ചെറുകിട വ്യാപാരവ്യവസായങ്ങള്‍ക്കു വായ്പ ആലോചനയില്‍: മന്ത്രി ബാലഗോപാല്‍

ചെറുകിട വ്യാപാരവ്യവസായങ്ങള്‍ക്കു വായ്പ ആലോചനയില്‍: മന്ത്രി ബാലഗോപാല്‍

കോവിഡും ലോക്ഡൗണും മൂലം ദുരിതത്തിലായിരിക്കുന്ന ചെറുകിട വ്യാപാര വ്യവസായ മേഖലകള്‍ക്ക് വായ്പ ലഭ്യമാക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നു ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഓട്ടോ, ടാക്‌സി ഉള്‍പ്പെടെയുള്ള സ്റ്റേജ് കോണ്‍ട്രാക്ട് വാഹന മേഖലയെയും പരിഗണിക്കും. പലിശ ഇളവോ, സബ്‌സിഡിയോ ഉറപ്പാക്കുന്ന പദ്ധതിയായിരിക്കും ആവിഷ്‌കരിക്കുക. കോവിഡില്‍ തളര്‍ന്ന ഈ മേഖലകള്‍ക്ക് സഹായം ലഭ്യമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കും.
നടപ്പുവര്‍ഷത്തേക്ക് ജനുവരിയില്‍ ടി.എം. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ എല്ലാ നിര്‍ദേശങ്ങളും അതേപടി നടപ്പാക്കും.

ഇതിന് പുറമെയുള്ള നിര്‍ദേശങ്ങളാണ് പുതുക്കിയ ബജറ്റിലുള്ളത്. ആരോഗ്യ മേഖലയില്‍ വലിയ വകയിരുത്തലും തസ്തിക സൃഷ്ടിക്കലും ആദ്യ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പമാണ് 2800 കോടി രൂപകൂടി പുതുക്കിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന കേന്ദ്ര പ്രഖ്യാപനത്തില്‍ വ്യക്തത വന്നിട്ടില്ല. ഇത് ലഭ്യമായാലേ സൗജന്യ വാക്‌സിന്‍ പദ്ധതിക്കായി സംസ്ഥാനം ബജറ്റില്‍ വകയിരുത്തിയ 1000 കോടി രൂപയിലും വാക്‌സിന്‍ ചലഞ്ചില്‍ ലഭിച്ച തുകയുടെ കാര്യത്തിലും തീരുമാനമെടുക്കാന്‍ കഴിയൂ.

തോട്ട വിളകളുടെ വൈവിധ്യവത്കരണത്തിനായി നയ രൂപീകരണ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കുമാണ് പുതുക്കിയ ബജറ്റില്‍ നിര്‍ദേശമുള്ളത്. ഇത് കോര്‍പറേറ്റുകള്‍ക്കായുള്ള നിര്‍ദേശമാണെന്ന പ്രചാരണം വരുന്നു. റബര്‍ അടക്കം കൃഷി ചെയ്യുന്ന ചെറുകിട തോട്ടം മേഖലയുടെ തോട്ട വിള വൈവിധ്യവത്കരണത്തിനാണ് ശ്രമം. ഇത് കര്‍ഷക വരുമാനം വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *