മഹീന്ദ്രയുടെ വാഹനങ്ങൾക്ക് വില കൂടും

മഹീന്ദ്രയുടെ വാഹനങ്ങൾക്ക് വില കൂടും

മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഹനങ്ങൾക്ക് വില കൂടുമെന്ന് റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുലക്ഷം രൂപയുടെ അടുത്തുള്ള വർദ്ധനവാണ് വിവിധ മോഡലുകൾക്ക് അനുസരിച്ച് വരുത്തിയിരിക്കുന്നത്. മഹീന്ദ്ര ലൈനപ്പിൽ ഥാർ എസ്‌യുവിക്കാണ് ഏറ്റവുമധികം വില കൂടുക. ഥാർ ശ്രേണിയിൽ 32,000 രൂപ മുതൽ 92,000 രൂപ വരെയായിരിക്കും വർധനയുണ്ടാവുക. ബൊലേറോ, മരാസോ, സ്‌കോർപിയോ, എക്‌സ് യു വി 300 എന്നിവയാണ് വില വർദ്ധിച്ച മറ്റ് മഹീന്ദ്ര വാഹനങ്ങൾ. എന്നാൽ ഈ കാറുകൾക്ക് വില രണ്ടോ മൂന്നോ ശതമാനം മാത്രമേ വർദ്ധിപ്പിച്ചിട്ടുള്ളൂ. മഹീന്ദ്രയുടെ അത്ര ജനപ്രിയമല്ലാത്ത വാഹനങ്ങൾക്ക് ചെറിയ വില വർദ്ധനവ് മാത്രമേ വരുത്തിയിട്ടുള്ളൂ.

മഹീന്ദ്ര എക്‌സ്‌യുവി 500 -ന് 3,000 രൂപയ്ക്കടുത്തും കെയുവി 100-ന് 2670 രൂപയും അൾടുറാസിന് 3300 രൂപയുമാണ് കൂടുക. എക്‌സ്.യു.വി. 300-ശ്രേണിയിൽ 3600 രൂപ മുതൽ 24,000 രൂപ വരെ കൂടും. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനങ്ങളിൽ ഒന്നായ ബൊലേറോയ്ക്ക് 21,000 മുതൽ 22,600 രൂപ വരെ കൂടും. മരാസോ എംപിവിയുടെ വിലയിൽ 26,000 മുതൽ 30,000 രൂപയുടെ വരെ വർദ്ധനയാണ് ഉണ്ടാവുക. സ്‌കോർപിയോയുടെ വില യിൽ 30,000 രൂപ മുതൽ 40,000 രൂപ വരെ വർദ്ധന വരും. 2021 ൽ മഹീന്ദ്ര ഇത് മൂന്നാമത്തെ വില വർധനയാണ് നടപ്പാക്കുന്നത്. 2021 മെയ് മാസത്തിൽ ആയിരുന്നു ഇതിന് മുമ്പ് വില കൂട്ടിയത്.

വാഹനങ്ങളുടെ നിർമാണ സാമഗ്രികളുടെ വിലയിലെ വർദ്ധന തന്നെയാണ് വീണ്ടും വില വർദ്ധിപ്പിക്കാൻ വാഹന നിർമാതാക്കളെ നിർബന്ധിതരാക്കുന്നത്. ഉത്പാദനച്ചെലവ് ഉയർന്ന പശ്ചാത്തലത്തിൽ ജൂലായ് മുതൽ തന്നെ കാറുകളുടെ വിലവർധിപ്പിക്കാനാണ് മഹീന്ദ്രയുടെ നീക്കം. 2021 ൽ ഒട്ടുമിക്ക വാഹന നിർമാതാക്കളും വാഹന വില വർദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യങ്ങളിൽ വിൽപന കുറഞ്ഞിരിക്കുന്ന ഘട്ടത്തിൽ പോലും വില കൂട്ടേണ്ട സാഹചര്യത്തിലാണ് വാഹന നിർമാതാക്കൾ. അതുപോലെ തന്നെ വാഹന നിർമാണത്തിന് ആവശ്യമായ ചിപ്പുകളുടെ ലഭ്യതയും വിലക്കയറ്റവും ഒരു പ്രശ്നമാണ്.

അതേസമയം ബുക്ക് ചെയ്ത നിരവധി മാസങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടും ഥാറിന് ആവശ്യക്കാരേറെയാണ്. 2020 ഒക്ടോബർ രണ്ടിനാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാർ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് വാഹനത്തിന്. കാറിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ വിതരണത്തിലെ തടസ്സങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾ ഇപ്പോഴും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *