മാർക്ക് സുക്കർബർഗിന്റെ വിജയ രഹസ്യം

മാർക്ക് സുക്കർബർഗിന്റെ വിജയ രഹസ്യം

ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗിനെ അറിയാത്തവർ വിരളം. ഫോബ്‌സ് കണക്കനുസരിച്ച് സുക്കർബർഗിന്റെ ആസ്തി 54.7ബില്യൺ ഡോളറാണ്. ഫേസ്ബുക്കിന് പ്രതിമാസം 2.6 ബില്യൺ സജീവ ഉപയോക്താക്കളുണ്ട്. സുക്കർ ബർഗിന്റെ കഴിവും, ഭാഗ്യവും, കഠിനാധ്വാനവും സംയോജിച്ചപ്പോഴുണ്ടായ ഫലമാണ് ഫേസ്ബുക്കും അതിന്റെ വിജയവും.അമേരിക്കൻ സാങ്കേതിക സംരംഭകനായ സുക്കർബർഗ് 30 വയസ്സായപ്പോഴാണ് ശതകോടീശ്വരനായത്. തന്റെ വിജയരഹസ്യത്തെ കുറിച്ച് സുക്കർബർഗ് പറഞ്ഞ ചിലകാര്യങ്ങളിതാ.

സാഹസികത ഇഷ്ടപ്പെടുക

ഒരു സാഹസവും ഏറ്റെടുക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ സാഹസമെന്ന് ഒരിക്കൽ സുക്കർബർഗ് പറഞ്ഞിരുന്നു. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാഹസങ്ങൾ എടുക്കാതിരുന്നതാണ് തോൽവിയ്ക്ക് പ്രധാന കാരണം. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ അദ്ദേഹം പ്രോഗ്രാമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. റിസ്‌ക് ഗെയിമിന്റെ പതിപ്പ് അദ്ദേഹത്തിന്റെ ആദ്യ സൃഷ്ടിയായിരുന്നു. മാർക്ക് അത് വിൽക്കാതെ തന്റെ സുഹൃത്തുക്കൾക്ക് സമ്മാനിച്ചു. അടുത്ത പ്രോഗ്രാം സിനാപ്സ് എന്നറിയപ്പെടുന്ന സ്മാർട്ട് മീഡിയ പ്ലെയറായിരുന്നു. ഈ പ്രോഗ്രാമിന് ധാരാളം പണം നൽകാൻ മൈക്രോ സോഫ്റ്റ് തയ്യാറായിരുന്നു. അവർ അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹം അത് നിരസിച്ചു.

ആശയമുണ്ടെങ്കിൽ സ്വന്തമായി ബിസിനസ്സ് ആരംഭിക്കുക

ഒരാൾക്ക് നല്ല ആശയമുണ്ടെങ്കിൽ അത് വച്ച് മറ്റുളളവർക്ക് വേണ്ടി പ്രവർത്തിക്കേണ്ട കാര്യമില്ലെന്നാണ് സുക്കർബർഗ് നമ്മളെ പഠിപ്പിക്കുന്നത്. തന്റെ ആശയം എങ്ങനെ ഉപയോഗിക്കണമെന്ന് അവന് അറിയാമായിരുന്നു. തികച്ചും പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായ ഹാർവാഡിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അദ്ദേഹം വളരെ മികച്ച വിദ്യാർത്ഥിയായിരുന്നില്ല. മുഴുവൻ സമയവും പ്രോഗ്രാമിൽ ചെലവഴിച്ചു. തന്റെ കൂടെ ഉണ്ടായിരുന്ന ബിരുദധാരികൾ വേറെ ജോലികൾ തേടി പോയി. അപ്പോഴും സോഷ്യൽ നെറ്റവർക്കിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്നതിനുളള ടെസ്റ്റുകളിൽ അദ്ദേഹം മുഴുകി.

സംരംഭം തുടങ്ങാൻ വൈകരുത്

ശരിയായ നിമിഷത്തിനായി കാത്തിരിക്കുന്നത് സമയം പാഴാക്കലാണെന്നാണ് സുക്കർബർഗിന്റെ അഭിപ്രായം. സിലിക്കൺ വാലി അതിന് നല്ല ഉദാഹരണമാണ്. കൃത്യമായ ലക്ഷ്യമില്ലെങ്കിലും സംരംഭത്തിന് തുടക്കം കുറിക്കാൻ വൈകരുത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുടെ ഫോട്ടോ ഗാലറി മാനേജ് ചെയ്യാൻ സുക്കർബർഗിന് അവസരം കിട്ടി. അതൊരു വെല്ലുവിളിയായിരുന്നു. നിരവധി വിദ്യാർത്ഥികൾ ഒരേ സമയം ഉപയോഗിച്ചതോടെ സർവർ തകർന്നു. അന്ന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. പക്ഷെ അദ്ദേഹം പശ്ചത്തപിച്ച് ശരിയായ സമയത്തിനായി കാത്തിരുന്നില്ല. തന്റെ പുതിയ ടെസ്റ്റുകളുമായി മുന്നേറി.

കഠിനാധ്വാനം ചെയ്യുക
കഠിനമായി ശ്രമിക്കാതെ വിജയിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണെന്ന് സുക്കർബർഗ് പറയുന്നു. ഹാർവാർഡ് സുഹൃത്തുക്കളുടെ പിന്തുണയോടെ ലൈക്ക്സ് എന്ന ആശയത്തിലൂടെ അദ്ദേഹം മുന്നേറിയപ്പോഴാണ് സോഷ്യൽ മീഡിയ സങ്കല്പം വരുന്നത്. പിന്നീട് ഫേസ് ബുക്ക് എന്ന് പേര് നൽകി. അദ്ദേഹം അക്ഷരാർത്ഥത്തിൽ തന്റെ കംമ്പ്യൂട്ടറിലാണ് കുറേനാൾ ജീവിച്ചത്. ക്ലാസുകൾക്ക് സമയമില്ലാതെ അദ്ദേഹത്തിന്റെ ആശയങ്ങൾ നടപ്പാക്കുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ഇന്ന് നമ്മൾ ഏറെ ആശ്രയിക്കുന്ന ഫേസ്ബുക്ക്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *