കൊച്ചി വിമാനത്താവളം: ടെര്‍മിനല്‍-2 നവീകരണം മൂന്നു ബ്ലോക്കുകളായി

കൊച്ചി വിമാനത്താവളം: ടെര്‍മിനല്‍-2 നവീകരണം മൂന്നു ബ്ലോക്കുകളായി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) ടെര്‍മിനല്‍-2 നവീകരിക്കുന്നതിനുള്ള രൂപരേഖ തയാറായി. ബിസിനസ് ജെറ്റ് ടെര്‍മിനല്‍, വിവിഐപി സുരക്ഷിത മേഖല, കുറഞ്ഞ ചെലവില്‍ അല്പ നേരം ചെലവഴിക്കുന്നതിനായി ബജറ്റ് ഹോട്ടല്‍ എന്നിവയാണ് ഇവിടെ ഒരുക്കുക.

വ്യോമയാന ഇതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയുടെ ഭാഗമായാണ് ടെര്‍മിനല്‍-2ന്റെ നവീകരണമെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് അറിയിച്ചു. പദ്ധതിക്കു ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു. പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഭാവിയില്‍ ബിസിനസ് ജെറ്റുകള്‍ ധാരാളമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. അവയ്ക്കു മാത്രം ഒരു ടെര്‍മിനല്‍ എന്നതു പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ ആഭ്യന്തര വിമാന സര്‍വീസ് ഓപ്പറേഷന്‍, പുനരുദ്ധരിച്ച ടെര്‍മിനല്‍-1ലേക്ക് മാറ്റിയതോടെ രണ്ടാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രണ്ടാം ടെര്‍മിനലിനു ലക്ഷം ചതുരശ്ര അടിയാണ് വിസ്തീര്‍ണം. ഇതു മൂന്ന് ബ്ലോക്കായി തിരിക്കും. 30,000 ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കില്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നിര്‍മിക്കും. മൂന്ന് എക്സിക്യൂട്ടീവ് ലോഞ്ചുകള്‍, കസ്റ്റംസ്, ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും. രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീര്‍ണമുണ്ടാകും.

വിവിഐപി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്. മറ്റു യാത്രക്കാര്‍ക്ക് തടസമാകാതെ പ്രധാനമന്ത്രി, പ്രസിഡന്റ് ഉള്‍പ്പെടെയുള്ള വിവിഐപിമാരുടെ യാത്രാ പദ്ധതി ആസൂത്രണം ചെയ്യാന്‍ ഇതിലൂടെ കഴിയും. ശേഷിക്കുന്ന 60,000 ചതുരശ്ര അടി സ്ഥലത്താണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബജറ്റ് ഹോട്ടലാവും ഇവിടെ നിര്‍മിക്കുക. വാടക പ്രതിദിന നിരക്കില്‍ ഈടാക്കുന്നതിനു പകരം, മണിക്കൂര്‍ നിരക്കില്‍ ഈടാക്കുന്നതോടെ ലഘു സന്ദര്‍ശനത്തിനെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വിമാനത്താവളത്തില്‍ തന്നെ താമസിക്കാനുള്ള സൗകര്യം ലഭ്യമാകും. ഒന്ന്, രണ്ട് ബ്ലോക്കുകള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണു സിയാല്‍ പദ്ധതിയിടുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *