മായമില്ലാത്ത മസാലക്കൂട്ട്: വിപണി സാധ്യതയുളള സംരംഭം

മായമില്ലാത്ത മസാലക്കൂട്ട്: വിപണി സാധ്യതയുളള സംരംഭം

മായമില്ലാതെ കലർപ്പിലാതെയെത്തുന്ന മസാലക്കൂട്ടുകൾക്ക് വിപണിയിൽ വൻ സാധ്യതയാണ് ഉളളത്. മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി തുടങ്ങിയ മസാലകൂട്ടുകളെല്ലാം മായം ചേർത്താണ് പലപ്പോഴും വിപണയിൽ എത്തുന്നത്്. ഇതോടെ പായ്ക്കുകളിൽ ലഭിക്കുന്ന മസാലകൂട്ടുകളിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മായമില്ലാത്ത മസാലക്കൂട്ടുകളുടെ ബിസിനസ്സുകൾക്ക് നേട്ടം കൊയ്യാനാകും.

വിപണി സാധ്യത

കലർപ്പില്ലാത്ത മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി മസാലകൂട്ടുകൾ എന്നിവ നിർമ്മിക്കുക. തുടർന്ന് 250 ഗ്രാം, 500 ഗ്രാം, 1 കി.ഗ്രാം, 5 കിലോഗ്രാം പായ്ക്കുകളിൽ ആക്കി വിപണനം നടത്താം. ഒരു കാരണവശാലും മൾട്ടിലെയർ കവർ പായ്ക്കുകൾ ഉപയോഗിക്കരുത്. നാടൻ പൊടിയുല്പന്നങ്ങൾക്ക് എപ്പോഴും ഡിമാന്റ് വളരെ കൂടുതലാണ്. ബ്രാന്റുകളോട് മത്സരിക്കേണ്ട ആവശ്യവും വരുന്നില്ല. ഗുണമേന്മ നിലനിർത്തുക എന്നതാണ് പ്രാധാന്യം.ഒരു പ്രാവശ്യം വാങ്ങി ഉപയോഗിക്കുന്ന വീട്ടമ്മമാർ വീണ്ടും വാങ്ങണമെങ്കിൽ ഗുണമേന്മ നിർബന്ധമാണ്. കുറഞ്ഞ മുതൽമുടക്കിൽ വലിയ സാങ്കേതിക വിദ്യകളുടെ പിൻബലമില്ലാതെ ആരംഭിക്കാൻ കഴിയുന്ന ഈ വ്യവസായം കേരളത്തിലെ എല്ലാ പ്രദേശങ്ങൾക്കും യോജിച്ചതുമാണ്.

സംസ്ഥാനത്ത് മട്ടാഞ്ചേരിയിൽ ഈ വ്യസായത്തിന് ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളും ലഭിക്കും. മാർക്കറ്റ് ഒരു പ്രാവശ്യം നേരിട്ട് സന്ദർശിച്ച് അസംസ്‌കൃത വസ്തുക്കളുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തുന്നതും, വ്യാപാരികളുമായി ഒരു സപ്ലൈ കരാർ ഉണ്ടാക്കുന്നതും നല്ലതായിരിക്കും. ഹോൾസെയിൽ വിലയ്ക്ക് അസംസ്‌കൃത വസ്തുക്കൾ ലഭിക്കുന്നതിന് സഹായകരവുമാവും. വ്യവസായം വളർന്ന് വലുതാകുന്നതോടെ തമിഴ്നാട്, കർണ്ണാടക, ആന്ധ്രാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നേരിട്ട് വാങ്ങുകയുമാവാം.

മാർക്കറ്റിംഗ്

ആദ്യഘട്ടത്തിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവിനെ നിയമിക്കേണ്ട ആവശ്യമില്ല. സംരംഭകൻ തന്നെ ഈ ഉൽപന്നം മാർക്കറ്റ് ചെയ്യുക. മറ്റ് ഉൽപന്നങ്ങളിൽ നിന്ന് ഈ ഉൽപന്നത്തിന്റെ വ്യത്യസ്ഥതയും ഗുണമേന്മയും ചേരുവകളും കച്ചവടക്കാരെ എളുപ്പത്തിൽ ബോധ്യ പ്പെടുത്താൻ സംരംഭകന് സാധിക്കും.ഉല്പന്നങ്ങളുടെ ഗുണമേന്മ വിവരിച്ചുകൊണ്ടുള്ള ചെറിയ പോസ്റ്ററുകൾ ഷോപ്പുകളിൽ പതിക്കുന്നത് നന്നായിരിക്കും.ഉല്പന്നത്തോടൊപ്പം സ്‌കീമുകൾ നൽകുന്നതിനെക്കാൾ നിശ്ചിത അളവ് വിൽപ്പനയ്ക്ക് സമ്മാനങ്ങൾ നൽകുന്നത് ഉത്തമമായിരിക്കും. വലിയ മാർക്കറ്റുകളിലെ ചെറിയ വിൽപ്പനക്കാരുമായി ചേർന്നോ സ്വന്തമായോ നേരിട്ടുള്ള വില്പനശാലകൾ തുറക്കുന്നതും കൂടുതൽ വിറ്റുവരവിന് സഹായിക്കും. കമ്മീഷൻ വ്യവസ്ഥയാണ് ഈ രീതിക്ക് അഭികാമ്യം. ഉപഭോക്താവ് ആവശ്യപ്പെടുന്ന അളവ് അവരുടെ മുന്നിൽ വച്ച് തന്നെ തൂക്കി നൽകുന്നു.

സാങ്കേതിക വിദ്യ, പരിശീലനം, മെഷീനറികൾ

വലിയ സാങ്കേതിക പരിജ്ഞാനമോ, വിദ്യാഭ്യാസയോഗ്യതയോ ഒന്നും മസാലക്കൂട്ട് നിർമ്മാണ വ്യവസായത്തിന് ആവശ്യമില്ല. വിവിധ പൊടിയുല്പന്നങ്ങൾ നിർമ്മിക്കുന്നതിനും, പായ്ക്കിംഗിനും മറ്റുമായി ഒരു ദിവസത്തെ പരിശീലനം നേടിയാൽ മതിയാകും. പ്രധാനമായും ശ്രദ്ധിക്കേണ്ടത് പൊടിയുല്പന്നങ്ങൾ നിർമ്മിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരവും ഈർപ്പത്തിന്റെ അളവുമാണ്. ഈർപ്പം കൂടിയാൽ ഉല്പന്നങ്ങൾ വേഗത്തിൽ കേടുവരുന്നതിന് കാരണമാവും. സാധാരണയായിപൊടിയുല്പന്നങ്ങളുടെ കാലാവധി 6 മാസമാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അവലംബിച്ച് നിർമ്മിച്ചിട്ടുള്ള മെഷീനറികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പ്രാരംഭഘട്ടത്തിൽ ബിസിനസ് ആരംഭിക്കാൻ മൂന്നു ലക്ഷം രൂപയിൽ താഴെ മതിയാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *