തിരിച്ചുവരവിന്റെ സൂചനയുമായി മുംബൈയിലെ ഹോട്ടലുകള്‍

തിരിച്ചുവരവിന്റെ സൂചനയുമായി മുംബൈയിലെ ഹോട്ടലുകള്‍

മുംബൈ: ഒരു ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നത് മഹാരാഷ്ട്രയില്‍ ആയിരുന്നു. കോവിഡ് വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ അടിമുടി ഉലച്ചു. ശക്തമായ നിയന്ത്രണങ്ങള്‍ എല്ലാ തരം വ്യാപാരങ്ങളേയും പിടിച്ചുകുലുക്കി.

എന്നാലിപ്പോള്‍ മുംബൈ തിരിച്ചുവരവിന്റെ പാതയില്‍ ആണെന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. മുംബൈയിലെ ഹോട്ടലുകളില്‍ ഒക്യുപ്പന്‍സി പതിയെ കൂടി വരുന്നു എന്നതാണ് ആ സൂചന. ജൂണ്‍ മാസത്തില്‍ മുംബൈയിലെ ഹോട്ടല്‍ മുറികളില്‍ 51 മുതല്‍ 53 ശതമാനം വരെ നിറഞ്ഞിരുന്നു എന്നാണ് കണക്കുകള്‍. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്ക് കൂടിയാണിത് എന്ന പ്രത്യേകതയും ഉണ്ട്.

ഹോട്ടലുകളില്‍ താമസത്തിന് ആളുകള്‍ എത്തിത്തുടങ്ങുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന സൂചന തന്നെയാണ്. ദില്ലിയിലും ഇത് പ്രകടമാണ്. ജൂണില്‍ ദില്ലിയിലെ ഹോട്ടല്‍ മുറികളില്‍ 39 മുതല്‍ 41 ശതമാനം വരെ നിറഞ്ഞിരുന്നു എന്നാണ് കണക്ക്. മുംബൈയില്‍ തൊട്ടുപിറകില്‍ ആണ് ദില്ലിയുടെ സ്ഥാനം. എച്ച്വിഎസ് അനറോക്ക് എന്ന റിയല്‍എസ്റ്റേറ്റ് സ്ഥാപനം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

തദ്ദേശീയര്‍ അവധിയാഘോഷിക്കാന്‍ എത്തിത്തുടങ്ങിയതിന്റെ പ്രതിഫലനം ആണ് ഇപ്പോള്‍ പ്രകടമാകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ളവരുടെ വാരാന്ത്യ യാത്രകള്‍ ഇപ്പോഴും പഴയ രീതിയിലേക്ക് എത്തിയിട്ടില്ല. ഇത് കൂടി പഴയ നിലയിലേക്ക് എത്തിയാല്‍ ഹോട്ടല്‍ വ്യവസായം അല്‍പം കൂടി പച്ചപിടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആഭ്യന്തര വിമാന യാത്രകളുടെ കാര്യത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്. മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ 47 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ രാജ്യമെമ്പാടും കടുത്ത നിയന്ത്രണങ്ങളായിരുന്നു നില നിന്നിരുന്നത്. ജൂണില്‍ ഈ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരികയും ചെയ്തിരുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എല്ലാം തന്നെ ഹോട്ടല്‍ ഒക്യുപ്പന്‍സിയില്‍ ജൂണ്‍ മാസത്തില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍. ചെന്നൈ, ഹൈദരാബാദ്, പൂണെ,ചണ്ഡീഗഢ്, കൊല്‍ക്കത്ത, ബെംഗളൂരു എന്നീ നഗരങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍ മാസത്തില്‍ ഹോട്ടല്‍ ഒക്യുപ്പന്‍സി വളരെയധികം കൂടിയിട്ടുണ്ട്. അതേസമയം, പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗോവയില്‍ ഹോട്ടല്‍ ഒക്യുപ്പന്‍സിയില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ല. കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ തന്നെയാണ് ഇതിന് കാരണം.

ആഭ്യന്തര വിനോദ സഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് കേരളം. ഇവിടേയും കാര്യങ്ങള്‍ അത്രത്തോളം പ്രതീക്ഷയ്ക്ക് വകനല്‍കുന്നതല്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊച്ചിയില്‍ ഹോട്ടല്‍ ഒക്യുപ്പന്‍സിയില്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. ടിപിആര്‍ അടിസ്ഥാനമാക്കി കേരളത്തില്‍ നടപ്പിലാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങള്‍ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് എന്നാണ് വിലയിരുത്തല്‍.

എന്തായാലും രാജ്യത്തെ മൊത്തത്തിലുള്ള കണക്കുകള്‍ പ്രതീക്ഷ പകരുന്നതാണ്. ഹോസ്പിറ്റാലിറ്റി മേഖല കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പതിയെ കരകയറുകയാണ് എന്ന് വിലയിരുത്താം. രജ്യത്തെ മൊത്തം ഹോട്ടലുകളിലെ ഒക്യുപ്പന്‍സിയില്‍ 12 മുതല്‍ 14 ശതമാനം വരെ വര്‍ദ്ധന ജൂണ്‍ മാസത്തില്‍ ഉണ്ടായിട്ടുണ്ട്. വരുമാനത്തിലും പ്രകടമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഹരി വിപണിയില്‍ ഹോസ്പിറ്റാലിറ്റി കമ്പനികളുടെ ഓഹരി മൂല്യത്തില്‍ നേരിയ വര്‍ദ്ധനയും ഇപ്പോള്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. പുതിയ ഹോട്ടലുകള്‍ തുടങ്ങുന്നതിന്റെ എണ്ണവും പ്രകതീക്ഷ നല്‍കുന്നതാണ്. ഒന്നാം ലോക്ക്ഡൗണില്‍ നിന്ന് വ്യത്യസ്തമായി ഹോസ്പിറ്റാലിറ്റി കമ്പനികള്‍ അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തവണ കാത്തുനിന്നില്ല എന്ന പ്രത്യേകതയും ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *