റബര്‍ ഇറക്കുമതി കുറഞ്ഞു; ഷീറ്റ് റബര്‍ വാങ്ങല്‍ വര്‍ധിപ്പിച്ച് കമ്പനികള്‍

റബര്‍ ഇറക്കുമതി കുറഞ്ഞു; ഷീറ്റ് റബര്‍ വാങ്ങല്‍ വര്‍ധിപ്പിച്ച് കമ്പനികള്‍

വിപണിയില്‍ ഇന്ത്യന്‍ റബറിന് പ്രിയമേറുന്നു. അന്താരാഷ്ട്ര തലത്തില്‍ റബര്‍ വിപണിയില്‍ ക്ഷാമമുണ്ടായതാണ് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന റബറിന് ആവശ്യകത വര്‍ധിക്കാന്‍ കാരണം. റബറിന്റെ ഇറക്കുമതിയില്‍ ഇടിവ് തുടരുകയാണ്. കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് വിയറ്റ്‌നാമിലെ ഉല്‍പ്പാദനം ഇടിയുകയും ഇന്തോനേഷ്യ തുടങ്ങിയ മറ്റ് ഉല്‍പ്പാദന രംഗത്ത് മുന്നിലുളള രാജ്യങ്ങളില്‍ ഇലപ്പൊട്ട് രോഗം പടര്‍ന്നുപിടിച്ചതുമാണ് അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധി രൂക്ഷമാകാന്‍ ഇടയാക്കിയത്.

എന്നാല്‍, മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ടയറിതര റബര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളില്‍ ഉല്‍പ്പാദനം കുറഞ്ഞു. ഇതോടെ ഇത്തരം കമ്പനികള്‍ റബര്‍ ലാറ്റക്‌സ് വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് മേഖലയില്‍ ആശങ്ക വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ടയര്‍ വ്യവസായ രംഗത്തെ കമ്പനികള്‍ സംഭരണം ഉയര്‍ത്തിയതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഗുണകരമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉത്തരേന്ത്യന്‍ കമ്പനികള്‍ ഷീറ്റ് റബര്‍ വാങ്ങുന്നതും വര്‍ധിപ്പിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും വ്യാപാരത്തിന് രണ്ട് ദിവസം ഇളവ് അനുവദിച്ചത് വിപണിക്ക് ഉണര്‍വായിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ തുടരുന്നതായും ഈ മേഖലയിലുളളവര്‍ പറയുന്നു. പോയ വര്‍ഷം ഏപ്രിലില്‍ 44,734 ടണ്‍ റബര്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം സമാനകാലയളവില്‍ അത് 29,126 ടണ്ണായി ഇടിഞ്ഞു. റബറിന്റെ വിപണി നിരക്ക് കിലോഗ്രാമിന് 171 രൂപയിലേക്ക് വരെ ഉയര്‍ന്നിരുന്നു. നിലവില്‍ നിരക്ക് (ആര്‍എസ്എസ് നാല്) 169.50 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *