2021 ലെ പുതിയ കേരള ബജറ്റിൽ സംരംഭകർക്കായുളള നേട്ടങ്ങൾ

2021 ലെ പുതിയ കേരള ബജറ്റിൽ സംരംഭകർക്കായുളള നേട്ടങ്ങൾ

രണ്ടാം ഇടതു സർക്കാരിൻ്റെ ആദ്യ ബജറ്റിൽ സംരംഭകർക്ക് ആശ്വാസമാകുന്ന ഒട്ടേറെ കാര്യങ്ങളാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംരംഭകർക്ക് ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഈ സാമ്പത്തിക വർഷം 4500 കോടി രൂപയുടെ പുതിയ വായ്പകൾ അനുവദിക്കും. താത്കാലിക കണക്കുകൾ പ്രകാരം കെഎഫ്‌സിയുടെ വായ്പ ആസ്തി 4500 കോടി രൂപയായി വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതു കൂടാതെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ നികുതി വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നികുതി വർധവ് പ്രഖ്യാപിക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പയെടുത്തിട്ടുള്ള സംരംഭകർക്ക് തിരിച്ചടവിന് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 2020 മാർച്ച് 31 വരെ കെ.എഫ്.സിയിൽ നിന്ന് വായ്‌പെടുത്ത് കൃത്യമായി തിരിച്ചടച്ചവ് നടത്തിയ വ്യവസായികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ നൽകിയിരുന്നു. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ടൂറിസം മേഖലയും, ചെറുകിട വ്യവസായ മേഖലയും വീണ്ടും പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് കണക്കിലെടുത്ത് ഇത്തരം സംരംഭകർക്ക് 20 ശതമാനം വീണ്ടും അധിക വായ്പ നൽകുന്ന പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടുന്ന സംരംഭകർക്ക് തിരിച്ചടവിന് ഒരു വർഷം വരെയുളള മൊറട്ടോറിയം അനുവദിക്കും. മൊത്തം 40 ശതമാനം അധിക വായ്പ നൽകുന്ന പദ്ധതിയാണിതെന്നും ബജറ്റിൽ പറയുന്നു.

കോവിഡ് ഉല്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് രോഗ വ്യാപനത്തെ തടയാനും രോഗികൾക്ക് ആശ്വാസം നൽകാനും സഹായിക്കുന്ന ഉല്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കാണ് 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നത്. ഏഴ് ശതമാനം പലിശ നിരക്കിൽ ആണ് വായ്പ ലഭ്യമാക്കുക. ഓക്‌സിജൻ സിലിണ്ടർ, ഓക്‌സിജൻ ജനറേറ്റർ, ഓക്‌സിജൻ കോൺസെൻട്രേറ്റേർസ്, ലിക്വിഡ് ഓക്‌സിജൻ, വെന്റിലേറ്റർ, പൾസ് ഓക്‌സിമീറ്റർ, പോൾട്ടബിൾ എക്‌സറേ മെഷീൻ തുടങ്ങിയവയുടെ നിർമ്മാണത്തിനുളള യൂണിറ്റുകൾ സ്ഥാപിക്കാനാണ് വായ്പ.

ചെറുകിട-ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും സഹായിക്കുന്നതിന് 1000 കോടി രൂപയുടെ വെർച്വൽ ക്യാപിറ്റൽ ഫണ്ട് പ്രഖ്യാപിച്ചതാണ് ബജറ്റിൽ എടുത്തു പറയാനുള്ള മറ്റൊരു നേട്ടം.

ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും അതിവേഗ വളർച്ചയെ സഹായിക്കുന്നതിനായാണ് വെൻച്വർ കാപ്പിറ്റൽ ഫണ്ട് സ്ഥാപിക്കുന്നത്. കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി, കേരള സംസ്ഥാന സഹകരണ ബാങ്ക്, വാണിജ്യ ബാങ്കുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയും വിദേശ മലയാളികളുടെ നിക്ഷേപത്തിലൂടെയുമാണ് ഇതിനായി ഫണ്ട് സമാഹരിക്കുന്നത്. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് വെൻച്വൽ കാപ്പിറ്റൽ മേഖലയിലെ പരിചയസമ്പന്നരായ ആളുകളെ ഉൾപ്പെടുത്തി പ്രൊഫഷണൽ മാനേജ്‌മെന്റ് ടീമിന് രൂപം നൽകും. ഈ ഫണ്ട് രൂപവത്ക്കരിക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾക്ക് ഒരു കോടി രൂപ വകയിരുത്തുമെന്നും ബജറ്റിൽ പറയുന്നു.

അതേസമയം പ്രവാസി ക്ഷേമപദ്ധതികൾക്കുളള ബജറ്റ് വിഹിതം 170 കോടിയായി ഉയർത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് തിരികെ നാട്ടിലെത്തിയ തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും. ഇവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതിന് പ്രാപ്തരാക്കുന്നതിനുമുളള നോർക്ക സെൽഫ് എംപ്ലോയ്‌മെന്റ് സ്‌കീമിലൂടെ കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുളള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തിയിട്ടുണ്ടെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.

എം.എസ്.എം.ഇകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതാണ് ബജറ്റിൽ എടുത്തു പറയേണ്ട മറ്റൊന്ന്. നിലവിലുളള എം.എസ്.എം.ഇകൾക്ക് കുറഞ്ഞ നിരക്കിൽ അധിക പ്രവർത്തന മൂലധനവായ്പയും ടേം ലോണും ലഭ്യമാക്കും. ഇവയ്‌ക്കെല്ലാം കൂടി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പലിശ ഇളവ് നൽകുന്നതിനായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

അതേസമയം വ്യവസായ വകുപ്പ് നിലവിൽ നടപ്പിലാക്കി വരുന്ന സംരംഭകത്വ സഹായ പദ്ധതിയ്ക്ക് 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റുകൾക്ക് മാർജിൻ മണിയും പലിശ സഹായവും നൽകുന്നതിനുളള പദ്ധതിയ്ക്ക് 15 കോടി രൂപയും അധികമായി മന്ത്രി ബാലഗോപാൽ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *