ബിറ്റ്കോയിനെ അംഗീകരിച്ച് ലോകത്തെ ആദ്യത്തെ രാജ്യം; പ്രതീക്ഷയില്‍ ക്രിപ്റ്റോകറന്‍സികള്‍

ബിറ്റ്കോയിനെ അംഗീകരിച്ച് ലോകത്തെ ആദ്യത്തെ രാജ്യം; പ്രതീക്ഷയില്‍ ക്രിപ്റ്റോകറന്‍സികള്‍

ബിറ്റ്കോയിനെ ഒരു രാജ്യം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. എല്‍ സാല്‍വദോര്‍ ആണ് ബിറ്റ്കോയിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ചരിത്രത്തില്‍ ഇടം നേടിയത്.
എല്‍ സാല്‍വദോറിലെ അംഗീകൃത കറന്‍സിയായി ഇനി ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിനും ഉണ്ടായിരിക്കും. എല്‍ സാല്‍വദോര്‍ കോണ്‍ഗ്രസ് ആണ് ഈ തീരുമാനം എടുത്തത്. വന്‍ ഭൂരിപക്ഷത്തോടെയാണ് തീരുമാനം പാസാക്കപ്പെട്ടത്.
എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയ്യിബ് ബുകേലെ ബിറ്റ്കോയിനെ പിന്തുണയ്ക്കുന്ന ആളായിരുന്നു. ഇത് സംബന്ധിച്ച ബില്‍ കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. കോണ്‍ഗ്രസിലെ 84 പേരില്‍ 62 പേരും ബില്ലിനെ പിന്തുണക്കുകയായിരുന്നു.
ബിറ്റ്കോയിനെ അംഗീകരിക്കുന്നതോടെ രാജ്യത്തിന് വലിയ സാമ്പത്തിക പുരോഗതി ഉണ്ടാകും എന്നാണ് പ്രസിഡന്റിന്റെ പ്രതീക്ഷ. വിദേശത്ത് ജോലി ചെയ്യുന്ന പൗരന്‍മാര്‍ അയക്കുന്ന പണം ആണ് എല്‍ സാല്‍വദോറിന്റെ സമ്പദ് ഘടനയുടെ നട്ടെല്ല്. ഇനി മുതല്‍ പ്രവാസികള്‍ക്ക് ബിറ്റ്കോയിന്‍ വഴിയും നാട്ടിലേക്ക് പണം അയക്കാന്‍ കഴിയും.


ബില്‍ കോണ്‍ഗ്രസ് പാസാക്കിയെങ്കിലും ബിറ്റ്കോയിന്‍ ഉപയോഗം ഇപ്പോഴും നിയമവിധേയം ആയിട്ടില്ല എല്‍ സാല്‍വദോറില്‍. ഇതിന് ഇനിയും 90 ദിവസം കാത്തിരിക്കണം. ബിറ്റ്കോയിന്റെ ഉപയോഗം ഐച്ഛികമായിരിക്കും എന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ബിറ്റ്കോയിന്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കളുടെ സുരക്ഷയെ കുറിച്ചും സര്‍ക്കാരിന് കരുതലുണ്ട്. ഓരോ ഇടപാടിന്റേയും സമയത്തെ ബിറ്റ്കോയിന്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് കൃത്യമായി ലഭിക്കുമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അമേരിക്കന്‍ ഡോളര്‍ തന്നെയാണ് എല്‍ സാല്‍വദോറിലെ കറന്‍സി.


എല്‍ സാല്‍വദോര്‍ ചരിത്രപരമായ തീരുമാനം വോട്ടെടുപ്പില്‍ പാസാക്കിയപ്പോള്‍, അതിന്റെ പ്രതിഫലനം ബിറ്റ്കോയിന്‍ മൂല്യത്തിലും പ്രകടമായി. മൂല്യത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഒറ്റയടിക്കുണ്ടായത്. ഇപ്പോള്‍ 34,239.17 ഡോളര്‍ ആണ് ബിറ്റ്കോയിന്റെ മൂല്യം.
ഇക്കഴിഞ്ഞ ഏപ്രില്‍ പാതിയില്‍ എത്തിയപ്പോള്‍ ബിറ്റ്കോയിന്റെ മൂല്യം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഒരു ബിറ്റ്കോയിന്റെ മൂല്യം 64,829.14 ഡോളര്‍ വരെ എത്തി. എന്നാല്‍ പിന്നീടങ്ങോട്ട് കനത്ത വെല്ലുവിളിയാണ് ബിറ്റ്കോയിന്‍ നേരിട്ടുവന്നത്. ഏപ്രിലിലെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ മുപ്പതിനായിരം ഡോളറില്‍ അധികം കുറവാണ് വന്നിരിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *