ഇന്നത്തെ ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

രാജ്യത്തെ ടെലികോം വിപണി പ്രതിസന്ധിയിൽ

ഇന്ത്യൻ ടെലികോം വിപണി കൂടുതൽ പ്രതിസന്ധിയിലേക്കാണു നിങ്ങുന്നതെന്നു പ്രമുഖ സേവന ദാതാക്കളായ എയർടെല്ലും വോഡഫോണും ഐഡിയയും. ഇന്ത്യ പോലെ വലിയ ഒരു രാജ്യത്തിന് ചുരുങ്ങിയത് മൂന്ന് സ്വകാര്യ ടെലികോം സേവന ദാതാക്കളെങ്കിലും ആവശ്യമാണെന്നു വോഡാഫോൺ ഐഡിയ സർക്കാരിനോട് വ്യക്തമാക്കിയിരുന്നു. കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്ന ഇന്ത്യൻ ടെലികോം വിപണികളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഐഡിയ മേധാവി കുമാർ മംഗളം ബിർള ആവശ്യപ്പെട്ടു. എയർടെൽ സിഇഒ ഗോപാൽ വിറ്റാലും സർക്കാരിന് മുന്നിൽ സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മാർച്ച് 2022 ൽ കുടിശിക അടയ്ക്കാൻ സാധിച്ചേക്കില്ലെന്ന വോഡാഫോൺ ഐഡിയയുടെ പ്രസ്താവന കമ്പനി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിന്റെ നേർ ചിത്രമാണ്.

വൻകിട കമ്പനിക്കാർ സോഫ്റ്റ് ഡ്രിങ്ക് ബിസിനസ്സിൽ നിന്ന് പിൻവാങ്ങുന്നു

പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിർമ്മാതാക്കൾ ബിസിനസ്സ് രീതി മാറ്റുന്നു. കുപ്പിവെളളം ,ജ്യൂസ് തുടങ്ങിയവയുടെ നിർമ്മാണത്തിൽ നിന്നാണ് ലാഭ സാധ്യത തേടി കൂടുമാറുന്നത്. ലാഭകരമല്ലാത്ത ബ്രാൻഡുകൾ ഒഴിവാക്കി ഉപഭോക്താക്കളെ ആകർഷിക്കുന്ന ഉത്പന്നങ്ങളിലേക്ക് മാറുകയാണ് ലക്ഷ്യം.ട്രോപ്പിക്കാന ഉൾപ്പടെയുളള ജ്യൂസ് ബ്രാന്റുകൾ കയ്യൊഴിയുന്നതായി പെപ്‌സികോ പ്രഖ്യാപിച്ചു. വടക്കൻ അമേരിക്കയിലെ പ്രമുഖ കുപ്പി വെളള ബ്രാന്റായ നെസ്ലെയുടെ പോളിഷ് സ്പ്രിങ്ങ് വിൽക്കാൻ ധാരണയായി. സ്വകാര്യ ഇക്വിറ്റി നിക്ഷേപകർക്കാണ് ഈ ബ്രാന്റുകൾ കൈമാറുന്നത്.

വിദേശ വിനിമയ ചട്ട ലംഘനം: ഫ്‌ളിപ്കാർട്ടിന് ഇഡിയുടെ നോട്ടീസ്

വിദേശ വിനിമയ ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രമുഖ ഇ കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാർട്ടിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫിള്പ് കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും, ബിന്നി ബൻസാലും ഉൾപ്പടെ 10 സ്ഥാപനങ്ങൾ, വ്യക്തികൾ, എന്നിവർക്കാണ് നോട്ടീസ് അയച്ചത്. വിദേശ വിനിമയ മാനേജ്‌മെന്റ് നിയമത്തിന്റെ വിധി നിർണ്ണയ അതോറിറ്റി ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസി കുറ്റം ചുമത്തിയിട്ടുളളത്.

സ്വർണ്ണ വില കുറഞ്ഞു: പവന് 35,840

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 35,840 രൂപയാണ് വില. ഒരു ഗ്രാമിന് 4,480 രൂപയും. രാജ്യാന്തര വിപണിയിൽ സ്വർണ്ണ വിലയിൽ നേരിയ ഇടിവുണ്ട്. ട്രോയ് ഔൺസിന് 1,810 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 35,920 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,490 രൂപയും. ആഗസ്റ്റ് ഒന്ന് രണ്ട് തീയതികളിൽ പവന് 36,000 വില എത്തിയെങ്കിലും പിന്നീട് ഇടിയുകയായിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *