ദാരിദ്രത്തിൽ നിന്നും സമ്പന്നതയുടെ കൊടുമുടിയിലേക്ക് :സ്റ്റാർബക്‌സിന്റെ സാരഥി ഹൊവാഡ് ഷൂൾസിന്റെ വിജയകഥ

ദാരിദ്രത്തിൽ നിന്നും സമ്പന്നതയുടെ കൊടുമുടിയിലേക്ക് :സ്റ്റാർബക്‌സിന്റെ സാരഥി ഹൊവാഡ് ഷൂൾസിന്റെ വിജയകഥ

ലോകത്തിലെ ഏറ്റവും വലിയ കോഫി കമ്പനിയാണ് സ്റ്റാർബക്‌സ്. ഒരിക്കലെങ്കിലും ഈ കോഫി നുകരാൻ ആഗ്രഹിക്കുന്നവരാണ് പലരും. ഇന്ന് കാണുന്ന സമ്പന്നതയിൽ നിൽക്കുന്ന സ്റ്റാർബക്‌സിലേക്ക് എത്തിയതിന് പിന്നിൽ വളരെയേറെ കഠിനപ്രയത്‌നത്തിന്റെ കഥയുണ്ട്. സ്റ്റാർബക്സിന്റെ ഉടമ ഹൊവാഡ് ഷുൾസിന് ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. കൈയിൽ ഒന്നുമില്ലാതെ പ്രായമായമാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെട്ടിരുന്ന നാളുകൾ. ജീവിതത്തിൽ തോറ്റുപോകരുതെന്ന അദ്ദേഹം മനസ്സിൽ ഉറച്ച തീരുമാനം എടുത്തു. ഓരോ അവസരങ്ങളിലും അദ്ദേഹം നിരവധി സാധ്യതകൾ കണ്ടെത്തി. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് ഇന്നത്തെ സ്റ്റാർബക്‌സിന്റെ സമ്പന്നതിയിലേക്ക് എത്തിച്ചത്. 1953 ൽ ന്യൂയോർക്കിൽ ജനിച്ച ഹൊവാഡ് ഷുൾസിന് ഏറെ ക്ലേശകരമായ ഒരു ബാല്യകാലമാണ് ഓർമിക്കാനുള്ളത്. തോറ്റു പോകുമെന്ന ഭീതി മാത്രമാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചതെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു.

അവസരങ്ങൾ തേടി നടന്നു

കഷ്ടപ്പാടുകൾക്ക് നടുവിലും ഷുൾസ് പഠനം പൂർത്തിയാക്കി.നോർത്തേൺ മിഷിഗൺ സർവകലാശാലയിൽ നിന്നും ബിരുദം നേടി. തുടർന്ന് തൊഴിൽ അന്വേഷിച്ചിറങ്ങി. ഇതിനിടയിൽ പിതാവ് മരിച്ചു. അതോടെ സഹോദരങ്ങൾ അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം ഷുൾസിനായി. ചെറുതും വലുതുമായ പല കമ്പനികളിലും എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തു. ഒടുവിൽ അടുക്കള ഉപകരണങ്ങൾ വിൽക്കുന്ന ഒരു സ്ഥാപനത്തിന്ന്റെ സെയിൽസ് റെപ്രസെന്റ്റേറ്റിവ് ആയി ജോലി ചെയ്തു. വിപണിയെ കുറിച്ച് ഷുൾസ് വീക്ഷിച്ചു തുടങ്ങിയത് അക്കാലത്താണ്. 1981 ൽ സിയാറ്റിലിൽ ഉള്ള സ്റ്റാർബക്സ് എന്ന കമ്പനിയിലെ ഡ്രിപ് കോഫി മേക്കറിന് ധാരാളം ഓർഡർ ലഭിച്ചത് ഷുൾസ് ശ്രദ്ധിച്ചു.

അതിന്റെ വിപണി സാധ്യതകളെപ്പറ്റി പഠിക്കുന്നതിനായി ഷുൾസ് സീറ്റിലിലേക്കു പോയി.അവിടെയെത്തി ആദ്യം അന്വേഷിച്ചത് എന്താണ് സ്റ്റാർബക്സ് എന്നായിരുന്നു. സുമാട്രാ, കെനിയ, എത്യോപ്യ, കോസ്റ്ററിക്ക മുതലായ സ്ഥലങ്ങളിൽ നിന്നുള്ള കാപ്പിക്കുരുകൊണ്ടുള്ള കാപ്പിപ്പൊടി വിൽക്കുന്ന സ്റ്റോറായിരുന്നു സ്റ്റാർബക്സ്. പിന്നെ സ്റ്റാർബക്സ് സ്റ്റോർ സന്ദർശിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സ്റ്റോർ സന്ദർശിച്ച ഉടനെ ഇതാണ് തന്റെ ലോകം എന്ന് അദ്ദേഹം മനസിലാക്കി.

ഏകദേശം ഒരുവർഷക്കാലം അദ്ദേഹം സ്റ്റാർബക്സ് കമ്പനിയുമായി നല്ല ബന്ധം പുലർത്തി. അതിനുശേഷം തനിക്ക് സ്റ്റാർബക്സിൽ ജോലിചെയ്യാൻ താൽപര്യം ഉണ്ടെന്ന കാര്യം അദ്ദേഹം കമ്പനിയെ അറിയിച്ചു. അത് പ്രകാരം മാർക്കറ്റിംഗ് വിഭാഗത്തിന്റെ ഡയറക്റ്ററായി അദ്ദേഹം അധികാരമേറ്റു.1984 സ്റ്റാർബക്സിനുവേണ്ടി കോഫീ ബീനുകൾ പർച്ചേസ് ചെയ്യാൻ ഇറ്റലിയിലെ മിലാനിൽ ചെന്ന ഷുൾസ് അവിടെയുള്ള കോഫീ ഷോപ്പുകൾ ശ്രദ്ധിച്ചു. വെറുതെ വന്ന് കാപ്പി കുടിച്ച് പോകുക എന്നതിനപ്പുറം ആളുകൾക്ക് ഒരുമിച്ചിരുന്നു വർത്തമാനം പറയാനും ആശയസംവാദം നടത്താനും ഉള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. ഇത്തരത്തിൽ ഏകദേശം 200,000 കഫെകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഈ ബിസിനസ് മോഡൽ ഷുൾസിനെ ഏറെ ആകർഷിച്ചു.

തിരികെ സീറ്റിലിൽ എത്തിയ ഷുൾസ് സ്റ്റാർബക്സ് സ്ഥാപകരോട് ഇത്തരത്തിൽ എക്സ്പ്രേസ്സോ കോഫി കുടിക്കുവാനും ഇരുന്നു സംസാരിക്കുവാനും ഒക്കെ സൗകര്യങ്ങൾ ഒരുക്കുന്ന രീതിയിൽ സ്റ്റാർബക്സ് കൗണ്ടറുകൾ മാറ്റുന്നതിനെപ്പറ്റി സംസാരിച്ചു. എന്നാൽ അവരുടെ പ്രതികരണം നിരാശാജനകമായിരുന്നു. തങ്ങൾക്ക് കോഫി പൗഡർ വിൽക്കുന്ന സ്ഥാപനത്തെ ഒരു റെസ്റ്റോറന്റ് ആക്കാൻ താൽപര്യം ഇല്ല എന്നാണ് അവർ പറഞ്ഞത്. ഇത് ഷുൾസിനെ ഏറെ നിരാശപ്പെടുത്തി. അദ്ദേഹം സ്റ്റാർബക്സിൽ നിന്നും രാജിവയ്ക്കുവാനായി തീരുമാനിച്ചു. അങ്ങനെ 1985 ൽ ഷുൾസ് സ്റ്റാർബക്സിന്റെ പടികൾ ഇറങ്ങി.

സ്റ്റാർബക്സിന്റെ അതേ നിലവാരത്തിൽ ഇറ്റലിയിൽ കണ്ട മാതൃകയിൽ കോഫിഷോപ്പുകൾ ആരംഭിക്കുക എന്നതായിരുന്നു രാജിവച്ചിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ തീരുമാന. ഷൂൾസ് മനസ്സിൽ കണ്ട കോഫി ഷോപ്പ് ആരംഭിക്കുന്നതിന് ് 400000 ഡോളർ വേണമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കയ്യിൽ അന്ന് ഒന്നും ഉണ്ടായിരുന്നില്ല. ഇതു കൂടാതെ ഭാര്യ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു. സ്റ്റാർബക്സിന്റെ സ്ഥാപകരായ ജെറി ബാൾഡ്വിനും ഗോർഡൻ ബൗക്കറുമാണ് ഷുൾസിനെ പണം നൽകി സഹായിക്കുന്നതിന്. ഒപ്പം പരിചയത്തിലുള്ള ഒരു ഡോക്ടർ 100000 ഡോളർ നൽകുകയും ചെയ്തു..

അങ്ങനെയാണ് 1986 ഇൽ ജിയോർനേൽ എന്ന പേരിൽ ഷുൾസ് തന്റെ കോഫി ഷോപ്പ് ആരംഭിച്ചു.കോഫിക്ക് പുറമെ ഐസ്‌ക്രീം കൂടി ഷുൾസ് തന്റെ സ്ഥാപനത്തിൽ ലഭ്യമാക്കി. ഇതിന്റെ ഒപ്പം മ്യൂസിക് കൂടി കേൾപ്പിക്കാൻ തുടങ്ങിയതോടെ ഇൽ ജിയോർനേൽ എന്ന സ്ഥാപനത്തിന്റെ ഗതി മാറി. 1987 ൽ സ്റ്റാർബക്സ് സ്ഥാപകർ പീറ്റ്സ് കോഫീ ആൻഡ് ടീയുടെ വിപണിയിൽ ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചപ്പോൾ സ്റ്റാർബക്സിന്റെ റീട്ടെയ്ൽ യൂണിറ്റ് ഷുൾസിന് 3.8 മില്യൺ ഡോളറിന് വിറ്റു.

പേര് മാറ്റം

സ്റ്റാർബക്സിനെ വാങ്ങിയശേഷം ഷുൾസ് ഇൽ ജിയോർനേൽ എന്ന പേര് സ്റ്റാർബക്സ് എന്നുതന്നെയാക്കി മാറ്റി. അതോടെ ഷുൾസിന്റെ നല്ലകാലവും ആരംഭിച്ചു. സ്വതവേ വിപണിയിൽ പേരെടുത്ത ഒരു ബ്രാൻഡ് , അതിനോടൊപ്പം ഷുൾസിന്റെ വ്യത്യസ്തമായ വിപണന തന്ത്രം കൂടി ആയതോടെ പിന്നെ യാത്ര മുന്നോട്ട് തന്നെയായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്റ്റാർബക്സ് വ്യാപിച്ചു. ഇതോടൊപ്പം റിയൽ എസ്റ്റേറ്റിലും ഷുൾസ് ഭാഗ്യ പരീക്ഷണം നടത്തി. ഇതിലു രണ്ടിലും വളർച്ച വളരെ പെട്ടന്നായിരുന്നു. 1992 ൽ സ്റ്റാർബക്സ് ഐപിഒ നടത്തിയിരുന്നു. അത് ഒരു ചരിത്രമായി. 1987 ൽ കേവലം 11 സ്റ്റോറുകളും 100 ജീവനക്കാരുമുണ്ടായിരുന്ന സ്റ്റാർബക്സിന് ഇന്ന് 43 രാജ്യങ്ങളിലായി 15000ലധികം കോഫി ഷോപ്പുകളും 1,50,000ലധികം ജീവനക്കാരുമുണ്ട് സ്റ്റാർബക്സിന്. ചൈനയില് മാത്രം 800 സ്റ്റോറുകളാണ് ഉള്ളത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *