ഫ്‌ലാഷ് സെയിലിന് ഉള്‍പ്പെടെ നിയന്ത്രണം; ഇ-കൊമേഴ്‌സ് വിപണിക്കായുള്ള കരട് ചട്ടങ്ങള്‍ പുറത്തിറങ്ങി

ഫ്‌ലാഷ് സെയിലിന് ഉള്‍പ്പെടെ നിയന്ത്രണം; ഇ-കൊമേഴ്‌സ് വിപണിക്കായുള്ള കരട് ചട്ടങ്ങള്‍ പുറത്തിറങ്ങി

രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിക്കായുള്ള കരട് ചട്ടങ്ങള്‍ പുറത്തിറങ്ങി. പൂര്‍ണമായി നിരോധിക്കില്ലെങ്കിലും ഇടക്കിടെയുള്ള ഫ്‌ലാഷ് സെയിലുകള്‍ക്ക് നിയന്ത്രണമുണ്ട്. വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ അനുവദിക്കില്ല. സാധനങ്ങള്‍ ഡെലിവര്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികള്‍ വിപണിയിലെ മേല്‍ക്കൈ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. കരടിനു ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ അടുത്ത മാസം 6ആം തീയതി വരെ സമയമുണ്ട്.
ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഫ്‌ലാഷ് സെയില്‍ പൂര്‍ണമായി നിരോധിക്കില്ല. എന്നാല്‍, ഉയര്‍ന്ന വിലക്കിഴിവ് നല്‍കുന്നതും ചില പ്രത്യേക ഉത്പന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ തെരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്ന തരത്തിലുള്ള തുടര്‍ ഫ്‌ലാഷ് സെയിലുകള്‍ അനുവദിക്കില്ല.

ഉത്പന്നം ഏത് രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് വ്യക്തമാക്കണം. സമാന തരത്തിലുള്ള ആഭ്യന്തര ഉത്പന്നങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍ ലഭ്യമാക്കണം. വില്പനക്കാര്‍ക്ക് ഉത്പന്നം ഡെലിവര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉത്തരവാദിത്തം ഇ-കൊമേഴ്‌സ് സംരംഭത്തിന് ആയിരിക്കും. ഉത്പന്നത്തിന്റെ കാലാവധി വ്യക്തമാക്കണം. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ നല്‍കി കബളിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *