ചെറുകിട വ്യവസായങ്ങള്‍ക്ക് പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

ചെറുകിട വ്യവസായങ്ങള്‍ക്ക് പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയില്‍ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടി രൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച വെബിനാറില്‍ വ്യവസായ മന്ത്രി പി. രാജീവാണ് സഹായപദ്ധതി പ്രഖ്യാപിച്ചത്.


കോവിഡ് സമാശ്വാസപദ്ധതി 2021 ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക. ഇളവുകള്‍ക്കും ഉത്തേജക പദ്ധതികള്‍ക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തില്‍ നിന്ന് 139 കോടി രൂപ പലിശ സബ്സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.
‘വ്യവസായ ഭദ്രത’സ്‌കീമില്‍ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി 2020 ഡിസംബര്‍ 31 എന്നതില്‍ നിന്നും 2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. എല്ലാ ചെറുകിട- സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നല്‍കും. ഇത്തരത്തില്‍ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജില്‍ 5000 സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കും.


സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വര്‍ധിപ്പിക്കും. അര്‍ഹരായ യൂണിറ്റുകള്‍ക്കുള്ള സബ്സിഡി 20 ലക്ഷം എന്നുള്ളത് 30 ലക്ഷം ആക്കി ഉയര്‍ത്തി. വ്യാവസായിക പിന്നാക്ക ജില്ലകളിലും മുന്‍ഗണനാ വ്യവസായ സംരംഭങ്ങള്‍ക്കും നല്‍കുന്ന സബ്സിഡി 30 ലക്ഷം എന്നുള്ളത് 40 ലക്ഷം ആയും ഉയര്‍ത്തി. 3000 യൂണിറ്റുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

മുന്‍ഗണനാ വ്യവസായ സംരംഭങ്ങളായ റബര്‍, കൃഷി, ഭക്ഷ്യ സംസ്‌കരണം, വസ്ത്ര നിര്‍മാണം, പാരമ്പര്യേതര ഊര്‍ജ ഉത്പാദനം, ഉപകരണ നിര്‍മാണം, ബയോ ടെക്നോളജി വ്യവസായം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പുനരുപയോഗ യൂണിറ്റുകള്‍, ജൈവ – കീടനാശിനി നിര്‍മാണ യൂണിറ്റുകള്‍ എന്നിവയ്ക്ക് 45 ശതമാനം സഹായം സബ്സിഡിയായി ലഭിക്കും. സഹായത്തിന്റെ തോത് 40 ലക്ഷത്തില്‍ അധികരിക്കരുതെന്ന വ്യവസ്ഥയോടെ 45 ശതമാനം വരെ വര്‍ധിപ്പിച്ചു. വ്യാവസായിക പിന്നാക്ക ജില്ലകളായ ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിലെ സംരംഭകര്‍ക്കും 45 ശതമാനം സബ്സിഡിയായി നല്‍കും.
നാനോ യൂണിറ്റുകള്‍ക്കുള്ള സഹായങ്ങളും വിപുലപ്പെടുത്തി. സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന നാനോ യൂണിറ്റുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആകെ 60 കോടി രൂപയുടെ ധനസഹായമാണ് മേഖലയില്‍ നല്‍കുന്നത്.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത തുക ലോക്ഡൗണ്‍ സാഹചര്യത്തില്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അക്കൗണ്ടില്‍ ബാഡ് ഡെബ്റ്റ് രേഖപ്പെടുത്തില്ല. 179 കോടി രൂപയുടെ വായ്പ ഇപ്രകാരം ഇതിനായി പുനഃക്രമീകരിക്കും.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ വായ്പകള്‍ക്കു പ്രഖ്യാപിച്ച മോറട്ടോറിയം 2021 ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചു. ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. 66 ലക്ഷം രൂപയുടെ ബാധ്യത ഇതിലൂടെ ഏറ്റെടുക്കുകയാണ്.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഉപഭോക്താക്കളുടെ ഒരു വര്‍ഷത്തേക്കുള്ള പിഴ പലിശയും ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി നല്‍കും.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ആദ്യ ഘട്ടമെന്ന നിലയില്‍ ചെറുകിട- സൂക്ഷ്മ-ഇടത്തരം സംരംഭകര്‍ക്കായി അഞ്ച് ശതമാനം പലിശയില്‍ 100 കോടി രൂപ വായ്പയായി നല്‍കും. 150 സംരംഭങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍, തിരിച്ചെത്തിയ പ്രവാസികള്‍ക്കായി അഞ്ച് ശതമാനം നിരക്കില്‍ വായ്പ അനുവദിക്കുന്ന പദ്ധതികള്‍ക്കും രൂപംനല്‍കും.

നോര്‍ക്കയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി ഭൂമി നല്‍കും. ഇതിന്റെ ഡൗണ്‍ പേമെന്റ് ആകെ തുകയുടെ 20 ശതമാനം നല്‍കിയാല്‍ മതി.
ബാക്കി 80 ശതമാനം അഞ്ച് തുല്യ ഗഡുക്കളായി കൈമാറിയാല്‍ മതി. ഇതിന് പലിശ ഈടാക്കില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *