ഹാള്‍മാര്‍ക്ക് യുഐഡി മുദ്ര പതിക്കല്‍ ; സ്വര്‍ണ വ്യാപാര മേഖലയില്‍ പ്രതിസന്ധി രൂക്ഷം

ഹാള്‍മാര്‍ക്ക് യുഐഡി മുദ്ര പതിക്കല്‍ ; സ്വര്‍ണ വ്യാപാര മേഖലയില്‍ പ്രതിസന്ധി രൂക്ഷം

സ്വര്‍ണാഭരണങ്ങള്‍ക്ക് എച്ച്യുഐഡി (ഹാള്‍മാര്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍) മുദ്ര പതിക്കാന്‍ കഴിയാതെ ലക്ഷക്കണക്കിന് ആഭരണങ്ങള്‍ കെട്ടിക്കിടക്കുന്നു. രാജ്യത്തെ സ്വര്‍ണ വ്യാപാര മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഓണ, വിവാഹ സീസണോട് അനുബന്ധിച്ച് പുതിയ ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്ത വ്യാപാരികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ 73 ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ വഴി ഒരു ലക്ഷത്തില്‍ താഴെ ആഭരണങ്ങളില്‍ മാത്രമാണ് എച്ച്‌യുഐഡി പതിച്ചു നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ മാസം വരെ ഓരോ ഹാള്‍മാര്‍ക്കിംഗ് സെന്ററുകളും ദിവസേന 1500-2000 ആഭരണങ്ങളില്‍ വരെ ഹാള്‍മാര്‍ക്ക് മുദ്ര പതിച്ചു നല്‍കിയിരുന്നു. ഏകദേശം 15 ലക്ഷത്തോളം ആഭരണങ്ങളില്‍ ഒരു മാസം ഹാള്‍മാര്‍ക്ക് ചെയ്തു നല്‍കാറുണ്ടായിരുന്നു . ഇപ്പോള്‍ വളരെ കുറച്ച് ആഭരണങ്ങളില്‍ മാത്രമാണ് ദിവസേന ഹാള്‍മാര്‍ക്ക് യുഐഡി മുദ്ര ചെയ്തു നല്‍കുന്നത്.
‘ഇത് സ്വര്‍ണ വ്യാപാര മേഖലയില്‍ പുതിയ ഒരു പ്രതിസന്ധി ഉടലെടുക്കാന്‍ ഇടയാക്കിയിരിക്കുകയാണെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. ജൂലൈ 30 ലെ കണക്കനുസരിച്ച് ഹാള്‍മാര്‍ക്കിങ് സെന്ററുകളുടെ എണ്ണം 933 ആയി. രജിസ്‌ട്രേഷന്‍ സ്വീകരിച്ച വ്യാപാരികളുടെ എണ്ണം 73,784 ആയും ഉയര്‍ന്നു. ജൂലൈ 29 ന് മാത്രം 1467 വ്യാപാരികള്‍ രജിസ്‌ട്രേഷന്‍ നേടി.

അതേസമയം, 3,04,077 ആഭരണങ്ങള്‍ മാത്രമാണ് ഇന്ത്യ ഒട്ടാകെ ജൂലൈ 29 എന്ന ദിവസം ഹാള്‍മാര്‍ക്ക് ചെയ്തത്. അതായത് ഒരു വ്യാപാരുടെ ശരാശരി നാല് ആഭരണങ്ങള്‍ മാത്രം. ഒരു ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ പതിച്ചു നല്‍കിയത് 326 പീസ് മാത്രവും. 326 പീസ് ഹാള്‍മാര്‍ക്ക് ചെയ്താല്‍ ഇന്നത്തെ നിലയില്‍ ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ നിലനില്‍ക്കില്ലെന്നതാണ് സത്യം, ഇത് മനസ്സിലാക്കാന്‍ അതികൃതര്‍ തയ്യാറാകണം,’ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി) ദേശീയ ഡയറക്ടറും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.

ഒരു വര്‍ഷം ഏകദേശം 40 കോടി ആഭരണങ്ങളിലാണ് ഹാള്‍മാര്‍ക്ക് ചെയ്തിരുന്നത്. ഇപ്പോഴത്തെ കാലതാമസമനുസരിച്ച് എച്ച്യുഐഡി പതിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും. കൂടുതല്‍ ഹാള്‍മാര്‍ക്ക് ചെയ്യാന്‍ സിസ്റ്റം ശക്തിപ്പെടുത്തുകയും രീതി ലഘൂകരിക്കുകയും വേണം. ഇത് പ്രാബല്യത്തില്‍ വരുന്നതുവരെ എച്ച്യുഐഡി മാറ്റിവയ്ക്കുകയാണ് വേണ്ടത്.
ആറക്ക തിരിച്ചറിയല്‍ കോഡ്ഓണ വിപണിയടക്കം മുന്‍നിര്‍ത്തി തീരുമാനം നീട്ടണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണ വ്യാപാരികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വ്യാപാരികള്‍ നിവേദനം നല്‍കിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് ജൂലായ് ഒന്ന് മുതല്‍ സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് യുണിക്ക് ഐഡന്റിഫിക്കേഷന്‍ മുദ്ര അഥവാ എച്ച്‌യുഐഡി നിര്‍ബന്ധമാണ്. നേരത്തെയുണ്ടായിരുന്ന ഹാള്‍മാര്‍ക്കിംഗില്‍ നിന്ന് വ്യത്യസ്തമായി ആഭരണങ്ങളില്‍ ഇനി ബിഐഎസിന്റെ ആറക്ക തിരിച്ചറിയല്‍ കോഡ് കൂടി പതിപ്പിക്കും. ഇതില്‍ നിന്ന് സ്വര്‍ണത്തിന്റെ പരിശുദ്ധി, തൂക്കം, നിര്‍മ്മാതാവിന്റെ പേര്, ജ്വല്ലറിയുടെ പേര് തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം. എച്ച്‌യുഐഡി കോഡ് പരിശോധിക്കുന്ന ഏതൊരാള്‍ക്കും ആഭരണത്തെക്കുറിച്ചുളള സമ്പൂര്‍ണ്ണ വിവരം വളരെ വേഗം മനസ്സിലാക്കിയെടുക്കാം. അടുത്ത ഘട്ടത്തില്‍ ആഭരണത്തിന്റെ ചിത്രവും ലഭ്യമാക്കാനാണ് ബിഐഎസിന്റെ (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്) പദ്ധതി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *