സ്വര്‍ണം വാങ്ങുന്നവരും വില്‍ക്കുന്നവരും അറിഞ്ഞിരിക്കേണ്ട പുതിയ കാര്യങ്ങള്‍

സ്വര്‍ണം വാങ്ങുന്നവരും വില്‍ക്കുന്നവരും അറിഞ്ഞിരിക്കേണ്ട പുതിയ കാര്യങ്ങള്‍

സ്വര്‍ണ കച്ചവടം സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം കൊണ്ടുവന്ന നിയമങ്ങള്‍ രാജ്യത്ത് കര്‍ശനമാക്കുകയാണ്. പരിശുദ്ധി ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ബിസിനസ് ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അഥവാ ബിഐഎസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി കടകളില്‍നിന്ന് വില്‍ക്കാന്‍ സാധിക്കൂ. ജൂണ്‍ 16 മുതല്‍ ഇന്ത്യയില്‍ ഉടനീളം ജൂവലറികളില്‍ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്ക് ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. കൂടാതെ 14, 18, 22 കാരറ്റുകളിലുള്ള സ്വര്‍ണം മാത്രമേ ഇനി നിര്‍മിക്കുവാനും കടകല്‍ വില്‍ക്കാനും പാടുള്ളൂ. 14 കാരറ്റില്‍ 58.5 ശതമാനം സ്വര്‍ണമുണ്ടായിരിക്കണം. 18 കാരറ്റില്‍ 75 ശതമാനവും 22 കാരറ്റില്‍ 91.6 ശതമാനവുമാണ് സ്വര്‍ണം വേണ്ടത്. 24 കാരറ്റ് എന്നത് തനിതങ്കമാണ്. ഇതില്‍ 99.5 ശതമാനത്തില്‍ കൂടുതല്‍ സ്വര്‍ണം ഉണ്ടായിരിക്കണം. ബിസ്‌കറ്റും മറ്റുമായാണ് 99 ശതമാനത്തില്‍ കൂടുതലുള്ള സ്വര്‍ണം വില്‍ക്കുന്നത്. ബുള്ള്യന്‍ രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാതെ തങ്കം വില്‍ക്കുന്നത് നിയമവിരുദ്ധമാണ്.

സ്വര്‍ണം വില്‍ക്കുന്ന എല്ലാ കടകള്‍ക്കും ഇനിമുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വില്‍ക്കുന്ന സ്വര്‍ണത്തിന്റെ മാറ്റ് ഏത് ഹാള്‍ മാര്‍ക്ക് സെന്ററില്‍ കൊടുത്താണ് പരിശോധിച്ചതെന്നും രേഖപ്പെടുത്തിയിരിക്കണം. രജിസ്ട്രേഷനുള്ള ഹാള്‍ മാര്‍ക്ക് സെന്ററില്‍ മാത്രമേ ഇത് ചെയ്യാനാകൂ.

അതേസമയം ജനങ്ങളുടെ കൈവശമുള്ള പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഹാള്‍ മാര്‍ക്ക് ബാധകമായിരിക്കില്ല. നിലവിലുള്ള രീതിയില്‍ തന്നെ ആഭരണത്തിലെ സ്വര്‍ണത്തിന്റെ ശുദ്ധിയും അളവും കണക്കാക്കി പണം ലഭിക്കും. പഴയ സ്വര്‍ണം വിറ്റ് പുതിയതു വാങ്ങാനും തടസ്സമുണ്ടാകില്ല. എന്നാല്‍ പുതിയതായി വാങ്ങുന്ന ആഭരണത്തില്‍ ഹാള്‍ മാര്‍ക്കിങ് ഉണ്ടായിരിക്കണം. ഇന്ത്യയില്‍ പലയിടത്തും വില്‍ക്കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി കച്ചവടക്കാര്‍ രേഖപ്പെടുത്താറില്ല. ഇത്തരം കച്ചവടത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉപഭോക്താവിന് നേരില്‍കണ്ടു ബോധ്യപ്പെടുന്നതിനുള്ള സംവിധാനമാണ് ഹാള്‍മാര്‍ക്കിങ്. സ്വര്‍ണാഭരണത്തില്‍ ബിഐസ് മുദ്രയും പരിശുദ്ധി പരിശോധിക്കുന്ന സ്ഥാപനത്തിന്റെ മുദ്രയും കച്ചവടം ചെയ്യുന്ന ജ്വല്ലറിയുടെ മുദ്രയും എത്ര കാരറ്റ് ആണെന്നു വ്യക്തമാക്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധിയുമാണ് രേഖപ്പെടുത്തുന്നത്. ഇനി സ്വര്‍ണം വില്‍ക്കുന്നവരും വാങ്ങുന്നവരും ഇനി ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ശ്രദ്ധിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *