മാസവരിസംഖ്യയടച്ച് വിമാനയാത്ര ; മാറുന്ന യാത്രാ അനുഭവങ്ങള്‍

മാസവരിസംഖ്യയടച്ച് വിമാനയാത്ര ; മാറുന്ന യാത്രാ അനുഭവങ്ങള്‍

ലോകമെമ്പാടുമുള്ള യാത്രാ രംഗത്ത് വലിയ മാറ്റങ്ങള്‍ നടക്കുകയാണ്. മാസം ഒരു നിശ്ചിത തുകയടച്ചുള്ള വിമാനയാത്രയാണ് ഡല്‍ഹി ആസ്ഥാനമായുള്ള വിമാന കമ്പനിയായ പ്രിന്‍സ് എയര്‍സ് വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസ രീതിയില്‍ പണം അടച്ച് യാത്ര ചെയ്യുന്ന രീതിയാണിത്. അതായത് മാസം തോറും നിശ്ചിത തുക കമ്പനിയിലേക്ക് അടച്ച് കുറഞ്ഞ ചിലവിലുള്ള ബിസിനസ് ക്ലാസ് യാത്രയാണ് പ്രിന്‍സ് എയേഴ്‌സ് വാഗ്ദാനം ചെയ്യുന്നത്.

സ്ഥിരമായി ബിസിനസ് ക്ലാസ് യാത്ര ചെയ്യുന്ന ആളുകളെ ഉദ്ദേശിച്ചാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നു മുബൈയിലേക്കും ബാംഗ്ലൂരിലേക്കും ബിസിനസ് ക്ലാസ് റൗഡ് ട്രിപ്പിന് മുപ്പതിനായിരം രൂപയ്ക്ക് അടുത്ത് ചിലവ് വരും. രണ്ട് തവണയിലധികം യാത്ര പോകുന്നവര്‍ക്ക് വലിയ ലാഭം തന്നെയാവും പദ്ധതിയിലൂടെ ലഭിക്കുക.

ഈ പുതിയ മോഡലിന് സബ്സ്‌ക്രൈബുചെയ്യുന്ന യാത്രക്കാര്‍ക്ക് ഒരു പ്രത്യേക അനുഭവം ആസ്വദിക്കാന്‍ കഴിയുമെന്ന് പ്രിന്‍സ് എയറിന്റെ സ്ഥാപകന്‍ സങ്കേത് രാജ് സിംഗ് പറഞ്ഞു, വിമാനത്താവളങ്ങളിലെ പതിവ് പരിശോധനകള്‍ക്ക് ഇവര്‍ക്ക് വിധേയരാവേണ്ടി വരില്ല. വിമാനത്താവളത്തില്‍ നിന്ന് വേഗത്തില്‍ പുറത്തുകടക്കാനും ഈ പ്രത്യേക ക്രമീകരണം സഹായിക്കും.ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ ഇത് തയ്യാറാകുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതി കമ്പനി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം നീണ്ടു പോവുകയായിരുന്നു. ഇതിലേക്കുളേള സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചിട്ടുണ്ട്.

മുംബൈ, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളില്‍ 10000 മുതല്‍ 12000 വരെ അംഗങ്ങളായാല്‍ എയര്‍ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കും അംഗത്വത്തിന് പ്രതിമാസം 54500 രൂപയാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത് അതായത് 54500 രൂപയ്ക്ക് നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര തവണ മുംബൈ, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പറക്കാന്‍ കഴിയും . ഇപ്പോള്‍ എയര്‍ലൈന്‍ ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലാണ് സൗകര്യം ലഭ്യമായിട്ടുള്ളത്. പദ്ധതിയുടെ സ്വീകാര്യതയനുസരിച്ച് പിന്നീട് ഇത് ലഖ്നൗ, അഹമ്മദാബാദ്, ജയ്പൂര്‍, ഹൈദരാബാദ്, ചെന്നൈ, പൂനെ, അമൃത്സര്‍ എന്നീ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *