ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ജിഎസ്ടി വിഹിതം: കേരളത്തിന് 4122 കോടി രൂപ

കേരളത്തിന് ജിഎസ്ടി വിഹിതത്തിൽ 4122 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു.എല്ലാ സംസ്ഥാനങ്ങൾക്കുമായി ആകെ 75,000 കോടിയാണ് അനുവദിച്ചത്. 2020-2021 സാമ്പത്തിക വർഷത്തെ നഷ്ടപരിഹരമായി കേരളത്തിന് ആകെ ലഭിക്കേണ്ട ജിഎസ്ടി വിഹിതം 4524 കോടി രൂപയാണ്. ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിനുളള ജിഎസ്ടി വിഹിതം എത്രയും വേഗം ലഭ്യമാക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു.

മലബാർ സിമന്റ്‌സിന് 7.04 കോടി ലാഭം

പ്രളയവും കോവിഡും ഉയർത്തിയ പ്രതിസന്ധി അതിജീവിച്ച് പൊതുമേഖല സ്ഥാപനമായ മലബാർ സിമന്റ്‌സ്്. മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കമ്പനി വീണ്ടും ലാഭം നേടി. 2020-2021 സാമ്പത്തിക വർഷത്തിൽ 7.04 കോടി രൂപയുടെ ലാഭമാണ് കമ്പനി കൈവരിച്ചത്. ഇതോടെ മൂന്ന് വർഷമായി മുടങ്ങിയ വാർഷിക ഉൽപ്പാദന ലാഭവിഹിതം ജീവനക്കാർക്ക് പ്രോത്സാഹനമായി ഉടൻ നൽകുമെന്ന് മാനേജിങ്ങ് ഡയറക്ടർ എം.മുഹമ്മദാലി അറിയിച്ചു. ഒന്നും രണ്ടും പ്രളയത്തിൽ വലിയ നഷ്ടമാണു കമ്പനിക്കുണ്ടായത്. പല ഘട്ടങ്ങളിലും ഉൽപ്പാദനം പോലും മുടങ്ങി. ഇതിന് പിന്നാലെയാണ് കോവിഡ് എത്തിയത്. പ്രതിവർഷം 25 ലക്ഷം രൂപയുടെ നഷ്ടത്തിലേക്ക് കമ്പനി ഇതോടെ കൂപ്പു കുത്തി. ജനപ്രിയ ബ്രാൻഡുകളുടെ ഉൽപ്പാദനവും വിപണനവും കൂട്ടിയും ഉൽപ്പാദന വിതരണ രംഗത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെലവു കുറച്ചുമാണ് ലാഭത്തിലെത്തിയത്. വരും വർഷങ്ങളിൽ നേട്ടം തുടരാനുളള പരിശ്രമത്തിലാണെന്നും എം മുഹമ്മദലി.

സ്വർണ്ണ വില കൂടി: പവന്റെ വില 36,200 രൂപ

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഉയർന്നു. പവന്റെ വില 80 രൂപ കൂടി 36,200 ലെത്തി. ഗ്രാമിന്റെ വില 4525 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1829.14 ഡോളർ നിലവാരത്തിലാണ്. ഈയാഴ്ച മാത്രം വിലയിൽ 1.2 ശതമാനമാണ് വർധനവുണ്ടായത്.

സെൻസെക്‌സ് 53,520 കടന്നു: കിറ്റെക്‌സ് ഇന്നും തകർച്ചയിൽ

ആഗോള വിപണികളിലെ തളർച്ച ബാധിക്കാതെ സൂചികകൾ. സെൻസെക്‌സ് 103 പോയന്റ് ഉയർന്ന് 53,262 ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തിൽ 15,953ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, എച്ച്‌സിഎൽ ടെക്, എച്ച്ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റാ സ്റ്റീൽ,റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, ഭാരതി എയർടെൽ, സൺ ഫാർ, ബജാജ് ഓട്ടോ, എച്ചഡിഎഫ്‌സി ബാങ്ക് ,ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.നെസ് ലെ ,ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്. കിറ്റക്‌സിന്റെ ഓഹരി രണ്ടാദിവസവും തകർച്ച നേരിട്ടു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *