ഖത്തര്‍ എയര്‍വേയ്‌സ് ‘ഒറിക്‌സ് കണക്ടി’ന്റെ ഗ്ലോബല്‍ ലോഞ്ച് പങ്കാളിയായി കേരളത്തിലെ വെര്‍ടെയ്ല്‍ ടെക്‌നോളജീസ്

ഖത്തര്‍ എയര്‍വേയ്‌സ് ‘ഒറിക്‌സ് കണക്ടി’ന്റെ ഗ്ലോബല്‍ ലോഞ്ച് പങ്കാളിയായി കേരളത്തിലെ വെര്‍ടെയ്ല്‍ ടെക്‌നോളജീസ്

കൊച്ചി ആസ്ഥാനമായുള്ള വെര്‍ടെയ്ല്‍ ടെക്‌നോളജീസ് വ്യോമയാനരംഗത്തെ ആധുനിക ടിക്കറ്റ് വിതരണ സാങ്കേതികവിദ്യയില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഗ്ലോബല്‍ ലോഞ്ച് പങ്കാളിയായി. ‘ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി (എന്‍.ഡി.സി.)’ അനുസരിച്ച് ഖത്തര്‍ എയര്‍വേയ്‌സിന്റെ ടിക്കറ്റുകള്‍ ഇനി ലോകമെമ്പാടും വെര്‍ടെയ്ല്‍ വികസിപ്പിച്ച ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോമായ വെര്‍ടെയ്ല്‍ ഡയറക്ട് കണക്ടി(വി.ഡി.സി.)ലൂടെ ലഭ്യമാകും. വെര്‍ടെയ്ല്‍ പ്ലാറ്റ്‌ഫോമിലേക്ക് എന്‍.ഡി.സി. അടിസ്ഥാനമാക്കി ടിക്കറ്റുകളും അനുബന്ധ സേവനങ്ങളും വിതരണം ചെയ്യുന്നതിനുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ സംവിധാനമായ ‘ഒറിക്‌സ് കണക്ട്’ ബന്ധിപ്പിച്ചാണ് ഈ സൗകര്യം ഒരുക്കുന്നത്.

ഈയിടെ ബ്ലൂബെല്‍ ക്യാപ്പിറ്റല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യവസായികള്‍ നടത്തിയ പ്രീ സീരീസ് എ നിക്ഷേപത്തിലൂടെ യൂണികോണ്‍ കമ്പനിയെന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്ന വെര്‍ടെയ്ല്‍ന്റെ വളര്‍ച്ചയിലെ നിര്‍ണ്ണായകമായ ഒരു ചുവടുകൂടിയാണ് ആഗോള വ്യോമയാനരംഗത്ത് മികച്ച സേവനവുമായി ഏറ്റവുമധികം സര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ലൈനുകളിലൊന്നായ ഖത്തര്‍ എയര്‍വേയ്‌സുമായുള്ള വ്യാപാരപങ്കാളിത്തം.
വ്യോമയാന ടിക്കറ്റിങ്ങ് രംഗത്ത് ഇതുവരെ നിലനിന്നുപോന്ന പരമ്പരാഗത രീതിയിലെ പ്രയാസങ്ങള്‍ തീര്‍ത്തും പരിഹരിക്കുന്ന ഒന്നാണ് വെര്‍ടെയ്ല്‍ വികസിപ്പിച്ചിട്ടുള്ള വി.ഡി.സി. എന്ന വിതരണ സംവിധാനം. ‘ഒറിക്‌സ് കണക്ട്’വി.ഡി.സി.യുമായി ബന്ധിപ്പിക്കുന്നതോടെ യാത്രച്ചെലവ് കുറയ്ക്കാനും എയര്‍ലൈന്‍ ഇ-കൊമേഴ്‌സ് മേഖലയുടെ എല്ലാ സാധ്യതകളേയും ഉപയോഗപ്പെടുത്താനും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കാനും ഖത്തര്‍ എയര്‍വേയ്‌സിന് സാധിക്കുമെന്ന് വെര്‍ടെയ്ല്‍ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ജെറിന്‍ ജോസ് പറഞ്ഞു.

വിമാന ടിക്കറ്റ് വിതരണത്തില്‍ നിലനില്‍ക്കുന്ന പരമ്പരാഗതരീതിയില്‍ ഇന്റര്‍നെറ്റ് യുഗത്തിനും മുന്‍പുള്ള സാങ്കേതികവിദ്യയാണ് എന്നതിനാല്‍ ടിക്കറ്റുകള്‍ക്കൊപ്പം കൂടുതല്‍ സേവനങ്ങള്‍ നല്‍കാനോ പെട്ടെന്ന് ഒരു ഓഫര്‍ നല്‍കാന്‍ പോലുമോ എയര്‍ലൈന്‍ കമ്പനികള്‍ക്ക് കഴിയാറില്ല. ഈ അവസ്ഥ മാറ്റി, യാത്രക്കാര്‍ക്ക് ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍സികളിലേക്കും മറ്റ് സേവനദാതാക്കളിലേക്കും യാത്രക്കാരിലേക്കും ടിക്കറ്റും മറ്റ് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും ഓഫറുകളും വ്യക്തിഗത സേവനങ്ങളും നേരിട്ടും അതിവേഗവും എത്തിക്കാന്‍ എയര്‍ലൈന്‍ കമ്പനികളെ സഹായിക്കുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത സാങ്കേതിക വിദ്യയാണ് എന്‍.ഡി.സി.
എന്‍.ഡി.സി. അടിസ്ഥാനമാക്കി വെര്‍ടെയ്ല്‍ വികസിപ്പിച്ചിട്ടുള്ള സമഗ്ര ഫ്രണ്ട് ഓഫീസ് ടൂളിലൂടെയും ആഗോള അപ്ലിക്കേഷന്‍ ഇന്റര്‍ഫെയ്‌സിലൂടെയും ടിക്കറ്റ് റീടെയില്‍ ബിസിനസ് രംഗത്തെ ട്രാവല്‍ ഏജന്‍സികള്‍ക്കും മറ്റും ഖത്തര്‍ എയര്‍വേയ്‌സുമായും വെര്‍ടെയ്ല്‍ ടെക്‌നോളജീസുമായി പങ്കാളിത്തമുള്ള മറ്റ് എയര്‍ലൈന്‍ കമ്പനികളുമായും നേരിട്ട് യഥാസമയം ബന്ധപ്പെടാനും ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ നിരക്കുകളും സേവനങ്ങളും ലഭ്യമാക്കാനും കഴിയുമെന്ന് ജെറിന്‍ ജോസ് പറഞ്ഞു.

എന്‍.ഡി.സി. സാങ്കേതികവിദ്യയിലെ ഏറ്റവും മികച്ച സേവനദാതാവായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വെര്‍ടെയ്ല്‍ ടെക്‌നോളജീസിന് ഇന്ന് ഇന്ത്യ, ഏഷ്യ പസഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യു.കെ., യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ വ്യോമയാന ബിസിനസില്‍ നിര്‍ണ്ണായകസ്ഥാനമായിക്കഴിഞ്ഞു. ഖത്തര്‍ എയര്‍വേയ്‌സിനു പുറമെ എമിറേറ്റ്‌സ്, ഇത്തിഹാദ്, ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേയ്‌സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങി മുപ്പതിലേറെ ആഗോള എയര്‍ലൈന്‍ കമ്പനികള്‍ ഇതിനകം തന്നെ വെര്‍ടെയ്ല്‍ ടെക്‌നോളജീസിന്റെ പങ്കാളികളായിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *