കോവിഡ് വ്യാപനം തിരിച്ചടിയായി, പദ്ധതികള്‍ വൈകുന്നു; നിര്‍മാണ മേഖല പ്രതിസന്ധിയില്‍

കോവിഡ് വ്യാപനം തിരിച്ചടിയായി, പദ്ധതികള്‍ വൈകുന്നു; നിര്‍മാണ മേഖല പ്രതിസന്ധിയില്‍

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ് നിര്‍മാണ രംഗം നേരിടുന്നത്. നിലവിലെ സാഹചര്യത്തില്‍ നിര്‍മാണ പദ്ധതികളില്‍ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്കയിലാണ് ബില്‍ഡര്‍മാര്‍. നിര്‍മാണ മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ ദേശീയ കൂട്ടായ്മയായ ക്രെഡായ് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍. സര്‍വേയുടെ ഭാഗമായ 95 ശതമാനം ബില്‍ഡര്‍മാരും പദ്ധതികളില്‍ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലാളികളുടെ ക്ഷാമം, സാമ്പത്തിക പരിമിതികള്‍, പദ്ധതി അംഗീകാരത്തിലെ കാലതാമസം, നിര്‍മാണച്ചെലവിലെ വര്‍ധന, ഉപഭോക്തൃ ആവശ്യകതയിലെ കുറവ് തുടങ്ങിയവ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബില്‍ഡേഴ്‌സ് ചൂണ്ടികാട്ടുന്നു. ഇതിന് പരിഹാരമായി സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അടിയന്തര ഇടപ്പെടല്‍ വേണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം. അങ്ങനെ സംഭവിക്കാത്ത പക്ഷം കാലതാമസം ഉറപ്പായിരിക്കുമെന്ന് അവര്‍ പറയുന്നു.

ആദ്യ തരംഗത്തെക്കാള്‍, കോവിഡ് രണ്ടാം തരംഗം മേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതായാണ് സര്‍വേ കണ്ടെത്തലുകളെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ഹര്‍ഷ് വര്‍ധന്‍ പട്ടോഡിയ പറഞ്ഞു. ഉപഭോക്താക്കള്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള തീരുമാനം മാറ്റിവെക്കാന്‍ കോവിഡ് പ്രതിസന്ധി കാരണമായിട്ടുണ്ടെന്നും പേമെന്റുകള്‍ വൈകുന്നതായും സര്‍വേ വ്യക്തമാക്കുന്നു.

സ്റ്റീല്‍, സിമന്റ്, കമ്പി ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ വിലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ ഏകദേശം 50 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ക്രെഡായ് കേരള ചെയര്‍മാന്‍ എം.എ. മെഹബൂബ് പറഞ്ഞു. ഭാവിയില്‍ പ്രോപ്പര്‍ട്ടികളുടെ വിലയില്‍ ഇത് പ്രതിഫലിച്ചേക്കുമെന്നും നിര്‍മാണച്ചെലവ് അത്രമാത്രം കൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാല വിലക്കയറ്റം നിര്‍മാണച്ചെലവില്‍ 10 ശതമാനത്തിലധികം വര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *