കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം സ്റ്റീം പുട്ടുപൊടി നിർമ്മാണം

കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം സ്റ്റീം പുട്ടുപൊടി നിർമ്മാണം

മഹാമാരിക്കാലത്തും സുഗമമായി കൊണ്ടുപോകാൻ നല്ലൊരു ബിസിനസ്സ് ആശയമാണ് സ്റ്റീം പുട്ടു പൊടി നിർമ്മാണം. ഭക്ഷ്യ വ്യവസായങ്ങൾ ഏത് കാലഘട്ടത്തും തുറന്നു പ്രവർത്തിക്കാൻ അനുമതി ഉണ്ട്. അത്യാവശ്യകാര്യങ്ങൾക്കും, ജോലികൾക്കുമായി പുറത്തിറങ്ങുന്ന ആളുകൾക്കിടയിൽ പാചകത്തിന് തയ്യാറായ ഭക്ഷ്യവിഭവങ്ങൾക്ക് ഏറെ സാധ്യതയുണ്ട്. കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ സാധിക്കുന്നതാണ് സ്റ്റീം പുട്ടുപൊടിയുടെ സംരംഭം.

പുട്ട് മലയാളികളുടെ ഇഷ്ട ഭക്ഷണമാണ്. മാർദ്ദവമുളള പുട്ടുപൊടികൾ വളരെ പെട്ടന്ന് ആളുകളുടെ മനസ്സ് കീഴടക്കും. മാർദ്ദവും രുചിയും കൂടുതലുളളവയ്ക്ക് ഉപഭോക്താക്കളെ പെട്ടന്ന് ആകർഷിക്കാൻ സാധിക്കും. ചെറിയ മുതൽ മുടക്കിൽ സ്റ്റീം പുട്ടു പൊടി ആരംഭിക്കുന്നതിനുളള യന്ത്രങ്ങളും പരിശീലനങ്ങളും ലഭ്യമാണ്. ചെറുകിട ഉല്പാദക വിതരണ യൂണിറ്റുകൾക്ക് ഈ പദ്ധതി കൂടുതൽ ഗുണം ചെയ്യും.

ഗുജറാത്തിൽ നിന്നുളള ഐആർ എട്ട് ഇനത്തിൽപെട്ട അരിയാണ് സ്റ്റീം പുട്ടുപൊടി നിർമ്മാണത്തിന് കൂടുതലായി ഉപയോഗിച്ചു വരുന്നു. ഈ അരിയുടെ പുട്ടുപൊടിയ്ക്ക് നല്ല സ്വാദായിരിക്കുമെന്നതാണ് പ്രത്യേകത. അരി 15 മിനിറ്റോളം നേരം റൈസ് വാഷർ യൂണിറ്റിൽ കുതിർത്തി വയ്ക്കും. റൈസ് വാഷർ ചെറിയ അളവിൽ കറങ്ങി കൊണ്ടിരിക്കുന്നതിനാൽ ഈ സമയത്ത് അരിയുടെ കഴുകൽ പ്രക്രിയയും നടക്കും. തുടർന്ന് ഈ വെളളം വാർത്ത് കളഞ്ഞതിന് ശേഷം ആവശ്യത്തിന് വെളളം നിറച്ച് രണ്ടാം ഘട്ട കഴുകൽ പ്രക്രിയ പൂർത്തിയാകും. തുടർന്ന് അരി സ്റ്റീമിംഗ് യന്ത്രത്തിൽ 20 മിനിറ്റ് സൂക്ഷിച്ച് മാർദവമുളളതാക്കി മാറ്റും. മിനി ബോയിലറോ പാരമ്പര്യ രീതിയിൽ അടുപ്പ് കത്തിച്ച് പാത്രത്തിൽ വെളളം നിറച്ച് നീരാവിയുണ്ടാക്കി തട്ടുകളിൽ നിറച്ച അരിയിൽ നീരാവി കടത്തിവിട്ട് അരി മാർദ്ദവമുളളതാക്കുന്ന രീതിയോ ചെയ്യാം.

ഇതിന് ശേഷം തണുക്കാൻ അനുവദിച്ച ശേഷം സിംഗിൾ സ്‌റ്റേജ് പൾവറൈസറുകളിൽ പൊടിച്ച് എടുക്കാം. തുടർന്ന് ഉരുളി റോസ്റ്റർ ഉപയോഗിച്ച് റോസ്റ്റ് ചെയ്ത് ഈർപ്പം കുറച്ചതിന് ശേഷം ചൂട് മാറുമ്പോൾ പായ്ക്ക് ചെയ്യാം. 500 ഗ്രാം മുതൽ 5 കിലോഗ്രാം വരെ പായ്ക്കുകളിൽ പുട്ടുപൊടി വിപണിയിലെത്തുന്നുണ്ട്.ഉദ്യം രജിസ്‌ട്രേഷൻ, ഭക്ഷ്യ സുരക്ഷ ലൈസൻസ് പാക്കേജിംഗ്, ഗുഡ്‌സ് സർവ്വീസ് ടാക്‌സ് രജിസ്‌ട്രേഷൻ എന്നിവ ആവശ്യമാണ്. മൂലധന നിക്ഷേപത്തിന് ആനുപാതികമായി വ്യവസായ വകുപ്പിൽ നിന്നും സബ്‌സിഡിയും ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *