ശബ്‌ദങ്ങളുടെ ലോകമായ ക്ലബ് ഹൗസിന്റെ വിശേഷങ്ങള്‍ അറിയാം

ശബ്‌ദങ്ങളുടെ ലോകമായ ക്ലബ് ഹൗസിന്റെ വിശേഷങ്ങള്‍ അറിയാം

സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ് ക്ലബ്ഹൗസ്. 2020 മാര്‍ച്ചില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ തുടങ്ങിയ ആപ്പ് അമേരിക്കയില്‍ അതിവേഗമാണ് വന്‍ തരംഗമായത്. ആല്‍ഫ എക്‌സ്‌പ്ലൊറേഷന്‍ എന്ന കമ്പനി വഴി പോള്‍ ഡേവിസണ്‍, രോഹന്‍ സേത് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹ മാധ്യമ മൊബൈല്‍ ആപ്പാണ് ക്ലബ്ഹൗസ്.

ഈ വര്‍ഷം മെയ് മാസത്തില്‍ ആന്‍ഡ്രോയ്ഡില്‍ ആപ്പ് എത്തിയതോടെയാണ് കേരളത്തില്‍ ക്ലബ് ഹൗസ് ഇത്രയും ജനകീയമായത്. ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആദ്യം സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന ഇന്‍വിറ്റേഷന്‍ മുഖേന മാത്രം ജോയിന്‍ ചെയ്ത് ആപ്പ് ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ക്ലബ്ഹൗസ് ആപ്പിനെ അവതരിപ്പിച്ചിരുന്നത്.

‘ക്ലബ്ഹൗസ്: ഡ്രോപ്പ് ഇന്‍ ഓഡിയോ ചാറ്റ്’ എന്നാണ് ആപ്പിന് പേര് നല്‍കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന സമൂഹ മാധ്യമ ആപ്പാണിത്. സിനിമ, രാഷ്ട്രീയം, സംഗിതം തുടങ്ങി നിങ്ങളുടെ ഇഷ്ട മേഖല എന്തു തന്നെയായാലും ഇതിലെ വോയിസ് ചാറ്റ് റൂമുകള്‍ വഴി നടക്കുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാനും സംസാരിക്കാനും സാധിക്കും. ഒരേ സമയം 5000 പേര്‍ക്ക് വരെ ഒരു ചാറ്റ് റൂമില്‍ പങ്കെടുക്കാം. ഒരേ സമയം ലൈവായി സംഭവിക്കുന്ന ഏത് റൂമുകളിലേക്കും മാറി കയറാനും സാധിക്കും.

ആപ്പിലേക്ക് പ്രവേശനം ലഭിച്ചു കഴിഞ്ഞ് നിങ്ങള്‍ക്ക് ഇഷ്ടപെട്ട വിഷയങ്ങള്‍ ലഭിക്കുന്ന സ്‌ക്രീനില്‍ നിന്നും തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. അതിനു ശേഷം പ്രധാന സ്‌ക്രീനില്‍ നിങ്ങള്‍ക്ക് ആ വിഷയത്തില്‍ നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍ കാണാന്‍ സാധിക്കും. നിങ്ങള്‍ ഫോള്ളോ ചെയ്യുന്ന ആളുകള്‍ പങ്കെടുക്കുന്നതോ നടത്തുന്നതോ ആയ ചര്‍ച്ചകളും കാണാവുന്നതാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന ചാറ്റ് റൂമുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളതില്‍ കയറാനും എപ്പോള്‍ വേണമെങ്കില്‍ ഇറങ്ങി പോരാനും സാധിക്കും.

ആന്‍ഡ്രോയ്ഡ് ആപ്പില്‍ ചേരുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന പ്രൊഫൈല്‍ പേര് പിന്നീട് മാറ്റാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ഒരുതവണ മാറ്റാം. പ്രൊഫൈല്‍ പിക്ചര്‍ എത്രവേണമെങ്കിലും മാറ്റാന്‍ സാധിക്കും. വെര്‍ച്വല്‍ റൂമുകളില്‍, ഉപയോക്താക്കള്‍ക്ക് പങ്കെടുക്കുന്ന ആളുകളുടെ ഒരു ലിസ്റ്റ് കാണാനാകും, അവര്‍ മുറിയില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍, ഓഡിയോ സ്വിച്ച് ഓണ്‍ ചെയ്യുകയും അവര്‍ക്ക് സംഭാഷണം കേള്‍ക്കാനും കഴിയും.

ലോകത്തെവിടെയും ഉള്ളവരുമായി ശബ്ദരൂപത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാമെന്നതാണ് ക്ലബ് ഹൗസിന്റെ പ്രത്യേകത. മുന്‍കൂട്ടി പ്രഖ്യാപിച്ച് ചാറ്റ് റൂമുകള്‍ തുടങ്ങാനും സൗകര്യം ഉണ്ട്. ഇതിലൂടെ പ്രത്യേക വിഷയങ്ങളില്‍ സംസാരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇഷ്ടാനുസരണം ജോയിന്‍ ചെയ്യാനുമാകും. അതേസമയം ആപ്പിന്റെ സ്വകാര്യതയെ സംബന്ധിച്ചും പലര്‍ക്കും സംശയങ്ങളുണ്ട്. എങ്കിലും ശബ്ദങ്ങളുടെ ലോകമായ ക്ലബ് ഹൗസിന് മികച്ച സ്വീകാര്യതയാണ്
ലഭിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *