തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി വിപണി നേട്ടത്തില്‍; ടാറ്റ സ്റ്റീലില്‍ വന്‍കുതിപ്പ്

തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി വിപണി നേട്ടത്തില്‍; ടാറ്റ സ്റ്റീലില്‍ വന്‍കുതിപ്പ്

ഓഹരി വിപണിയില്‍ നേട്ടം തുടരുകയാണ്. വെള്ളിയാഴ്ച്ച റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ സൂചികകള്‍ തിങ്കളാഴ്ച്ചയും ഈ കഥ തുടര്‍ന്നു. ഇതേസമയം, ബാങ്ക് നിഫ്റ്റിയിലും വിശാല വിപണികളിലും ക്ഷീണം കാണാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ ബാങ്കിങ് ഓഹരികളിലെ വീഴ്ച ബാങ്ക് നിഫ്റ്റിയെ പിന്നോട്ട് വലിച്ചു. ഇതേ കാരണത്താല്‍ 0.17 ശതമാനം തകര്‍ച്ച ബാങ്ക് നിഫ്റ്റി തിങ്കളാഴ്ച്ച രേഖപ്പെടുത്തി.

അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 145 പോയിന്റ് അഥവാ 0.26 ശതമാനമാണ് ഉയര്‍ന്നത്. 55,582 പോയിന്റ് എന്ന പുതിയ ക്ലോസിങ് റെക്കോര്‍ഡും ബോംബെ സൂചിക കണ്ടെത്തി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലും ചിത്രം വ്യത്യസ്തമല്ല. 34 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 16,563 പോയിന്റ് എന്ന നിലയിലാണ് നിഫ്റ്റി ഇന്നത്തെ വ്യാപാരത്തിന് തിരശ്ശീലയിട്ടത്.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ ലോഹം, സാമ്പത്തികകാര്യം, എഫ്എംസിജി എന്നിവര്‍ മാത്രമാണ് മുന്നിലെത്തിയത്. മറ്റു മേഖലാ ഓഹരികള്‍ ചുവപ്പില്‍ ദിനം അവസാനിപ്പിച്ചു. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി ഓട്ടോ സൂചികകളിലാണ് തകര്‍ച്ച കൂടുതല്‍.

നിഫ്റ്റിയിലെ നേട്ടക്കാരുടെ പട്ടികയെടുത്താല്‍ ടാറ്റ സ്റ്റീല്‍, ബജാജ് ഫൈനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവരെ മുന്‍പന്തിയില്‍ കാണാം. മാരുതി സുസുക്കി, ശ്രീ സിമന്റ്സ്, പവര്‍ ഗ്രിഡ്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോര്‍സ് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടവരില്‍ പ്രധാനികളും.

ഇന്നത്തെ വ്യാപാരത്തിനിടെ റിലയന്‍സ് ഓഹരികള്‍ 2.5 ശതമാനത്തിലേറെ ഉയരുന്നതിന് വിപണി സാക്ഷിയായി. ഒരുഘട്ടത്തില്‍ 2,203 രൂപ വരെയ്ക്കും കമ്പനിയുടെ ഓഹരി വിലയെത്തി. റിലയന്‍സിന്റെ എണ്ണ സംസ്‌കരണ ബിസിനസില്‍ ആഗോള ഭീമന്മാരായ സൗദി ആരാംകോ സഹകരിക്കുമെന്ന വാര്‍ത്തയാണ് റിലയന്‍സ് ഓഹരികളുടെ കുതിപ്പിന് ഇന്ന് തുണയായത്.

ജൂണ്‍ പാദത്തിലെ ഫലം പുറത്തുവന്ന സാഹചര്യത്തില്‍ ടാറ്റ സ്റ്റീല്‍ ഓഹരികളും ഇന്ന് 5 ശതമാനത്തിലേറെ ഉയരുകയുണ്ടായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ ഓഹരി വില 1,532 രൂപ വരെയ്ക്കും വര്‍ധിച്ചു. ജൂണ്‍ പാദത്തില്‍ 8,907 കോടി രൂപയുടെ അറ്റാദായമാണ് ടാറ്റ സ്റ്റീല്‍ കുറിച്ചത്. മുന്‍വര്‍ഷം ഇതേകാലത്ത് 4,416 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി നേരിട്ടിരുന്നതും.

ഇന്ന് സെന്‍സെക്സില്‍ നേട്ടം കുറിച്ചവരെ ചുവടെ കാണാം.

ടാറ്റ സ്റ്റീല്‍ (3.96 ശതമാനം), ബജാജ് ഫൈനാന്‍സ് (3.48 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (2.60 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (1.33 ശതമാനം), റിലയന്‍സ് (1.29 ശതമാനം), എച്ച്ഡിഎഫ്സി (0.88 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (0.66 ശതമാനം), സണ്‍ഫാര്‍മ (0.41 ശതമാനം), നെസ്ലെ ഇന്ത്യ (0.41 ശതമാനം), എന്‍ടിപിസി (0.30 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (0.17 ശതമാനം), ടിസിഎസ് (0.14 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (0.12 ശതമാനം), ആക്സിസ് ബാങ്ക് (0.06 ശതമാനം).

മാരുതി സുസുക്കി (-2.43 ശതമാനം), ബജാജ് ഓട്ടോ (-2.08 ശതമാനം), പവര്‍ ഗ്രിഡ് (-2.00 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (-1.53 ശതമാനം), എസ്ബിഐ (-1.51 ശതമാനം), ടെക്ക് മഹീന്ദ്ര (-0.73 ശതമാനം), ഭാരതി എയര്‍ടെല്‍ (-0.64 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-0.61 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-0.61 ശതമാനം), ഇന്‍ഫോസിസ് (-0.50 ശതമാനം), എല്‍ ആന്‍ഡ് ടി (-0.45 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (-0.42 ശതമാനം), ടൈറ്റന്‍ കമ്പനി (-0.38 ശതമാനം), ഐസിഐസിഐ ബാങ്ക് (-0.26 ശതമാനം), ഐടിസി (-0.09 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (-0.01 ശതമാനം).

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *