കെഎഫ്‌സി (കെന്റക്കി ഫ്രൈഡ് ചിക്കന്‍) എന്ന ആഗോള ബ്രാന്‍ഡിന്റെ പിറവിയെക്കുറിച്ച് കൂടുതല്‍ അറിയാം

കെഎഫ്‌സി (കെന്റക്കി ഫ്രൈഡ് ചിക്കന്‍) എന്ന ആഗോള ബ്രാന്‍ഡിന്റെ പിറവിയെക്കുറിച്ച് കൂടുതല്‍ അറിയാം

ആഗോള റെസ്റ്റോറന്റ് ശൃംഖലയായ കെഎഫ്‌സിയുടെ പിറവിക്ക് പിന്നിലെ കഥ ഒരിക്കല്‍കൂടി വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് പ്രശസ്ത ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റും ബ്രഹ്‌മ ലേണിങ് സൊല്യൂഷന്‍സ് സിഇഒയുമായ എ.ആര്‍ രഞ്ജിത്ത്.

എ.ആര്‍ രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ലോകത്തെ ഏറ്റവും സമ്പന്നമായ റെസ്റ്റോറന്റ് ശൃംഖലകളില്‍ ഒന്നാണ് കെഎഫ്സി എന്ന കെന്റക്കി ഫ്രൈഡ് ചിക്കന്‍. 1952 സെപ്തംബര്‍ 24ന് കെ.എഫ്.സി ആരംഭിക്കുമ്പോള്‍ അതിന്റെ സ്ഥാപകന്‍ കേണല്‍ സാന്‍ഡേഴ്‌സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഹാര്‍ലണ്ട് ഡേവിഡ് സാന്‍ഡേഴ്‌സന് 65 വയസായിരുന്നു പ്രായം. അത് വരെ ജീവിതത്തില്‍ പരാജയം മാത്രമായിരുന്നു അദ്ദേഹത്തിന് കൂട്ട്. കേണല്‍ സാന്‍ഡേഴ്‌സിന്റെ അഞ്ചാം വയസിലാണ് അച്ഛന്‍ മരിക്കുന്നത്. ഫാക്ടറിയിലെ ജോലിക്കായി അമ്മ പോകുമ്പോള്‍, ഇളയ രണ്ടു സഹോദരന്മാരുടെ ചുമതല സാന്‍ഡേഴ്‌സനായിരുന്നു. ഈ സമയത്ത് പാചകത്തില്‍ നൈപുണ്യം നേടി അദ്ദേഹം എല്ലാവരെയും അമ്പരപ്പിച്ചു എന്നാണ് പറയപ്പെടുന്നത്.

തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് ഉപജീവനത്തിനായി പല ജോലികള്‍ ചെയ്തെങ്കിലും ഒന്നിലും വിജയം കണ്ടെത്താന്‍ സാന്‍ഡേഴ്‌സന് കഴിഞ്ഞില്ല. കുറേക്കാലം ബസ് കണ്ടക്ടറായും ഇന്‍ഷുറന്‍സ് ഏജന്റായും ഹോട്ടല്‍ ക്ലാര്‍ക്കായും ക്ലീനറായുമൊക്കെ ജോലികള്‍ ചെയ്തിരുന്നു. പിന്നീട് പലതരം ബിസിനസുകള്‍ നടത്തിനോക്കി. ഒന്നും വിജയം കണ്ടില്ല. കെന്റക്കിയിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് ഫ്രൈഡ് ചിക്കന്‍ തയാറാക്കുന്നതില്‍ തനിക്കുള്ള നൈപുണ്യം പരീക്ഷിക്കാന്‍ സാന്‍ഡേഴ്‌സന്‍ തീരുമാനിക്കുന്നത്. പെട്രോള്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കിടയിലും, വഴി യാത്രക്കാര്‍ക്കിടയിലും വളരെ പെട്ടെന്ന് തന്നെ ഫ്രൈഡ് ചിക്കന്‍ പ്രസിദ്ധമായി. ഹൈവേ വികസനത്തിന്റെ ഭാഗമായി സ്ഥാപനം പൊളിച്ചു നീക്കേണ്ടി വന്നതോടെ ആ ബിസിനസും അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ തോറ്റ് പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തന്റെ ബിസിനസിന് അനുയോജ്യമായ ഒരു പാര്‍ട്ണര്‍ഷിപ് തേടി അദ്ദേഹം പല വലിയ ഹോട്ടല്‍ ബിസിനസുകാരെയും സമീപിച്ചു.

പാര്‍ട്ണര്‍ഷിപ് തേടി അലയുന്നതിനിടയില്‍ സാന്‍ഡേഴ്സന്റെ പാചകത്തിലുള്ള കഴിവ് പരീക്ഷിക്കാന്‍ ഒരു ഹോട്ടലുടമ തയ്യാറായി. രഹസ്യക്കൂട്ട് ഉപയോഗിച്ചായിരുന്നു അദ്ദേഹം തന്റെ ചിക്കന്‍ വിഭവം തയ്യാറാക്കിയിരുന്നത്. വിഭവത്തിന്റെ സ്വാദ് കൂടുതല്‍ കൂടുതല്‍ ആളുകളെ ഹോട്ടലിലേക്ക് ആകര്‍ഷിച്ചു. പിന്നെ നടന്നത് ചരിത്രം. വെള്ള കോട്ടും കറുത്ത ടൈയും ധരിച്ചു പാചകം ചെയ്യുന്ന ഹാര്‍ലണ്ട് സാന്‍ഡേഴ്സനെ ആളുകള്‍ ‘കേണല്‍’ എന്ന് ഇരട്ടപ്പേരില്‍ വിളിക്കാന്‍ തുടങ്ങിയതും ഇക്കാലത്തായിരുന്നു. 1952 ലാണ് കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്ന പേരില്‍ ഒരു ബ്രാന്‍ഡ് ജനിക്കുന്നത്. പിന്നീട് പീറ്റ് ഹെര്‍മന്‍ എന്ന സുഹൃത്തിന് സാന്‍ഡേഴ്സന്‍ തന്റെ ഫ്രാഞ്ചൈസി നല്‍കി. 1963 ആയപ്പോഴേക്കും 600 ഔട്ട്ലെറ്റുകളോടു കൂടി കെ.എഫ്.സി, അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യശൃംഖലയായി മാറി. 18000 ല്‍ പരം ഔട്ട് ലെറ്റുകളാണ് ഇന്ന് ലോകമെമ്പാടുമായി കെഎഫ്സിക്ക് ഉള്ളത്. തളരാത്ത ആത്മവിശ്വാസവും വലിയ പ്രതീക്ഷയുമാണ് കേണല്‍ സാന്‍ഡേഴ്സനെ വിജയത്തിലെത്തിച്ചത്. ഈ കോവിഡ് കാലത്തും ഏത് പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നേറാന്‍ അദ്ദേഹത്തിന്റെ ജീവിതകഥ നമ്മളെ ഏറെ പ്രചോദിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

(കടപ്പാട് : facebook post of A R Ranjith)

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *