കുഷാഖിന്റെ ഡെലിവറി ആരംഭിച്ച് സ്‌കോഡ

കുഷാഖിന്റെ ഡെലിവറി ആരംഭിച്ച് സ്‌കോഡ

ചെക്ക് ആഡംബര വാഹന നിർമ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്‌യുവി ആയ കുഷാഖ് കഴിഞ്ഞദിസമാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ഏറെക്കാലത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് എത്തിയത്.

ഇപ്പോൾ കുഷാഖിന്റെ ഡെലിവറിയും സ്‌കോഡ ആരംഭിച്ചിരിക്കുകയാണെന്ന് റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. 1.0 ലിറ്റർ ടിഎസ്‌ഐ എഞ്ചിൻ പതിപ്പ് മാത്രമാണ് നിലവിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് ആദ്യ ആഴ്ച മുതൽ 1.5 ലിറ്റർ ടിഎസ്‌ഐയുടെ ഡെലിവറികൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 25,000 രൂപയാണ് വാഹനത്തിന്റെ ബുക്കിംഗ് തുക.

രണ്ട് എൻജിൻ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനിൽ ആക്ടീവ്, അംബീഷൻ, സ്‌റ്റൈൽ എന്നീ മൂന്ന് വേരിയന്റുകളിൽ എത്തുന്ന കുഷാഖിന് 10.49 ലക്ഷം രൂപ മുതൽ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. 95 ശതമാനവും പ്രാദേശികമായി നിർമിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയിൽ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തിക്കാൻ സാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ കാറാണ് കുഷാഖ്. സംസ്‌കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവർത്തി എന്നൊക്കെയാണ് ഈ പേരിൻറെ അർത്ഥം. പേരുപോലെ തന്നെ സകല എതിരാളികളെയും ഞെട്ടിക്കുന്ന വിലയിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 2021 മാർച്ചിലാണ് കമ്പനി ആദ്യമായി ഈ മോഡലിനെ അവതരിപ്പിക്കുന്നത്. 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലും ഫോക്‌സ്വാഗൺ ഗ്രൂപ്പ് നൈറ്റിലും സ്‌കോഡ അവതരിപ്പിച്ച വിഷൻ ഇൻ കൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്യുവിയാണ് കുഷാഖ്. ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ പൂനെയിലെ ചകാൻ പ്ലാൻറിലാണ് ഈ വാഹനം നിർമിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *