ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് 75000 കോടി രൂപ

ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് 75000 കോടി രൂപ

ദില്ലി: ജിഎസ്ടി കുടിശ്ശികയിനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം. ഇതോടെ കേരളത്തിന് 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്. നഷ്ടപരിഹാരമായി 4500 കോടിയാണ് കേരളത്തിന് കിട്ടേണ്ടിയിരുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള കുടിശ്ശികയുടെ അമ്പത് ശതമാനവും ഒറ്റ തവണയായി നല്‍കുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി. 1.59 ലക്ഷം കോടി രൂപ വായ്‌പെടുത്ത് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയിലേക്ക് നല്‍കുമെന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.

ജിഎസ്ടി നഷ്ടപരിഹാരത്തിന് പകരമായി ബാക്ക്-ടു-ബാക്ക് ലോണ്‍ സൌകര്യത്തിന് കീഴില്‍ 75,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കുമെന്ന് ധനമന്ത്രാലയം ഇന്ന് വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ സെസില്‍ നിന്ന് 2 മാസത്തിലൊരിക്കല്‍ സാധാരണ ജിഎസ്ടി നഷ്ടപരിഹാരം നല്‍കുമെന്നുമാണ് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നഷ്ടപരിഹാരത്തിന്റെ കുറവ് നികത്തുന്നതിനുള്ള ക്രമീകരണങ്ങളില്‍ യോഗ്യരായ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമ്മതിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു

കൊവിഡ് പ്രതിസന്ധിക്കിടെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും മൂലധനച്ചെലവിനുമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡ് പോരാട്ടത്തില്‍ പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ധനമന്ത്രാലയം ഇത്തരമൊരു നീക്കം നടത്തിയിട്ടുള്ളത്. ബാക്കി തുക 2021-22 സാമ്പത്തിക വര്‍ഷത്തി ന്റെ രണ്ടാം പകുതിയില്‍ സ്ഥിരമായ തവണകളായി പുറത്തിറക്കും.

വൈകിയാണെങ്കിലും കുടിശ്ശിക വിതരണം ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ മറ്റാവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക അടിയന്തരമായി നല്‍കണമെന്ന്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കെ എന്‍ ബാലഗോപാല്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *