ചൈനീസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന് ആശങ്ക; അന്താരാഷ്ട്ര എണ്ണ വിലയില്‍ വീണ്ടും ഇടിവ്

ചൈനീസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന് ആശങ്ക; അന്താരാഷ്ട്ര എണ്ണ വിലയില്‍ വീണ്ടും ഇടിവ്

ലണ്ടന്‍: ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയിലെ ഫാക്ടറി ഉല്‍പ്പാദനം 17 മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതായുളള റിപ്പോര്‍ട്ടുകള്‍ ക്രൂഡ് ഓയില്‍ നിരക്കിലെ ഇടിവിന് കാരണമായി. ചൈനയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലെ സമ്മര്‍ദ്ദം വര്‍ധിക്കാനിടയായി. ഒപെക് ഉല്‍പാദകരില്‍ നിന്നുള്ള എണ്ണ ഉല്‍പാദനത്തിലെ വര്‍ദ്ധനവിനെ സംബന്ധിച്ച ഉറപ്പും വിപണിയിലെ വില താഴേക്ക് എത്താന്‍ ഇടയാക്കി.

ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചേഴ്‌സ് 81 സെന്റ് അഥവാ ഒരു ശതമാനം ഇടിഞ്ഞ് 74.60 ഡോളറിലേക്കും അവിടെ നിന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നിരക്ക് 72.80 ഡോളറിലേക്കും എത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകള്‍ 69 സെന്റ് അഥവാ 0.9 ശതമാനം ഇടിഞ്ഞ് 73.26 ഡോളറിലേക്കും, ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 71.05 ഡോളറിലേക്കും താഴ്ന്നു.

‘ക്രൂഡ് ഡിമാന്‍ഡ് കാഴ്ചപ്പാട് കുഴഞ്ഞുമറിഞ്ഞ നിലയിലാണ്, ആഗോള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ മെച്ചപ്പെടുന്നതുവരെ ഇത് മെച്ചപ്പെടില്ല,” ഒഎഎന്‍ഡിഎയിലെ സീനിയര്‍ അനലിസ്റ്റ് എഡ്വേര്‍ഡ് മോയ അഭിപ്രായപ്പെടുന്നു. ചൈനയിലെ ഫാക്ടറി ഉല്‍പ്പാദനം ജൂലൈയില്‍ ഒന്നരവര്‍ഷത്തിനിടെ മന്ദഗതിയിലായി. അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വില, ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടുന്ന തരത്തിലുളള മോശം കാലാവസ്ഥ സാഹചര്യം എന്നിവ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം വര്‍ധിപ്പിക്കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *