സിയാല്‍ മോഡലില്‍ കേരള റബര്‍ ലിമിറ്റഡ് വരുന്നു

സിയാല്‍ മോഡലില്‍ കേരള റബര്‍ ലിമിറ്റഡ് വരുന്നു

സിയാല്‍ മോഡലില്‍ കേരള റബര്‍ ലിമിറ്റഡ് എന്ന പേരില്‍ കമ്പനി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. റബറില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയാറാക്കുകയാണ് കമ്പനിയുടെ രൂപീകരണ ലക്ഷ്യം. ഇതിനായുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ കര്‍ഷകര്‍ക്ക് റബറിന് നല്ല വില ഉറപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി വ്യവസായ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. കിറ്റ്‌കോ ഇതുസംബന്ധിച്ച് വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, പ്രകൃതിദത്ത റബറിന്റെ സാധ്യതകളെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുക, ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി- വിപണി സാധ്യതകള്‍, ഉയര്‍ന്ന പ്രവര്‍ത്തന മാര്‍ജിന്‍ എന്നിവ കണക്കിലെടുത്താകും ഉല്‍പ്പാദനം.

കമ്പനിയുടെ കീഴില്‍ ഉല്‍പ്പാദനത്തിനായി ഓഫ് റോഡ് ടയറുകള്‍, ഹീറ്റ് റസിസ്റ്റന്‍ഡ് ലാറ്റക്‌സ് ത്രെഡ്, മെഡിക്കല്‍ ഗ്ലൗസ് എന്നിവയെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേരള റബര്‍ ലിമിറ്റഡ് പദ്ധതിക്ക് 1,050 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാകും പദ്ധതി നടപ്പാക്കുക. കേരള സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ കോട്ടയം വെള്ളൂരുളള ഭൂമിയിലാകും കേരള റബര്‍ ലിമിറ്റഡ് സ്ഥാപിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *