എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ ചുമരുകള്‍ ഇനി പഴയതുപോലെയല്ല!

എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ ചുമരുകള്‍ ഇനി പഴയതുപോലെയല്ല!

പെയിന്റടര്‍ന്നും അഴുക്കു പടര്‍ന്നും പോസ്റ്ററുകള്‍ നിറഞ്ഞും മുഷിഞ്ഞും നിറം മങ്ങിയുമൊക്കെയാണ് നമ്മുടെ ബസ് സ്റ്റാന്റുകളുടെ ചുമരുകളുകളും മതിലുകളുമൊക്കെ കിടക്കുന്നത്. ഈ പതിവുകാഴ്ചയില്‍ നിന്നും ഒരു മാറ്റം തേടുകയാണ് എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റ്. എഷ്യന്‍ പെയിന്റ്‌സും സ്റ്റാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷനും ചേര്‍ന്നൊരുക്കുന്ന ഡൊണേറ്റ് എ വാള്‍ പദ്ധതിയുടെ ഭാഗമായാണിത്.
ഇന്ത്യയിലെ നഗരങ്ങളിലെയും പ്രധാനകേന്ദ്രങ്ങളുടെയും ചുമരുകളില്‍ വലിയ മികവുറ്റ പെയിന്റിങ്ങുകള്‍ ഒരുക്കി കലയെ പൊതുജനമദ്ധ്യത്തിലേക്ക് ഇറക്കിക്കൊണ്ടുവരുന്ന പദ്ധതിയാണ് ഡൊണേറ്റ് എ വാള്‍.

കേരളത്തില്‍ കാസര്‍ഗോഡ് ഒരു മത്സ്യത്തൊഴിലാളിയുടെ വീടിന്റേയും കോഴിക്കോട് കൊപ്രബസാറിന്റേയും ചുമരുകള്‍ ഈ പദ്ധതിയിലൂടെ ഇതിനകം നിരവധി കലാസ്വാദകരെ ആകര്‍ഷിക്കും വിധം മനോഹരമായി മാറിക്കഴിഞ്ഞു. ഈ പദ്ധതിയിലേക്ക് കേരളത്തിലെ എറ്റവും ജനത്തിരക്കേറിയ ബസ് സ്റ്റാന്റുകളിലൊന്നായ എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിന്റെ ചുമരു കൂടി നല്‍കിയിരിക്കുകയാണ് ഡിസ്ട്രിക്റ്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായ വി.എം. താജുദ്ദീന്‍.
കേരളത്തിന്റെ പ്രൗഢമായ ഭൂതകാലവും ശോഭനമായ ഭാവിയും കോര്‍ത്തിണക്കുന്ന പ്രമേയമാണ് എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിന്റെ ചുമരുകളെ അലങ്കരിക്കുന്നതെന്ന് ഏഷ്യന്‍ പെയിന്റ്‌സ് അധികൃതര്‍ പറഞ്ഞു.

പഴങ്ങളുമായി നില്‍ക്കുന്ന ഒരു വൃദ്ധയും സ്‌കൂള്‍ ബാഗുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുമാണ് സീറോ എന്ന ഏജന്‍സിയിലെ കലാകാരന്മാരൊരുക്കുന്ന ചിത്രത്തിലെ മുഖ്യപ്രമേയം.
പാരമ്പര്യത്തിന്റെ ജ്ഞാനവും മണ്ണിന്റെ ഫലഭൂയിഷ്ഠതയും ജനതയുടെ സംരക്ഷണവും വൃദ്ധ പ്രതിനിധാനം ചെയ്യുമ്പോള്‍ ദൃഢനിശ്ചയത്തോടെ ഭാവിയിലേക്കു കുതിക്കുന്ന പുതുതലമുറയെയാണ് പെണ്‍കുട്ടി പ്രതിനിധീകരിക്കുന്നത്. കുട്ടിയുടെ സ്‌കൂള്‍ ബാഗ് അറിവിന്റെ മൂല്യത്തെ വിളിച്ചോതുന്നു. സ്ത്രീശാക്തീകരണത്തിന്റെ സന്ദേശം കൂടിയാണ് ഈ ചിത്രീകരണത്തിലൂടെ കലാകാരന്മാര്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.

ചിത്രത്തിന്റെ പശ്ചാത്തലത്തിലെ കടല്‍ ദൃശ്യങ്ങള്‍ കൊച്ചിയിലെ പ്രകൃതി എന്നതിനൊപ്പം നഗരത്തില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ഊര്‍ജ്ജപ്രവാഹത്തേയും ആകാശനീലിമ നഗരത്തിന്റെ വളര്‍ച്ചാസ്വപ്‌നങ്ങളേയും വിളിച്ചോതുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *