കെടിഡിസി ഹോട്ടലുകളെ അന്താരാഷ്ട്ര ബുക്കിംഗ് പോര്‍ട്ടലുകളുമായി ബന്ധിപ്പിക്കാന്‍ നടപടിയുമായി ടൂറിസം വകുപ്പ്

കെടിഡിസി ഹോട്ടലുകളെ അന്താരാഷ്ട്ര ബുക്കിംഗ് പോര്‍ട്ടലുകളുമായി ബന്ധിപ്പിക്കാന്‍ നടപടിയുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം: അന്തര്‍ദേശീയ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും കെടിഡിസി ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന തരത്തില്‍ കെടിഡിസിയെ അന്താരാഷ്ട്ര ബുക്കിംഗ് പോര്‍ട്ടലുകളുമായി ബന്ധിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡാനന്തരം സഞ്ചാരികളെ വരവേല്‍ക്കാന്‍ കെടിഡിസിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കെടിഡിസിയുടെ തിരുവനന്തപുരത്തെ മാസ്‌കറ്റ്, ഗ്രാന്‍ഡ് ചൈത്രം ഹോട്ടലുകള്‍ സന്ദര്‍ശിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി.

കെടിഡിസിയുടെ ഹോട്ടലുകളെ ആഗോള വിനോദസഞ്ചാര നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കുന്നതിന്റെ ആദ്യപടിയായി ചാനല്‍ മാനേജര്‍ സോഫ്റ്റ് വെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ലോകത്തിലെ പ്രശസ്ത സഞ്ചാര പോര്‍ട്ടലുകളായ ബുക്കിംഗ് ഡോട്ട് കോം, അഗോഡ, പ്രമുഖ ഇന്ത്യന്‍ പോര്‍ട്ടലുകളായ മേക്ക് മൈ ട്രിപ്പ്, ഗേഐബിബോ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസി എന്നിവയുടെ ബുക്കിംഗ് പോര്‍ട്ടലില്‍ നിന്നും കെടിഡിസിയുടെ ഹോട്ടലുകളില്‍ ബുക്ക് ചെയ്യുന്നതിനാണ് ചാനല്‍ മാനേജര്‍ സോഫ്റ്റ് വെയര്‍ സംവിധാനം ഒരുക്കുന്നത്. ഗ്രാന്റ് ചൈത്രം ഹോട്ടലില്‍ ആദ്യപടിയായി ഈ സംവിധാനം നടപ്പിലാക്കും.

കോവിഡിന്റെ രണ്ടാം തരംഗം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ സജീവമാക്കാനും ആകര്‍ഷകമാക്കാനും വ്യത്യസ്ത പരിപാടികളാണ് തയ്യാറാക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെടിഡിസിയുടെ ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളും മറ്റു സൗകര്യങ്ങളും ഘട്ടം ഘട്ടമായി നവീകരിക്കും. തനതായ രുചി വിഭവങ്ങള്‍ കെടിഡിസി ഹോട്ടലുകള്‍ വഴി തദ്ദേശീയര്‍ക്കും സഞ്ചാരികള്‍ക്കും അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാസ്‌കറ്റ് ഹോട്ടലിലെ റൂഫ് ടോപ്പ് റസ്റ്റോറന്റ്, ഹെറിട്ടേജ് ബ്ലോക്ക്, ഗ്രാന്റ് ചൈത്രത്തിലെ മുറികള്‍, റസ്റ്റോറന്റ്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് മന്ത്രി വിലയിരുത്തിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *