ഒരു കിലോയ്ക്ക് 27.48 രൂപ: സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തില്‍ വര്‍ധനവ്

ഒരു കിലോയ്ക്ക് 27.48 രൂപ: സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തില്‍ വര്‍ധനവ്

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ വര്‍ധനവ്. 2021 ജൂണ്‍ 30ന് അവസാനിക്കുന്ന നടപ്പ് സംഭരണ വര്‍ഷത്തിന്‍ ഇതു വരെ 7.29 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുവാന്‍ കഴിഞ്ഞു. 7.50 ലക്ഷം മെട്രിക് ടണ്‍ നെല്ലെങ്കിലും നടപ്പ് വര്‍ഷത്തില്‍ സംഭരിക്കുവന്‍ കഴിയുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഓരോവര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കര്‍ഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ 2006 മുതല്‍ സപ്ലൈകോ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ചുവരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഗുണനിലവാരത്തിലും തറവിലയുടെയും അടിസ്ഥാനത്തിലാണ് നെല്ല് സംഭരിക്കുന്നത്. ഭക്ഷ്യ-പൊതുവിതരണവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെടുന്ന മില്ലുകള്‍ വഴിയാണ് സംഭരണം സാധ്യമാകുന്നത്.

53 മില്ലുകളാണ് സപ്ലൈക്കോയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. സപ്ലൈകോ ഒരു കിലോ നെല്ല് 27.48 രൂപയ്ക്കാണ് സംഭരിക്കുന്നത്. ഇതില്‍ 18.68 രൂപ കേന്ദ്രവിഹിതവം 8.80 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം 52 പൈസ വര്‍ധിപ്പിച്ചതിനാല്‍ അടുത്ത സീസണ്‍ മുതല്‍ നെല്ലിന് 28 രൂപ വില നല്‍കും.നെല്ല് സംഭരണത്തിനായി supplycopaddy.in എന്ന വെബ്‌സൈറ്റിലൂടെ കര്‍ഷകര്‍ക്ക് പേര് രജീസ്റ്റര്‍ ചെയ്യാവുന്നതാണ്. 5ഏക്കര്‍ വരെയുള്ള വ്യക്തിഗത കൃഷിക്കാരുടെ പക്കല്‍ നിന്നും, 25 ഏക്കര്‍ വരെയുള്ള ഗ്രൂപ്പുകളില്‍ നിന്നും നെല്ല് സംഭരിക്കുന്നു.

സംഭരിക്കുന്ന നെല്ലിന് സപ്ലൈകോയ്ക്കവേണ്ടി ഇതിനായി തെരഞ്ഞെടുക്കപ്പെട്ട മില്ലുകള്‍ കര്‍ഷകന് PRS (Paddy Receipt Sheet) നല്‍കുന്നു. തുടര്‍ന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ PRS അംഗീകരിക്കുകയും ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ട PRS ല്‍ പറഞ്ഞിരിക്കുന്ന തുക സപ്ലൈകോയുമായി MOU നിലവിലുള്ള ബാങ്കുകള്‍ ലോണായി കര്‍ഷകര്‍ക്ക് നല്‍കുന്നു. ഇത്തരത്തില്‍ സമയബന്ധിതമായിതന്നെ നെല്ലിന്റെ വില കര്‍ഷകന് ലഭ്യമാകുന്നു. ഈ സീസണില്‍ (2020-2021) നാളിതുവരെ 2.23 ലക്ഷം കര്‍ഷകരില്‍ നിന്നും സംഭരിച്ച 7.07 ലക്ഷം മെട്രിക് ടണ്‍ നെല്ലിന്റെ വിലയായ 1519.06 കോടി രൂപ നല്‍കി കഴിഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *