കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക്

കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക്

മുംബൈ: സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റീട്ടെയില്‍ വായ്പ, നിക്ഷേപം തുടങ്ങിയവയിലാണ് ഓഫറുകള്‍ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവകാലം മുന്‍നിര്‍ത്തിക്കൂടിയാണ് ഓഫറുകള്‍ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഭവന വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഇളവുകളും കാര്‍ വായ്പയ്ക്ക് 100 ശതമാനം പ്രോസസിംഗ് ഫീസ് ഇളവും ബാങ്ക് പ്രഖ്യാപിച്ചു. വിലയുടെ 90 ശതമാനം വരെ വായ്പ കവറേജും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.


യോനോ വഴി കാര്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പലിശയില്‍ 25 ബിപിഎസ് കുറവും. കാര്‍ വാങ്ങാന്‍ പ്ലാനുള്ള യോനോ ഉപഭോക്താക്കള്‍ക്ക് 7.5 ശതമാനം വാര്‍ഷിക പലിശയില്‍ വായ്പയും ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വര്‍ണ വായ്പകളിലും ഇളവുകളുണ്ട്. പലിശ നിരക്കില്‍ 75 ബിപിഎസ് കുറച്ചു. 7.5 ശതമാനം വാര്‍ഷിക പലിശയില്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ വായ്പ ലഭിക്കും. യോനോ വഴി സ്വര്‍ണ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രോസസിങ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. വ്യക്തഗത, പെന്‍ഷന്‍ വായ്പകള്‍ക്ക് ബാങ്ക് 100 ശതമാനം പ്രോസസിങ് ഫീസ് ഒഴിവാക്കി. വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്ന ആരോഗ്യ രംഗത്തെ കൊവിഡ് മുന്നണി പോരാളികള്‍ക്ക് ബാങ്ക് പലിശയില്‍ 50 ബിപിഎസ് കുറവും പ്രഖ്യാപിച്ചു. കാര്‍, സ്വര്‍ണ വായ്പാ അപേക്ഷകള്‍ക്ക് ഇത് ഉടന്‍ പ്രബല്യത്തില്‍ വരും.


റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ബാങ്ക് 75-ാം സ്വാതന്ത്ര്യ വാര്‍ഷികാചരണത്തിന്റെ ഭാഗമായി ‘പ്ലാറ്റിനം ടേം ഡെപോസിറ്റ്’ അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 14 വരെ കാലയളവില്‍ 75 ദിവസത്തേക്കും 75 ആഴ്ചത്തേക്കും 75 മാസത്തേക്കുമുള്ള ടേം നിക്ഷേപങ്ങള്‍ക്ക് 15 ബിപിഎസ് വരെ അധിക പലിശയും ലഭിക്കും. ഉത്സവ കാലത്തിന് മുന്നോടിയായി നിരവധി ഓഫറുകള്‍ പ്രഖ്യാപിക്കുന്നതില്‍ ആഹ്‌ളാദമുണ്ടെന്നും ഈ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് വായ്പകളില്‍ ഒരുപാട് ലാഭമുണ്ടാക്കുമെന്നും അതോടൊപ്പം ഉത്സവത്തിന് മാറ്റ് കൂട്ടുമെന്ന് വിശ്വസിക്കുന്നുവെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ട സാമ്പത്തിക പരിഹാരങ്ങള്‍ ഓഫര്‍ ചെയ്യാന്‍ എസ്ബിഐ എന്നും ശ്രമിക്കുമെന്നും എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിങ് എംഡി സി എസ് സെട്ടി പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *