പരാതി കേള്‍ക്കാന്‍ വ്യവസായമന്ത്രി സംരംഭകര്‍ക്കിടയിലേക്ക്

പരാതി കേള്‍ക്കാന്‍ വ്യവസായമന്ത്രി സംരംഭകര്‍ക്കിടയിലേക്ക്

തിരുവനന്തപുരം: ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കാനായി വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി 15ന് ആരംഭിക്കും. ഓരോ ജില്ലയിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങള്‍ ആരംഭിച്ചവരെയോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെയോ ആണ് മന്ത്രി നേരില്‍ കാണുക.

വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസങ്ങളും സംരംഭകര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താം. അത്തരം പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെത്തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, തദ്ദേശ വകുപ്പ്, ലീഗല്‍ മെട്രോളജി, മൈനിംഗ് ആന്‍ഡ് ജിയോളജി, അഗ്‌നിശമനസേന തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍, ചുമതലയുള്ള ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും.

എറണാകുളം 15 രാവിലെ 10, തിരുവനന്തപുരം 16 ഉച്ചയ്ക്ക് 2, കോട്ടയം ജൂലൈ 19 രാവിലെ 10 എന്നിങ്ങനെ ആദ്യ മൂന്ന് ജില്ലകളിലെ പരിപാടിയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും പരിപാടിയുടെ സംഘാടനത്തിന് വ്യവസായ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചുമതല നിശ്ചയിച്ചിട്ടുണ്ട്. പരാതികളോ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ അവ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ ഇ മെയില്‍ വഴിയോ മുന്‍കൂട്ടി നല്‍കണം. പരാതിയുടെ പകര്‍പ്പ് meetthe minister@gmail.com എന്ന ഇമെയിലിലും നല്‍കണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. മന്ത്രിയെ കാണേണ്ട സമയം അപേക്ഷകരെ മുന്‍കൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തില്‍നിന്ന് അറിയിക്കും.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി വ്യവസായികളുമായി ചര്‍ച്ച നടത്തുന്നതിന് ഫിക്കി പ്രത്യേക പരിപാടി 12 നു സംഘടിപ്പിച്ചിട്ടുണ്ട്. സിഐഐയും ചെറുകിട വ്യവസായികളുടെ സംഘടനയും ഇതിനായി പ്രത്യേക വേദികളൊരുക്കും.
സംരംഭകര്‍ക്ക് വ്യവസായ നടത്തിപ്പിനുള്ള എല്ലാ സൗകര്യങ്ങളും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഏതെങ്കിലും തലത്തില്‍ സാങ്കേതിക തടസങ്ങള്‍ നേരിടുന്നവര്‍ക്ക് അവരുടെ സംരംഭങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള അവസരമാണ് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലൂടെ ഒരുക്കുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *