നിക്ഷേപകരെ കാത്ത് കമ്പനികൾ,ഐപിഒ തരംഗവുമായി വിപണി: സൊമാറ്റോ ഓഹരി വിൽപ്പന ജൂലായിൽ

നിക്ഷേപകരെ കാത്ത് കമ്പനികൾ,ഐപിഒ തരംഗവുമായി വിപണി: സൊമാറ്റോ ഓഹരി വിൽപ്പന ജൂലായിൽ

രാജ്യത്തെ വിപണിയിൽ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) യുടെ കാലമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ പ്രാഥമിക ഓഹരി വിൽപ്പന മൂലധന സമാഹരണം നടത്തിയത് 22 കമ്പനികളാണ്. ഇതിൽ കേരളത്തിൽ നിന്നുളള കല്യാൺ ജ്വല്ലേഴ്‌സും ഉൾപ്പെടുന്നു. ഈ മാസത്തിൽ ് ഓൺലൈൻ ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഉൾപ്പടെ വിവിധ കമ്പനികളാണ് വിപണിയിലെത്തുന്നത്.

കഴിഞ്ഞ മാസം അഞ്ച് കമ്പനികൾ ഐപിഒയുമായി വിപണിയിലേക്ക് എത്തിയിരുന്നു. ഈ സ്ഥാപനങ്ങൾ ഓഹരി വിൽപ്പനയിലൂടെ 9,923 കോടി രൂപ സമാഹരിച്ചു. ഈ മാസത്തിൽ നടക്കാനിരിക്കുന്ന ഐപിഒകളിലൂടെ 18,000 കോടി രൂപയെങ്കിലും സമാഹരിക്കപ്പെടുമെന്നാണ്് റിപ്പോർട്ടുകൾ. ഇതിൽ തന്നെ സൊമാറ്റോ 8,250 കോടി രൂപയുടെ ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്.

ഗ്‌ളെൻമാർക് ലൈഫ് സയൻസസ്, ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ശ്രീറാം പ്രോപ്പർട്ടീസ് തുടങ്ങിയവയാണ് ഈ മാസം ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന മറ്റ് കമ്പനികൾ. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വിൽപ്പനയിലൂടെ വിവിധ കമ്പനികൾ സമാഹരിച്ച ആകെ തുക 27,417 കോടി രൂപയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് ആദ്യമായാണ് ഇത്രയും ഉയർന്ന തുക സമാഹരിക്കപ്പെടുന്നതെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് സൊമാറ്റോ ഐപിഒയ്ക്ക് സെബി അനുമതി നൽകിയത്. ജൂലൈ പകുതിയോടെ ഓൺലൈൻ ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ വിപണിയിൽ ലിസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.ചൈനയുടെ ആന്റ് ഗ്രൂപ്പിന്റെ പിന്തുണയുള്ള സൊമാറ്റോ അതിന്റെ പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്ന് 8,250 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഈ വർഷം ഏപ്രിലിൽ കമ്പനി നിർദ്ദിഷ്ട ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) കൈമാറിയിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *