ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സിവിൽ സപ്ലൈസ് കുടിശ്ശിക 200 കോടി, ഓണക്കിറ്റിൽ ആശങ്ക

ഉൽപ്പന്നങ്ങൾ വാങ്ങിയ വകയിൽ വിതരണക്കാർക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷൻ കഴിഞ്ഞ മാസം മാത്രം നൽകാനുളള കുടിശ്ശിക 200 കോടി രൂപയിലേറെ. പണം ലഭിക്കാത്തതിനാൽ വിതരണക്കാർ പ്രതിസന്ധിയിലായി. കുടിശ്ശിക തുക ഉടൻ തീർത്തില്ലെങ്കിൽ സപ്ലൈകോയുടെ ഓണക്കിറ്റിലേക്കുളള ഉൽപ്പന്നങ്ങളുടെ പർച്ചേസിനെയും ബാധിക്കും. ഈ മാസം ആദ്യം സർക്കാർ അനുവദിച്ച പണം ഇതു വരെ കോർപ്പറേഷനു ലഭിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. 500 കോടി രൂപയാണ് സർക്കാർ കോർപ്പറേഷന് അനുവദിച്ചിരിക്കുന്നത്. ഓണക്കിറ്റിന് മാത്രം 420.5 കോടിയുടെ ചിലവ് വരും

ക്രൂഡ് ഓയിൽ വില കുറയാൻ സാധ്യത

ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ഉൽപ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്. ഒപെക് ഇതര രാജ്യങ്ങൾ (ഒപെക് പ്ലസ്) തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയിൽ വില കുറയാൻ സാധ്യതയേറി. ക്രൂഡ് ഓയിൽ വില ഇന്നലെ ബാരലിന് 73 ഡോളറിൽ നിന്ന് 71 ആയി. വില ഇനിയും താഴ്ന്നാൽ രാജ്യത്ത് ഇന്ധന വില കുറയ്ക്കാൻ സർക്കാരിനു മേൽ സമ്മർദ്ദം ശക്തമാകുമെന്ന് ഉറപ്പാണ്. 20 ദിവസത്തിനിടെ ഒൻപത് തവണയാണ് ഇന്ധന വില കൂട്ടിയത്.

സ്വർണ്ണ വില 200 രൂപ കൂടി : പവന് 36,200 രൂപയായി

സംസ്ഥാനത്ത് സ്വർണ്ണ വില ഉയർന്നു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വില ചൊവ്വാഴ്ച 200 രൂപ വർധിച്ചു. ഇതോടെ പവന്റെ വില 36,200 രൂപയായി. 4525 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾ വില 0.3 ശതമാനം വർധിച്ച് 1818.25 ഡോളറിലെത്തി. യൂറോപ്പിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതാണ് സ്വർണ്ണ വിലയെ സ്വാധീനിച്ചത്. യുഎസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതും സ്വർണ്ണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു.

രണ്ടാം ദിവസും നഷ്ടം: നിഫ്റ്റി 15,700 ലെത്തി

ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. രണ്ടാമത്തെ ദിവസവും വിപണി നഷ്ടത്തിലായി. ആഗോള തലത്തിൽ കോവിഡിന്റ് ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയിരിക്കുകയാണ്. സെൻസെക്‌സ് 202 പോയിന്റ് നഷ്ടത്തിൽ 52,351ലും,നിഫ്റ്റി 37 പോയന്റ് താഴ്ന്ന് 15,715 ലുമാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാൻ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സൂചികകളിലും നഷ്ടത്തിലാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *