക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഏഥർ എനർജി

ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‌കൂട്ടർ നിർമാതാക്കളാണ് ഏഥർ എനർജി. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടർ വിപണിയിൽ ശ്രദ്ധേയരായ കമ്പനി ഇപ്പോൾ കുറഞ്ഞ വിലയിലുള്ള ഒരു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോർട്ട്.

നിലവിൽ ഏഥറിന് 450 പ്ലസ്, 450 എക്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളാണുള്ളത്. 450 പ്ലസിന് 1,25,490 രൂപയാണ് വിലവരുന്നത്. 450 എക്‌സിന് 1,44,500 രൂപയാണ് വിപണിവില. ഏഥറിനെ കൂടുതൽ ജനപ്രീതിയുള്ള വാഹനമാക്കുന്നതിത് തടസമായത് ഈ ഉയർന്ന വിലയാണ് . അതുകൊണ്ടു തന്നെ ഇതിനൊരു പരിഹാരമായിട്ടാണ് പുതിയ സ്‌കൂട്ടറിൻറെ വരവെന്നാണ് റിപ്പോർട്ടുകൾ.

ഏഥറിൻറെ നിലവിലുള്ള 450 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കുറഞ്ഞ വിലയുള്ള സ്‌കൂട്ടർ നിർമിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട ആക്ടീവയുടെ വില നിലവാരത്തിൽ വരുന്ന സ്‌കൂട്ടറാണ് ഏഥർ നിർമ്മിക്കുക എന്നാണ് റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു ലക്ഷത്തിൽ താഴെയായിരിക്കും വാഹനത്തിൻറെ വില.

ഓല, ഒകിനാവ, സിമ്പിൾ തുടങ്ങിയ വില കുറഞ്ഞ എതിരാളികളെ നേരിടാനും ബഡ്ജറ്റ് ഇ വി ഏഥറിനെ സഹായിക്കും. ഓല എസ് 1 (99,999 രൂപ), സിമ്പിൾ വൺ (1,09,999) എന്നിങ്ങനെ വാഹനങ്ങൾ പ്രധാന എതിരാളികളാകും. വില കുറയുന്നതോടെ വാഹനം കൂടുതൽ ജനപ്രിയമാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇതിനകം തന്നെ കമ്പനി 450 പ്ലസിനേക്കാൾ കുറഞ്ഞ വിലയിൽ വിൽക്കാവുന്ന സ്‌കൂട്ടറിൻറെ നിർമാണത്തിലാണെന്നും ഏതാനും മാസങ്ങൾക്കകം വാഹനം പുറത്തിറക്കാമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അധികൃതർ പറയുന്നു. പുതിയ സംസ്ഥാനങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും ഏഥറിന് പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയാണ് ഏഥർ എനർജി. ഹീറോ മോട്ടോകോർപ്പും ടൈഗർ ഗ്ലോബൽ മാനേജ്മെന്റും പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പ് സംരംഭം കൂടിയാണ് ഈ കമ്പനി. തങ്ങളുടെ സ്വന്തം ചാർജിങ് കണക്ടർ മറ്റ് ഒഇഎമ്മുകൾക്കു കൂടി ലഭ്യമാക്കുമെന്ന് അടുത്തിടെ ഏഥർ എനർജി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് വിവിധ കമ്പനികളുടെ ഇരുചക്ര വാഹനങ്ങൾക്ക് അതിവേഗ ചാർജിങ് സംവിധാനം പരസ്പരം ഉപയോഗിക്കാനാവുന്ന സംവിധാനം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിൽ ഉടനീളമുള്ള ഏഥറിന്റെ 200ൽ ഏറെ അതിവേഗ ചാർജറുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ഇതുവഴി ലഭ്യമാക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *