കേരളത്തിലെ ആദ്യ വൈദ്യുത വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ ‘ഡ്രൈവ് ത്രു ‘ കലൂര്‍ പോത്തീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കേരളത്തിലെ ആദ്യ വൈദ്യുത വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ ‘ഡ്രൈവ് ത്രു ‘ കലൂര്‍ പോത്തീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: അബുദാബി ആസ്ഥാനമായ വി ചാര്‍ജിന്റെ ഇന്ത്യന്‍ സംരംഭമായ വി ചാര്‍ജ് ഇന്ത്യയുടെ കേരളത്തിലെ ആദ്യ വൈദ്യുത വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ ‘ഡ്രൈവ് ത്രു’  കലൂര്‍ പോത്തീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇയില്‍ വൈദ്യുത വാഹന ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ അംഗീകാരം ലഭിച്ചിട്ടുള്ള കമ്പനിയാണ് വി ചാര്‍ജ്.

പോത്തീസില്‍ നടന്ന ചടങ്ങില്‍ പോത്തീസ് ഡയറക്ടര്‍ നിലേഷ് പോത്തി ചാര്‍ജിങ് സ്‌റ്റേഷന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു.

യുഎഇയില്‍ വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിച്ചത് മുതല്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന വി ചാര്‍ജ് ഈ രംഗത്ത് വര്‍ഷങ്ങളുടെ വൈദഗ്ധ്യവുമായാണ് ഇന്ത്യയില്‍ എത്തുന്നത്. വൈദ്യുത വാഹന ചാര്‍ജിങ് സ്‌റ്റേഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് വി ചാര്‍ജ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രതീഷ് സി. ഭാസ്‌കരന്‍ പറഞ്ഞു.  കൊച്ചിയില്‍ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ താമസിയാതെ  ഇവി ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കും.  
രാജ്യത്തുടനീളം റെയില്‍വേ സ്റ്റേഷനുകള്‍, ദേശീയപാതകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉടനെ തന്നെ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വി ചാര്‍ജ് ഇന്ത്യയ്ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വൈദ്യുത വാഹനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ പ്രചാരം ലഭിച്ചു വരുന്ന ഈ ഘട്ടത്തില്‍ വി ചാര്‍ജ് ഇന്ത്യയുമായി ചേര്‍ന്ന് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം ലഭ്യമാക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പോത്തീസ് ഡയറക്ടര്‍ നിലേഷ് പോത്തി പറഞ്ഞു.

ഇന്ത്യയില്‍ വൈദ്യുത വാഹന അടിസ്ഥാനസൗകര്യങ്ങളുടെ ഏറ്റവും വലിയ ശൃംഖല ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന്  വി ചാര്‍ജ് ഇന്ത്യ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡോ. ശശി കെ. കോട്ടയില്‍ പറഞ്ഞു. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ മാലിന്യമുക്തവും ചിലവ് കുറഞ്ഞതുമായ സഞ്ചാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവ്ത്രു സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇരുചക്ര,മുച്ചക്ര വാഹനങ്ങള്‍, കാറുകള്‍, ബസ്സുകള്‍ തുടങ്ങിയ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്ന ആഗോള നിലവാരം പുലര്‍ത്തുന്ന ലോ വോള്‍ട്ടേജ്, മീഡിയം വോള്‍ട്ടേജ്, ഹൈ വോള്‍ട്ടേജ് ചാര്‍ജറുകളാണ് ഡ്രൈവ്ത്രുവിന്റെ ചാര്‍ജിങ് ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നത്.

വി ചാര്‍ജ് ഇന്ത്യ ഡയറക്ടര്‍മാരായ അശ്വിന്‍ ശശിധരന്‍, അല്‍മിഷ് എസ്. ബാബു, പോത്തീസ് സിഇഒ വെങ്കിടേഷ്, ജനറല്‍ മാനേജര്‍ വിനോദ്, മലയാളം ടാറ്റാ ടീം ലീഡ് ജോര്‍ജ് കുട്ടന്‍ ജോയ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *