യുവാക്കളുടെ സ്റ്റാര്‍ട്ടപ്പ് സഹകരണ സംഘം ; ആദ്യത്തേതു 2 മാസത്തിനകം

യുവാക്കളുടെ സ്റ്റാര്‍ട്ടപ്പ് സഹകരണ സംഘം ; ആദ്യത്തേതു 2 മാസത്തിനകം

യുവാക്കള്‍ക്കു തൊഴില്‍ നല്‍കാന്‍ സഹകരണ വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന 25 സ്റ്റാര്‍ട്ടപ്പ് സഹകരണ സംഘങ്ങളില്‍ ആദ്യത്തേതു രണ്ടു മാസത്തിനകം. മുഴുവന്‍ സ്റ്റാര്‍ട്ടപ്പ് സംഘങ്ങള്‍ക്കും ബാധകമായ നിയമാവലി സഹകരണ വകുപ്പ് തയാറാക്കി. ഒന്നേമുക്കാല്‍ കോടി രൂപയാണു സംഘത്തിനുണ്ടാകേണ്ട ഓഹരിമൂലധനം. ഓഹരിമൂലധനത്തിന്റെയും കരുതല്‍ ധനത്തിന്റെയും ആകെത്തുകയുടെ 150 മടങ്ങ് വരെ വായ്പയെടുക്കാം. ഓഹരി, പ്രവേശന ഫീസ്, എ ക്ലാസ് അംഗങ്ങളുടെ സ്ഥിരനിക്ഷേപം, കേരളബാങ്കില്‍നിന്നുള്‍പ്പെടെയുള്ള വായ്പ, സര്‍ക്കാര്‍ സബ്‌സിഡി എന്നിവയിലൂടെയാണു ഫണ്ട് കണ്ടെത്തേണ്ടത്.

കൃഷി, ഐടി, വ്യവസായം, സേവന മേഖല എന്നിവയില്‍ സംരംഭം തുടങ്ങാനുള്ള ആശയവും ഓഹരിത്തുകയുമുള്ള, 45 വയസ്സ് തികയാത്തവര്‍ക്കു സംഘത്തില്‍ അംഗമാകാം. താല്‍പര്യം ക്ഷണിച്ചപ്പോള്‍ ഇതിനകം വിവിധ മേഖലകളില്‍ നിന്നായി 40 പേരാണു റജിസ്റ്റര്‍ ചെയ്തത്. ആദ്യഘട്ട റജിസ്‌ട്രേഷന്‍ അവസാനിച്ചശേഷം വിദഗ്ധ സമിതി പരിശോധിച്ച് ഇതില്‍നിന്നു യോഗ്യരായ അംഗങ്ങളെയും ആശയങ്ങളെയും തിരഞ്ഞെടുക്കും. കൂടുതല്‍ പേര്‍ മുന്നോട്ടുവരുന്ന മേഖലയിലാകും ആദ്യം സംഘം തുടങ്ങുക. ഇവര്‍ക്കു പരിശീലനം നല്‍കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംരംഭങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയുമാണു ലക്ഷ്യം.

എ ക്ലാസ് അംഗത്വം സംരംഭകര്‍ക്കും ബി ക്ലാസ് അംഗത്വം സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്ക്കുമാവും. എ ക്ലാസ് അംഗങ്ങള്‍ ഒന്നരക്കോടിയും ബി ക്ലാസ് അംഗങ്ങള്‍ 25 ലക്ഷം രൂപയും ഓഹരി മൂലധനം കണ്ടെത്തണം. മൂന്നുവര്‍ഷമാകാതെ ഓഹരി പിന്‍വലിക്കാനാകില്ല. സംഘത്തിന്റെ കടങ്ങള്‍ക്ക് അംഗത്തിനുള്ള ബാധ്യത അയാളുടെ ഓഹരി സംഖ്യയ്ക്കു തുല്യമാവും. ഭരണസമിതിയംഗത്വവും വോട്ടവകാശവും എ ക്ലാസ് അംഗങ്ങള്‍ക്കു മാത്രം. ഓഹരി എത്രയുണ്ടെങ്കിലും വോട്ട് ഒന്നു മാത്രം. അഞ്ചുവര്‍ഷ കാലാവധിയിലേക്ക് 9 പേരടങ്ങുന്ന ഭരണസമിതി. ഇതില്‍ മൂന്നു പേര്‍ വനിതകള്‍, ഒരാള്‍ പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗം. സെക്രട്ടറിയെയും ജീവനക്കാരെയും ശമ്പളം നല്‍കി നിയമിക്കണം. സംഘത്തിന്റെ പ്രവര്‍ത്തന പരിധിയില്‍നിന്നു താമസം മാറ്റിയാല്‍ അംഗത്വം നഷ്ടമാകും.

സംഘത്തിന്റെ അറ്റാദായത്തില്‍ നിന്നു 15 % കരുതല്‍ ധനമായി മാറ്റണം. 5 % വീതം സഹകരണ വിദ്യാഭ്യാസ ഫണ്ടിലേക്കും പ്രഫഷനല്‍ വിദ്യാഭ്യാസ ഫണ്ടിലേക്കും മാറ്റണം. 10 % അംഗങ്ങളുടെ സമാശ്വാസ ഫണ്ടിലേക്കാണ്. 25 ശതമാനത്തില്‍ കവിയാത്ത തുകയാണു ലാഭവിഹിതമോ, ഡിവിഡന്റോ ആയി അംഗങ്ങള്‍ക്കു നല്‍കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *