എസ്ബിഐ യോനോ ആപ്പിലൂടെ സ്വര്‍ണ വായ്പയും

എസ്ബിഐ യോനോ ആപ്പിലൂടെ സ്വര്‍ണ വായ്പയും

ചുരുങ്ങിയ പേപ്പര്‍ വര്‍ക്കുകളിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ ഉപയോക്താക്കല്‍ക്ക് സ്വര്‍ണ വായ്പ ലഭ്യമാക്കുവാനുള്ള സേവനം അവതരിപ്പിച്ചിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബാങ്കുകള്‍ വില്‍പ്പന നടത്തുന്ന സ്വര്‍ണ നായണയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ ഇത്തരത്തില്‍ ഈടായി നല്‍കിക്കൊണ്ട് വായ്പ എടുക്കുവാന്‍ സാധിക്കും. എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെ ഡിജിറ്റല്‍ രീതിയിലാണ് ഈ വായ്പാ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.

എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെ സ്വര്‍ണ വായ്പയ്ക്കായി അപേക്ഷിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 20,000 രൂപയാണ്. പരമാവധി 50 ലക്ഷം രൂപ വരെയും എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെ സ്വര്‍ണ വായ്പ ലഭിക്കും. നിലവില്‍ 7.5 ശതമാനം പലിശ നിരക്കാണ് എസ്ബിഐ സ്വര്‍ണ വായ്പയ്ക്ക് മേല്‍ ഈടാക്കുന്നത്. 36 മാസമായിരിക്കും സ്വര്‍ണ വായ്പാ കാലാവധി. ബുള്ളറ്റ് റീപെയ്മെന്റ് സ്വര്‍ണ വായ്പയാണെങ്കില്‍ 12 മാസമായിരിക്കും വായ്പാ കാലാവധി. വായ്പാ കാലയളവില്‍ തിരിച്ചടവ് ബാധ്യതയില്ലാത്ത വായ്പകളാണ് ബുള്ളറ്റ് റീപെയ്മെന്റ് ഗോള്‍ഡ് ലോണ്‍ എന്ന് പറയുന്നത്.

ഉപയോക്താക്കളില്‍ നിന്നും വായ്പാ തിരിച്ചടവില്‍ ഈടാക്കുന്ന അധിക ചാര്‍ജുകളും എസ്ബിഐ മാറ്റി വച്ചിട്ടുണ്ട്. യോനോ എസ്ബിഐ മുഖേന സ്വര്‍ണ വായ്പയ്ക്കായി അപേക്ഷിക്കുന്നതിലൂടെ ഉപയോക്താക്കള്‍ നേട്ടങ്ങള്‍ പലതാണ്. ഈ കോവിഡ് കാലത്ത് സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിനകത്തു നിന്ന് തന്നെ വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും എന്നത് തന്നെയാണ് അതില്‍ ആദ്യത്തേത്.

കൂടാതെ 8.25 ശതമാനമെന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ വായ്പ സ്വന്തമാക്കാം എന്നതും സവിശേഷതയാണ്. എളുപ്പത്തിലും വേഗത്തിലും ബാങ്ക് വായ്പ അനുവദിക്കുമെന്നതിനാല്‍ വായ്പ ലഭിക്കാനെടുക്കുന്ന സമയത്തിലും ഏറെ കുറവ് ഉണ്ടാകും. കുറഞ്ഞ പേപ്പര്‍ ജോലികള്‍ മാത്രമേ ഈ പുതി വായ്പാ രീതിയ്ക്കുണ്ടാവുകയുള്ളൂ. വായ്പ എടുക്കുന്നതിനായി ബാങ്ക് ശാഖയില്‍ ചെന്ന് ടോക്കനും എടുത്ത് മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട സാഹചര്യവും ഇനിയില്ല.

വായ്പയ്ക്കായി അപേക്ഷിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി നിങ്ങളുടെ യോനോ അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുക. ഹോം പേജില്‍ മുകളില്‍ ഏറ്റവും ഇടത് ഭാഗത്തായി കാണുന്ന മെനു (മൂന്ന് ലൈനുകള്‍) ക്ലിക്ക് ചെയ്യുക. അതില്‍ ലോണുകള്‍ എന്നത് ക്ലിക്ക് ചെയ്യാം. ശേഷം അതില്‍ നിന്നും ഗോള്‍ഡ് ലോണ്‍ ക്ലിക്ക് ചെയ്യുക. അപ്ലൈ നൗ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ശേഷം ആഭരണത്തിന്റെ വിവരങ്ങള്‍ നല്‍കുക. ഏത് തരത്തിലുള്ള ആഭരണം, ഗുണമേന്മ, ക്യാരറ്റ്, ഭാരം തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. അതിന് താഴെയുള്ള വിവരങ്ങളും പൂരിപ്പിക്കേണം. പ്രതിമാസ മൊത്ത വരുമാനവും നല്‍കിക്കഴിഞ്ഞാല്‍ അപേക്ഷ സബ്മിറ്റ് ചെയ്യാം.

സ്വര്‍ണവുമായി ബാങ്ക് ശാഖയിലെത്തുക എന്നതാണ് വായ്പാ അപേക്ഷയിലെ രണ്ടാം ഘട്ടം. ഈടായി നല്‍കുവാനുള്ള സ്വര്‍ണവുമായാണ് ബാങ്ക് ശാഖയില്‍ ചെല്ലേണ്ടത്. ഒപ്പം നിങ്ങളുടെ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്നതുമുള്‍പ്പെടെയുള്ള കെവൈസി വിവരങ്ങള്‍ക്കായുള്ള രേഖകളും കൈയ്യില്‍ വേണം. അവിടുത്തെ വായ്പാ രേഖയില്‍ ഒപ്പ് വച്ച് വായ്പാ തുക കൈപ്പറ്റാം.

സ്ഥിര വരുമാനമുള്ള, 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും എസ്ബിഐ യോനോയിലൂടെ സ്വര്‍ണ വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും. പെന്‍ഷന്‍ വാങ്ങിക്കുന്ന വ്യക്തികള്‍ക്കും വായ്പയ്ക്കായി അപേക്ഷിക്കാം. അവര്‍ക്ക് വരുമാനം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *