സംരംഭകർക്ക് ആശ്വാസകരമാകുന്ന അഞ്ച് നടപടികളുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

സംരംഭകർക്ക് ആശ്വാസകരമാകുന്ന അഞ്ച് നടപടികളുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

തിരുവനന്തപുരം : കോവിഡ്-19ൻറെ രണ്ടാം തരംഗം മൂലം തുടരുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നി മേഖലകളിലുള്ള യൂണിറ്റുകളെ സഹായിക്കുന്നതിനായി താഴെ പറയുന്ന നടപടികൾ കൈക്കൊള്ളുവാൻ KFC തീരുമാനിച്ചിട്ടുണ്ട്.

1.ഒരു വർഷത്തെ മൊറട്ടോറിയം

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തു 2021 മാർച്ച് 31ന് വരെ തിരിച്ചടവ് കൃത്യമായിരുന്ന ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ബഡ്ജറ്റിൽ പറഞ്ഞതനുസരിച്ച് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കും.

2.വായ്പകളുടെ പുനഃക്രമീകരണം

സംരംഭകരുടെ നിലവിലുള്ള വായ്പകൾ റിസർവ് ബാങ്ക് (RBI) മാർഗനിർദേശങ്ങൾക്കനുസൃതമായി നിഷ്ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്തു നൽകുന്നതുമാണ്. ഇതിനായി ചാർജുകളോ അധിക പലിശയോ ഈടാക്കുന്നതല്ല.

3.കെ എഫ് സി സംരംഭങ്ങൾക്ക് 20% അധിക വായ്പ

കോവിഡിന്റെ രണ്ടാം തരംഗത്തിൽ വീണ്ടും പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട മേഖലകളിലെ വ്യവസാങ്ങൾക്കും സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നത് പോലെ 20 ശതമാനം കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. അതായത് കഴിഞ്ഞ വര്ഷം അനുവദിച്ച 20 ശതമാനം ഉൾപ്പടെ 40 ശതമാനം അധിക വായ്പ. കേന്ദ്ര സർക്കാർ പദ്ധിതിക്കു സമാനമായി ആണ് കെ എഫ് സി ഇത് ആവിഷ്കരിച്ചിട്ടുള്ളത്.

ബാങ്കുകളെ പോലെ കേന്ദ്ര സർക്കാരിന്റെ ഗ്യാരന്റി ലഭിക്കാത്തതിനാൽ കെ എഫ് സി സ്വന്തം നിലക്കാണ് ഈ പദ്ധതി രൂപീകരിച്ചത്. പദ്ധതിയിൽ മുതൽ തിരിച്ചടവിനു 24 മാസത്തെ സാവകാശം നൽകും. എന്നാൽ ഈ കാലയളവിലും പലിശ അടക്കേണ്ടതിനാൽ, വായ്പയിൽ നിന്നും ഇത് തിരിച്ചടക്കുവാനുള്ള സൗകര്യവും ഈ പദ്ധതിയിലുണ്ട്.

4.കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള വ്യവസായങ്ങൾക്കുള്ള സഹായം.

കോവിഡ് രോഗവ്യാപനം തടയാനും രോഗികൾക്ക് ആശ്വാസം നൽകുവാനും സഹായിക്കുന്ന ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കായി ഉദാര വ്യവസ്ഥയിൽ പദ്ധതി ചിലവിന്റെ 90 ശതമാനം വരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ മേഖലകൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

50 ലക്ഷം വരെയുള്ള വായ്പകൾ മുഖ്യ മന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി 7% പലിശയിലാണ് നൽകുന്നത്. 5 വർഷമായിരിക്കും വായ്പാ കാലാവധി. കൂടുതൽ തുകയുടെ ലോണുകളിൽ 50 ലക്ഷം വരെ 7 ശതമാനത്തിലും അതിനു മുകളിൽ റേറ്റിംഗ് അടിസ്ഥാനമാക്കിയും ആണ് പലിശ ഈടാക്കുന്നത്. 10 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്.

5.പലിശ നിരക്ക് കുറച്ചു

ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നി വിഭാഗങ്ങൾക്കുള്ള പലിശയിൽ കെ എഫ് സി വൻ ഇളവ് വരുത്തി. കുറഞ്ഞ പലിശ 9.5 ശതമാനത്തിൽ നിന്ന് 8 ശതമാനമായാണ് കുറച്ചത്. ഉയർന്ന പലിശ 12 ശതമാനത്തിൽ നിന്നും 10.5 ശതമാനമായി കുറഞ്ഞു. റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് പലിശ നിർണയിക്കുന്നത്.

കുറഞ്ഞ പലിശയുടെ ആനുകൂല്യം 2021 ജൂലൈ 1 മുതൽ എല്ലാ ഇടപാടുകാർക്കും ലഭ്യ മാക്കിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ വർഷം പോളിസി മാറ്റങ്ങളെ തുടർന്ന് ഈടാക്കിയ അധിക പലിശ ഇടപാടുകാർക്ക് തിരികെ നൽകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *